ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 8 തദ്ദേശസ്ഥാപനങ്ങൾ ഒഴികെയുള്ളവയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21നു നടക്കും. ഭരണസമിതിയുടെ 5 വർഷത്തെ കാലാവധി കഴിഞ്ഞമാസം 11നും ഈ മാസം 20നും ഇടയ്ക്ക് അവസാനിക്കുന്ന 1191 സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് അന്നു നടക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം സർക്കാർ സർക്കുലർ ഇറക്കി. ഇതു കഴിഞ്ഞു കാലാവധി പൂർത്തിയാകുന്ന മലപ്പുറം ജില്ലയിലെ 8 തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 22 മുതൽ ഫെബ്രുവരി 1 വരെ വിവിധ തീയതികളിലാവും. സ്ഥാപനവും സത്യപ്രതിജ്ഞാ തീയതിയും: 

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 22, ചോക്കോട് ഗ്രാമപ്പഞ്ചായത്ത് 26, തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ജനുവരി 16, മംഗലം, വെട്ടം, തിരുനാവായ, മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകൾ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഫെബ്രുവരി 1.

ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് അതതു വരണാധികാരികളാണ്. ഒന്നിൽ കൂടുതൽ വരണാധികാരികളുള്ള മുനിസിപ്പാലിറ്റികളിൽ പ്രത്യേകം നിയോഗിക്കപ്പെട്ട വരണാധികാരിയായിരിക്കും ഇതു നിർവഹിക്കുക. കോർപറേഷനുകളിൽ കലക്ടർമാരും. 

ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. മറ്റ് അംഗങ്ങൾക്ക് ഇദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

സമയം 10, 11.30; തുടർന്ന് യോഗം

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 മണിക്കും കോർപറേഷനുകളിൽ 11.30നുമാണു സത്യപ്രതിജ്ഞ. ഇതിനു ശേഷം, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ  ചേരണം. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന അറിയിപ്പ് വായിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com