പത്തു ദിവസം മുൻപും പിബി പറഞ്ഞു: ആ നിയന്ത്രണം വേണ്ട

CPM-LDF
SHARE

ന്യൂഡൽഹി / തിരുവനന്തപുരം ∙ ‘ഡിജിറ്റൽ മാധ്യമങ്ങളെ സർക്കാർ നിയന്ത്രിക്കുന്നതിനെ എതിർക്കുന്നു’– ഈ മാസം 12നു സിപിഎം പൊളിറ്റ്ബ്യൂറോ ഇറക്കിയ പ്രസ്താവനയിലാണ് ഈ നിലപാടുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകളെയും വാർത്താ പോർട്ടലുകളെയും വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയുള്ള കേന്ദ്ര വിജ്ഞാപനത്തെ വിമർശിക്കുമ്പോഴാണ് ഇതു പറഞ്ഞത്. ഡിജിറ്റൽ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനു നിലവിലെ ഐടി നിയമമുൾപ്പെടെ പര്യാപ്തമാണെന്നും പിബി അന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര വിജ്ഞാപനം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്നും വിമർശിച്ചു.

പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പാർട്ടിയുടെ ഈ പ്രഖ്യാപിത നിലപാടിനു വിരുദ്ധമെന്നതിനാൽ മുന്നോട്ടു പോകാനാവില്ലെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഐടി നിയമത്തിലെ 66 എ വകുപ്പിനെതിരെ സീതാറാം യച്ചൂരി മുൻപു രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയമാണ് കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടിയ മറ്റൊരു സംഗതിയെന്ന് അറിയുന്നു. പ്രമേയം അന്നു പരാജയപ്പെട്ടെങ്കിലും പിന്നീട് ഈ വകുപ്പ് സുപ്രീം കോടതി തന്നെ റദ്ദാക്കി. 

പൊലീസിന് അമിതാധികാരം നൽകുന്നതിനോട് ഇടതുപക്ഷം എക്കാലവും പുലർത്താറുള്ള വിയോജിപ്പ് എന്തുകൊണ്ടു പരിഗണിച്ചില്ല എന്ന ചോദ്യമാണു സിപിഐ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്. ഭരണകൂടത്തിന്റെ മർദനോപാധിയാണു പൊലീസ് എന്നാണു മാർക്സിസ്റ്റ് വിശകലനം. അതേ മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാർ ഇത്തരം നിയമം കൊണ്ടുവരുന്നതിന്റെ വൈരുധ്യവും ചൂണ്ടിക്കാട്ടുന്നു.

നാളിതു വരെ നീതിപീഠം കേസ് പരിശോധിച്ച് കുറ്റം നിർണയിക്കുന്ന രീതിക്കു പകരം അതിനുളള വിവേചനാധികാരം പൊലീസിൽ നിക്ഷ്പിതമാക്കുന്നു. അത് ആധുനിക നിയമവാഴ്ച സംവിധാനത്തിലും നീതി നിർവഹണത്തിലും അപകടകരമായ വഴിത്തിരിവായി മാറിയേക്കുമെന്ന ആശങ്ക ശക്തമാണ്. പൊലീസ് സേനയുടെ കഴിഞ്ഞകാല ചരിത്രം അത്തരം ആശങ്കകൾ അസ്ഥാനത്തല്ലെന്നു രേഖപ്പെടുത്തുന്നു. വിപുലവും ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാൻ- ജനയുഗം മുഖപ്രസംഗം (ഒക്ടോബർ 26)

English Summary: Police law amendment, CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA