ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻപ്രകാരം അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ അട്ടിമറിയും അന്തർനാടകവും ആരോപിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ പത്രക്കുറിപ്പു കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നു പിൻവലിച്ചു. 

സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംസ്ഥാന പ്രസിഡന്റും കേരള ബാർ കൗൺസിൽ ചെയർമാനുമായ കെ.പി.ജയചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ബി.സ്വാമിനാഥൻ എന്നിവരുടെ പേരിൽ തയാറാക്കിയ പത്രക്കുറിപ്പാണു മാധ്യമങ്ങൾക്കു നൽകാതെ സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയിൽ മാത്രം ചർച്ചചെയ്യാൻ പ്രസിദ്ധീകരിച്ചത്. 

കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നടിയെ ഉപദ്രവിച്ച കേസ് അട്ടിമറിക്കാൻ ഒരു എംഎൽഎ ശ്രമം നടത്തിയതായും സംഘടന ആരോപിക്കുന്നുണ്ട്. പ്രതിയായ നടൻ, എംഎൽഎ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോൺവിളികൾ പരിശോധിക്കണം. വിചാരണ പൂർത്തിയാക്കും മുൻപു രാജിവച്ച സ്പെഷൽ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐഎഎൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ഇതിനെ സംഘടനയിൽ അംഗങ്ങളായ പ്രോസിക്യൂട്ടർമാർ എതിർത്തു.

സംഘടന ഉന്നയിക്കുന്ന ആരോപണങ്ങൾ

∙ കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ ഭരണ, പ്രതിപക്ഷ കേന്ദ്രങ്ങളിലെ ‘ഹെവി വെയ്റ്റുകൾ’ ശ്രമിച്ചു. 

∙ പ്രതിയായ നടന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തി കൂറുമാറാൻ അവസരം നൽകി. 

∙ കോടതിയിൽ നിന്നു നീതി ലഭിക്കില്ലെന്നു പ്രോസിക്യൂഷനു തോന്നിയിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഇക്കാര്യം മേൽകോടതിയെ അറിയിക്കേണ്ടതായിരുന്നു. 

∙ പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ചു കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടത്. 

∙ ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോടു ചോദിക്കേണ്ടതായ ചോദ്യങ്ങൾക്കു നിയമം തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ അത്തരം ചോദ്യങ്ങൾ കോടതി അനുവദിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. 

∙ മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും ഇദ്ദേഹത്തെ അടിക്കടി വിദേശത്തു പോകാൻ അനുവദിച്ചതും നിയമവൃത്തങ്ങളിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. 

∙ കേസ് അട്ടിമറിക്കാൻ ദുബായിൽ ഗൂഢാലോചന നടന്നു. അതിൽ പ്രതിപക്ഷ നേതാക്കളും പങ്കാളികളായി. 

∙ ക്രിമിനൽ കേസുകൾ വിജയകരമായി നടത്തി കഴിവു തെളിയിച്ച പ്രോസിക്യൂഷൻ ടീമിനെയാണ് ഈ കേസിലേക്കു നിയോഗിക്കേണ്ടിയിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com