ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു വിജിലൻസ് നീക്കം. എന്നാൽ കൂടിയാലോചനകൾക്കു ശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അവധിയിലുള്ള സുധേഷ് കുമാർ ഉടൻ തിരിച്ചെത്തണമെന്നു സർക്കാരും ആവശ്യപ്പെട്ടു.

റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവ‍ർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു വിജിലൻസിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ മന്ത്രി തോമസ് ഐസക്കിന്റെയും വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കീഴിലാണ്. റെയ്ഡിൽ ഗൂഢാലോചന നടന്നെന്നു മുതിർന്ന സിപിഎം നേതാക്കൾ തന്നെ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പു കാലത്തു പ്രതിപക്ഷത്തിനു സർക്കാരിനെ വിമർശിക്കാൻ ആയുധം നൽകിയെന്നും വിലയിരുത്തലുണ്ടായി. 

ഇതോടെയാണ്, തുടർനടപടി ഉടൻ വേണ്ടെന്ന തീരുമാനത്തിൽ വിജിലൻസ് എത്തിയത്. വിജിലൻസ് ഡയറക്ടർ അവധിയിൽ പോയപ്പോൾ ഐജി എച്ച്. വെങ്കിടേഷിനായിരുന്നു ചുമതല. റെയ്ഡിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അതൃപ്തരാണെന്നാണു സൂചന. 

സിപിഎം ചർച്ചയ്ക്ക്

തിരുവനന്തപുരം ∙ റെയ്ഡ് വിവാദം എത്രയും വേഗം ചർച്ചയ്ക്കെടുക്കാൻ സിപിഎം തീരുമാനം. ഒരുപക്ഷേ, ഇന്നു തന്നെ അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് ചർച്ച നടത്തും. 

മന്ത്രി തോമസ് ഐസക്കിനു പിന്നാലെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ഇന്നലെ റെയ്ഡിനെതിരെ രംഗത്തെത്തി. എ.വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയായ ശേഷം തുടർച്ചയായി രണ്ടാമത്തെ വിഷയത്തിലാണു പാർട്ടിയിൽ പരസ്യ വിമർശനം ഉയരുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ആഭ്യന്തര വകുപ്പ് വിവാദങ്ങളുടെ പ്രഭവകേന്ദ്രമാകുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.

36 ശാഖകളിലും ഇന്ന് ആഭ്യന്തര ഓഡിറ്റ് 

തിരുവനന്തപുരം ∙ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയ 36 ശാഖകളിലും ധന വകുപ്പിന്റെ നിർദേശപ്രകാരം ഇന്ന് അടിയന്തര ആഭ്യന്തര ഓഡിറ്റ്. മൊത്തം 40 ഓഫിസുകളിലായിരുന്നു റെയ്ഡ്. 

ആരുടെ വട്ടാണെന്ന് റിപ്പോർട്ട് വരുമ്പോൾ അറിയാം: ഐസക്

ആലപ്പുഴ ∙ ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തുമ്പോഴുള്ള മിനിമം ഔചിത്യബോധം വിജിലൻസ് കാണിച്ചില്ലെന്നും സിഎജി റിപ്പോർട്ടിലുള്ള കാര്യങ്ങൾ മാത്രമേ വിജിലൻസിന്റെ കണ്ടെത്തലിൽ ഉള്ളൂവെന്നും മന്ത്രി തോമസ് ഐസക്. വിജിലൻസ് പരിശോധന ആരുടെ വട്ടാണെന്ന് റിപ്പോർട്ട് വരുമ്പോൾ അറിയാം. വിജിലൻസിന് എന്തുകൊണ്ട് വീഴ്ചയുണ്ടായെന്നു ബന്ധപ്പെട്ടവർ അന്വേഷിക്കും. വിജിലൻസിന് തെറ്റുപറ്റിയാൽ തിരുത്താനുമറിയാം. മുഖ്യമന്ത്രിയുടെ അറിവോടെയാണോ റെയ്ഡ് എന്ന ചോദ്യത്തിനു മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. 

പ്രതികരണം‌  ചർച്ചയ്ക്കു ശേഷം: വിജയരാഘവൻ

തൃശൂർ ∙ കെഎസ്ഫ്ഇ വിജിലൻസ് റെയ്ഡ‍ിനെക്കുറിച്ചു പാർട്ടിതലത്തിൽ ചർച്ചയ്ക്കു ശേഷം പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കെഎസ്എഫ്ഇ നല്ല നിലയിൽ നടക്കുന്ന സ്ഥാപനമാണ്. ആവശ്യമായ പരിശോധനകളും നിയന്ത്രണങ്ങള‍ുമൊക്കെ നിലവിലുള്ളതാണ്. വിജിലൻസ് പരിശോധനയെപ്പറ്റി  പാർട്ടി ചർച്ച നടന്നിട്ടില്ല. ചർച്ചയ്ക്കു ശേഷം പ്രതികരിക്കും – വിജയരാഘവൻ പറഞ്ഞു. 

∙ റെയ്ഡിൽ ഗൂഢാലോചനയുണ്ട്. ആരുടെ പരാതിയിലാണു പരിശോധനയെന്നു സർക്കാർ വ്യക്തമാക്കണം. റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയാണെന്നു സംശയിക്കണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കാനാണു ശ്രമം. ഇതിന്റെ പ്രത്യാഘാതം വിജിലൻസ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലേ?

- ആനത്തലവട്ടം ആനന്ദൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com