ADVERTISEMENT

കൊച്ചി∙ കോട്ടയം ജില്ലയിലെ 3 മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടർച്ചയായി മരണങ്ങളുണ്ടായതിന്റെ സത്യാവസ്ഥ കണ്ടെത്താൻ നിയമാനുസൃതം ഫലപ്രദമായ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കുകയും കൃത്യമായ ഇടവേളകളിൽ അവലോകന യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തുകയും വേണം. ഒരു വർഷമോ, അല്ലെങ്കിൽ പൊലീസ് മേധാവി നിശ്ചയിക്കുന്ന കാലപരിധിയിലോ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. 

ഇതുമായി ബന്ധപ്പെട്ടു കറുകച്ചാൽ, ചങ്ങനാശേരി, ചിങ്ങവനം, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 10 കേസുകളിൽ ഫലപ്രദമായ അന്വേഷണം നടത്താനാണു നിർദേശം. കേസുകളിലെല്ലാം തുടരന്വേഷണം നടത്തുന്നുണ്ടെന്നും ചങ്ങനാശേരി ഡിവൈഎസ്പിയെ ഏൽപിച്ചെന്നും എസ്പി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. 

കറുകച്ചാലിലെ സഞ്ജീവനി, കുറിച്ചിയിലെ ജീവൻജ്യോതി റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളുടെ മേലധികാരികൾ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. പൊലീസിന് ആവശ്യമെങ്കിൽ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടാം. അന്വേഷണത്തെക്കുറിച്ചു ഹർജിക്കാർക്കു പരാതികളുണ്ടായാൽ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം. പൊലീസ് അതു പരിഗണിച്ചു നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. 

2020 മാർച്ചിൽ ഈ മേഖലയിലെ ഏതാനും മാനസികാരോഗ്യകേന്ദ്രങ്ങളിൽ അന്തേവാസികൾ പെട്ടെന്നു മരണപ്പെട്ടിരുന്നു. അന്തേവാസികൾക്കു നൽകിയ ഒരു പ്രത്യേക മരുന്നിനു പ്രശ്നമുണ്ടോ എന്നു സംശയമുണ്ടെന്നും സർക്കാർ ലബോറട്ടറിയിൽ മരുന്ന് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഹർജിക്കാർ ആരോപിച്ചു. മരുന്നിന്റെ ടോക്സിസിറ്റി പരിശോധനയ്ക്കുള്ള സൗകര്യം കേരളത്തിലെ ലാബുകളിലില്ലെന്നും ഉചിതമായ സ്ഥലത്തു പരിശോധനയ്ക്കു വിടുമെന്നും സർക്കാർ അറിയിച്ചു.

മൊത്തവിതരണക്കാരിൽ നിന്നല്ല, സ്ഥാപനങ്ങളിൽ നിന്നുള്ള സാംപിൾ പരിശോധിക്കണമെന്നു ഹർജിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം നിയമോപദേശം തേടിയ ശേഷം അന്വേഷകർ തീരുമാനിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. ടോക്സിസിറ്റി പരിശോധനയ്ക്കുള്ള സൗകര്യം എവിടെയുണ്ടെന്ന് അന്വേഷകർ നോക്കണം. സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കു ബെംഗളൂരുവിലെ ലാബിൽ നടത്തിയ ടെസ്റ്റിന്റെ ഫലവും പരിശോധിക്കാവുന്നതാണെന്നു കോടതി പറഞ്ഞു.

English Summary: High Court asks to investigate death in mental health centres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com