ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിനെതിരെ രണ്ടാം ദിവസവും മന്ത്രി തോമസ് ഐസക് രംഗത്തെത്തിയെങ്കിൽ, മന്ത്രിയെക്കാൾ കടുത്ത ഭാഷയിലാണു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ആഞ്ഞടിച്ചത്. സമീപകാല വിവാദങ്ങളിലെല്ലാം ചാനൽ ചർച്ചകളിൽ പാർട്ടിയെ ന്യായീകരിച്ചിരുന്ന മുതിർന്ന നേതാവാണ് ആനത്തലവട്ടം. 

മുഖ്യമന്ത്രിയുടെയോ വിജിലൻസിന്റെയോ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പറയാനുള്ളത് എന്താണെന്നാകും പാർട്ടി പരിശോധിക്കുക. എതിർപ്പു പരസ്യമാക്കിയ ഐസക് പാർട്ടിയെയും തന്റെ വികാരം അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്. 

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ റെയ്ഡ് നടന്നതായി നേതാക്കൾ വിലയിരുത്തുന്നില്ല. എന്നാൽ, പൊലീസിൽ രാഷ്ട്രീയ നിയന്ത്രണം ചോർന്നോ എന്നതാണു ചോദ്യം. പരാതികളുടെ അടിസ്ഥാനത്തിൽ പല സ്ഥാപനങ്ങളിലും നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായാണു കെഎസ്എഫ്ഇയിലും പരിശോധന നടന്നതെന്നു വിജിലൻസ് കേന്ദ്രങ്ങൾ പറയുന്നു. മന്ത്രി തന്നെ അതിനെതിരെ ആഞ്ഞടിക്കുമെന്ന് അവരും കരുതിയില്ല. 

പൊലീസ് നിയമഭേദഗതി പൊല്ലാപ്പായതിനു പിന്നാലെയാണ് വിജിലൻസ് റെയ്ഡ് പാർട്ടിയിൽ ഭിന്നതയുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ആധിപത്യത്തിനെതിരെ സ്വരമുയരുന്നതിന്റെ സൂചനയാണിതെന്നു വ്യാഖ്യാനമുണ്ടെങ്കിലും പാ‍ർട്ടി കേന്ദ്രങ്ങൾ നിരാകരിക്കുന്നു. രണ്ടു സംഭവങ്ങളും യാദൃച്ഛികമായി അടുത്തടുത്തു വന്നുവെന്നു കരുതിയാൽ മതിയെന്നാണു നേതാക്കൾ പറയുന്നത്. വിജിലൻസിനെ പരസ്യമായി കയ്യൊഴിയാനും സിപിഎമ്മിനു ബുദ്ധിമുട്ടുണ്ട്. 

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നെന്നു ചൂണ്ടിക്കാട്ടി തെരുവിൽ സമരം നടത്തുന്നതിനിടയിലാണു സ്വന്തം അന്വേഷണ ഏജൻസി തിരി‍ഞ്ഞുകൊത്തിയത്. സർക്കാരിന്റെ അഴിമതികൾ സംസ്ഥാന ഏജൻസികളും കണ്ടെത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ ചൊരിഞ്ഞ അഭിനന്ദനം പൊള്ളിക്കുന്നതു സിപിഎമ്മിനെയാണ്.  

വിജിലൻസിന്റെ രീതി ശരിയല്ല: ഐസക്

ആലപ്പുഴ ∙ പൊതുമേഖലാ സ്ഥാപനമായ കെഎസ്‍എഫ്ഇയിൽ ഏത് ഏജൻസിക്കു വേണമെങ്കിലും പരിശോധന നടത്താമെന്നും പക്ഷേ, അത് വിജിലൻസ് ചെയ്ത രീതിയിലല്ല വേണ്ടതെന്നും മന്ത്രി തോമസ് ഐസക്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നവിധത്തിലും ഇടപാടുകാരിൽ ആശങ്കയുണ്ടാക്കുന്നവിധത്തിലും കാര്യങ്ങൾ പോകാൻ പാടില്ല. കെഎസ്എഫ്ഇയിലെ ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഏതോ കേന്ദ്രങ്ങൾ ചമയ്ക്കുന്ന വാർത്തകളാണു മാധ്യമങ്ങളിൽ വരുന്നത്. അതേപ്പറ്റി സർക്കാർ അന്വേഷിക്കും. മാധ്യമങ്ങളിലൂടെയല്ല വിജിലൻസിന്റെ അന്വേഷണവും റിപ്പോർട്ടും വരേണ്ടത്. ശരിയായ മാർഗത്തിൽ റിപ്പോർട്ട് വരുമ്പോൾ സർക്കാർ പരിശോധിക്കും. ധനവകുപ്പിനെ ആരു ലക്ഷ്യമിട്ടാലും പേടിയില്ല. നിയമസഭയിൽ പാസാക്കിയ പദ്ധതികൾക്കു പണം നൽകാനില്ലെങ്കിലോ പാവങ്ങൾക്കു പെൻഷൻ നൽകാനില്ലെങ്കിലോ മാത്രം പേടിച്ചാൽ മതി. കേരളത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപക്ഷ നേതാവിനു ചിന്തയുണ്ടെങ്കിൽ കെഎസ്എഫ്ഇ പോലെയുള്ള ധനകാര്യ സ്ഥാപനത്തെ റോഡിലിട്ട് വലിച്ചിഴയ്ക്കുമ്പോൾ ഇതൊക്കെ മനസ്സിൽ വയ്ക്കുന്നതു നല്ലതാണ്. 

ഡൽഹിയിൽ അധികാരമുണ്ടെന്നു കരുതി ഇഡി അന്വേഷണത്തിന്റെ പേരു പറഞ്ഞ് ബിജെപി പേടിപ്പിക്കാൻ നോക്കേണ്ട. കെ.സുരേന്ദ്രൻ വാ പോയ വാക്കത്തിയാണെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com