ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്കു തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രത്യേക തപാൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നതിനുള്ള ആദ്യ പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കാനായില്ല. ഡിസംബർ 8നു വോട്ടെടുപ്പ് നടക്കേണ്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ലിസ്റ്റാണ് ഇന്നലെ അതതു ജില്ലാ കലക്ടർമാർ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. 

പട്ടികയിൽ ഉൾപ്പെടുത്താവുന്നവരുടെ എണ്ണം മാത്രം ഇടുക്കിയിലും കൊല്ലത്തും തയാറായി. ഇടുക്കിയിൽ 4853 പേരും കൊല്ലത്തു 7867 പേരും ചികിത്സയിലോ ക്വാറന്റീനിലോ ആണ്. തിരുവനന്തപുരത്തു മൂവായിരത്തിൽപരം പേരുടെ കണക്കു ലഭ്യമായി. പൂർണമായ കണക്ക് ഇന്നേ തയാറാകുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും കണക്കുകൾ ലഭ്യമല്ല. 

ഇന്നലെ ഞായറാഴ്ചയായതിനാലാണ് പട്ടിക പൂർണമാകാത്തതെന്നാണ് ആരോഗ്യ, കലക്ടറേറ്റ് ഉദ്യോഗസ്ഥരുടെ നിലപാട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ അവധിദിവസങ്ങളിലും പ്രവർത്തിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. 

പട്ടിക പുതുക്കുമ്പോൾ പ്രശ്നപരിഹാരം

അധികസമ്മർദത്തിലാക്കിയുള്ള നടപടികളാണ് ഇപ്പോഴത്തേതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. വോട്ടെടുപ്പിനു തലേന്നു 3 മണി വരെ ചികിത്സയിലോ ക്വാറന്റീനിലോ ഉള്ളവരുടെ പട്ടിക തയാറാക്കാൻ പ്രയാസമാകും. അടുത്ത ദിവസങ്ങളിൽ പട്ടിക പുതുക്കുമ്പോൾ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com