പത്ത്, പ്ലസ് ടു: ഡിസംബർ മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസ്; ജനുവരിക്കകം പഠിപ്പിച്ചുതീർക്കുക ലക്ഷ്യം

digital-class
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ 10, 12 ക്ലാസ് പാഠഭാഗങ്ങൾ ജനുവരിയിൽ പഠിപ്പിച്ചുതീർക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റൽ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഡിസംബർ മുതൽ കൂടുതൽ സമയം നീക്കിവയ്ക്കും.

ഡിസംബറിനകം പഠിപ്പിച്ചുതീർത്തു ജനുവരി മുതൽ റിവിഷൻ നടത്തുകയാണു പതിവു രീതി. എന്നാൽ കോവിഡ് മൂലം ഇത് അപ്രായോഗികമായി. 10,12 ക്ലാസുകാർക്ക് ഇപ്പോൾ പ്രതിദിനം ഒന്നര മണിക്കൂറിൽ 3 ക്ലാസുകളാണു നൽകുന്നത്. ഇത് ഇരട്ടിയെങ്കിലുമാക്കിയാലേ ജനുവരിയി‍ൽ പഠിപ്പിച്ചുതീർക്കാനാകൂ. പിറകിലായ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാകും ക്ലാസ് പുനഃക്രമീകരണം.

സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും കോവിഡ് നിയന്ത്രണവിധേയമായ ശേഷം തീരുമാനിക്കാമെന്നാണു സർക്കാരിന്റെ നിലപാട്. 

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയതിനാൽ 10,12 ക്ലാസുകാർക്കെങ്കിലും ജനുവരി മുതൽ സ്കൂളുകളിൽ ക്ലാസ് നടത്താനാവുമെന്നാണു പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനം വർധിച്ചാൽ ഈ കണക്കുകൂട്ടലും തെറ്റും.

തീരുമാനമാകാതെ പരീക്ഷ

വാർഷിക പരീക്ഷയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ മാർച്ചിലോ മേയിലോ മാത്രമേ പരീക്ഷ നടത്താനാകൂ. പ്രാക്ടിക്കൽ പരീക്ഷകൾ എങ്ങനെ നടത്തുമെന്ന പ്രശ്നവുമുണ്ട്. ഇതുവരെ പരീക്ഷകളൊന്നും നടക്കാത്തതിനാൽ വാ‍ർഷിക പരീക്ഷയ്ക്കു മുൻപ് മോഡൽ പരീക്ഷ നടത്തണമെന്ന നിർദേശവും പരിഗണനയിലുണ്ട്. മറ്റു ക്ലാസുകാർക്കു പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല.

English Summary: Kerala school digital classes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA