ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറിന്റെ പ്രളയമായിരിക്കുമെന്നു നിയമവിദഗ്ധർ. ഏതു വിനിമയോപാധിയിലൂടെയുള്ള ആശയവിനിമയവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലാണിത്. കോഗ്നിസിബിൾ വകുപ്പായതിനാൽ പരാതിയിന്മേൽ കാലതാമസം വരുത്താനും കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും സ്റ്റേഷനിലെത്താം.

അപകീർത്തിക്കു വിധേയനാകുന്നയാളുടെ വസ്തുവിനു ഹാനിയുണ്ടായാലും കേസെടുക്കാമെന്നതിനാൽ കമ്പനികൾക്ക് അവർക്കെതിരെ വരുന്ന പരാതികളെപ്പോലും അപകീർത്തിയുടെ പരിധിയിൽപ്പെടുത്താം. ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയാൽ അയാൾക്കോ അയാൾക്കു താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മനസ്സിനു വിഷമമുണ്ടായാലും കേസെടുക്കാമെന്ന വ്യവസ്ഥയും കേസുകൾ വർധിപ്പിക്കും.

കേരള പൊലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിനു സമാനമാണു പുതിയ നിയമവും. പ്രസ്‌താവന, അഭിപ്രായ പ്രകടനം, ഫോൺ വിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്‌തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ–മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണെന്നായിരുന്നു വ്യവസ്ഥ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു സുപ്രീം കോടതി കണ്ടെത്തി.

ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ടിലെ 66എ 2015ൽ സുപ്രീം കോടതി റദ്ദാക്കിയപ്പോൾ പറഞ്ഞതിങ്ങനെയായിരുന്നു:‘അലോസരപ്പെടുത്തുന്നത്, അസൗകര്യം സൃഷ്‌ടിക്കുന്നത്, ഗൗരവതരമായി പ്രകോപിപ്പിക്കുന്നത് തുടങ്ങിയ പദങ്ങൾ ഈ നിയമത്തിൽ പ്രയോഗിച്ചിരിക്കുന്നതു തികച്ചും അവ്യക്‌തമാണ്. എന്താണു കുറ്റകൃത്യം എന്നു നിർവചിക്കാൻ നിയമത്തിനോ കുറ്റാരോപണത്തിനു വിധേയരായവർക്കു തന്നെയോ കഴിയാത്ത സ്‌ഥിതിയാണ്. ഒരു വ്യക്‌തിക്കു കുറ്റകരമാണ് എന്നു തോന്നുന്നതു മറ്റൊരാൾക്കു കുറ്റകരമാവണമെന്നില്ല. നിയമം ദുരുപയോഗം ചെയ്യില്ല എന്ന സർക്കാരിന്റെ ഉറപ്പുകൊണ്ട് ഒരു കാര്യവുമില്ല. സർക്കാരുകൾ വരും, പോകും. മാറിമാറി വരുന്ന സർക്കാരുകൾക്കു വേണ്ടി എങ്ങനെയാണ് ഇപ്പോഴത്തെ സർക്കാരിന് ഉറപ്പു നൽകാനാവുക?’66എയിൽ കോടതി പരിഗണിച്ച പ്രശ്നങ്ങൾ പുതിയ ഭേദഗതിയിലും അവശേഷിക്കുകയാണ്.

തീർത്തും അശ്രദ്ധവും അവ്യക്തവുമായിട്ടാണു പുതിയ നിയമം എഴുതിച്ചേർത്തിരിക്കുന്നത്. ഈ നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. മനസ്സിനു വിഷമമുണ്ടാക്കിയാൽ വരെ നടപടിയുണ്ടാകുമെന്നാണു നിയമത്തിലുള്ളത്. എന്തു മാജിക്കിലൂടെയാണു പൊലീസ് ഒരാളുടെ മനസ്സിന്റെ വിഷമം അളക്കുകയെന്ന് ഇനിയും മനസ്സിലായിട്ടില്ല- ബി.ജി ഹരീന്ദ്രനാഥ്, മുൻ നിയമസെക്രട്ടറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com