ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമോപദേശം തേടി. 

യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കടത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. കള്ളക്കടത്തു സ്വർണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ 9 മുതൽ എൻഐഎ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണക്കടത്തിനു പണം മുടക്കിയതിന്റെ പേരിൽ കേസിൽ പ്രതികളായവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിലാണു സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താൻ നിയമോപദേശം തേടിയത്. ഇന്നു കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. മുഖമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിൽ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുകയോ എൻഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുകയോ ആണ് അതിനുള്ള വഴികൾ.

രവീന്ദ്രന് നോട്ടിസ് ഉടൻ

 മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകില്ല. ഈ മാസം 6നും 27നും നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ കോവിഡ് ബാധയുടെ പേരിൽ നടന്നില്ല. അടുത്ത തീയതി അറിയിച്ച് ഇഡി ഇന്നോ നാളെയോ നോട്ടിസ് കൈമാറും. രവീന്ദ്രന്റെ സമ്പാദ്യം സംബന്ധിച്ച ഇഡിയുടെ പ്രാഥമിക അന്വേഷണം പൂർത്തിയായി. ചോദ്യം ചെയ്യലിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ തുടരുമെന്നാണു സൂചന.  സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, ശിവശങ്കർ എന്നിവർക്കു പുറമേ, ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബെംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും രവീന്ദ്രന്റെ പേരു പരാമർശിച്ചതായി സൂചനയുണ്ട്. 

സ്വർണക്കടത്ത്: ചോദ്യം ചെയ്യൽ ഇന്നു പൂർത്തിയാകും

കൊച്ചി ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതു പൂർത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളർ വിദേശത്തേക്കു കടത്തിയ കേസിൽ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്.

കോൺസുലേറ്റിലെ മുൻ ജീവനക്കാരിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ∙ യുഎഇ കോൺസുലേറ്റിലെ അസി.ഫിനാൻഷ്യൽ ഓഫിസറായിരുന്ന മലയാളി ജീവനക്കാരിയെ കസ്റ്റംസ് 2 ദിവസമായി ചോദ്യം ചെയ്യുന്നു. ഫിനാൻസ് ഓഫിസറായിരുന്ന ഇൗജിപ്ത് പൗരൻ ഖാലിദിന്റെ സഹായിയായിരുന്നു. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് 2019ൽ ഖാലിദിനെ പുറത്താക്കുന്നതിനു തൊട്ടുമുൻപ് ഇവർ രാജിവച്ചു.

ഖാലിദിനെ പുറത്താക്കിയ ശേഷമാണു സാമ്പത്തിക ക്രമക്കേടിനു സ്വപ്നയെ പുറത്താക്കിയത്. സ്വപ്നയുടെയും ഖാലിദിന്റെയും ഇടപാടുകൾ ഇൗ ജീവനക്കാരിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കൊച്ചിയിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചിട്ടും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കാണാൻ ഇവർ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com