ADVERTISEMENT

കട്ടിയുണ്ടെങ്കിലും ഒടിയില്ല; കാറ്റിൽ അൽപം വളയും – റബർ മരത്തിന്റെ ഈ സവിശേഷത കോട്ടയത്തെ രാഷ്ട്രീയത്തിലും കാണാം. കോട്ടയത്തുകാരുടെ രാഷ്ട്രീയം കടുകട്ടിയാണ്. എന്നാൽ ആവശ്യം നോക്കി അങ്ങോട്ടോ ഇങ്ങോട്ടോ വളയാൻ മടിക്കില്ല. ഇത്തവണ കോട്ടയം എങ്ങോട്ടു വളയും എന്നു കേരളം ഉറ്റുനോക്കുന്നു. യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഇതിലെ വിളവിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിത്തുണ്ട്.

  എല്ലാവർക്കും ജയിക്കണം

‘ജയിച്ചേ തീരൂ’ എന്നാണ് എല്ലാവരുടെയും മുദ്രാവാക്യം. കാരണമുണ്ട്. കേരള കോൺഗ്രസ് (എം) പോയാലും യുഡിഎഫ് കോട്ട തകരില്ലെന്നു കോൺഗ്രസിനു തെളിയിക്കണം. ജോസ് പക്ഷം പോയെങ്കിലും ജോസഫ് വിഭാഗം യു‍ഡിഎഫിലുണ്ട്. നേട്ടമുണ്ടാക്കിയാൽ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നു ജോസഫ് വിഭാഗത്തിനു തെളിയിക്കാം.

‘നോക്കൗട്ട്’ റൗണ്ടിലാണു കേരള കോൺഗ്രസ് (എം). ഈ തിരഞ്ഞെടുപ്പു ഫലം പാർട്ടിയുടെ രാഷ്ട്രീയഭാവി തീരുമാനിക്കും. ജോസ് പക്ഷത്തിന്റെ സഹായത്തോടെ മധ്യതിരുവിതാംകൂർ പിടിച്ചെടുക്കാമെന്നു ഘടകകക്ഷികൾക്കു നൽകിയ വാക്ക് സിപിഎമ്മിനും തെളിയിക്കണം.

സീറ്റു വിഭജനത്തിൽ ഇരുമുന്നണികളിലും തർക്കമുണ്ടായി. സിപിഎമ്മിന്റെ കർക്കശ സ്വഭാവം കേരള കോൺഗ്രസ് (എം) പ്രാദേശിക നേതാക്കൾക്കു രുചിക്കുന്നില്ല; അവരുടെ സമീപനം സിപിഎമ്മിനും. കേരള കോൺഗ്രസിന് (എം) കൂടുതൽ സീറ്റ് നൽകിയതിൽ സിപിഐക്കു മുറുമുറുപ്പുണ്ട്.

രാഷ്ട്രീയത്തിൽ മാത്രമല്ല മുന്നണികളിലും പി.സി. ജോർജ് ഇത്തവണ ഒറ്റയാനാണ്. 

പൂഞ്ഞാറും സമീപ മേഖലകളും കേന്ദ്രീകരിച്ചാണു പോരാട്ടം. നയിക്കുന്നത് മകൻ ഷോൺ. എൻഡിഎയെ നയിക്കുന്ന ബിജെപി, സ്വാധീനമേഖലകളിൽ ശക്തമായ പോരാട്ടം നടത്തുന്നു.

  ചതിച്ചതാര്?

യുഡിഎഫിന്റെ പരമ്പരാഗത കോട്ടയാണു കോട്ടയം. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫിനു മേൽക്കയ്യുണ്ട്. ലോക്സഭാ മണ്ഡലങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ മുന്നിൽ. 38 വർഷം യുഡിഎഫിന് ഒപ്പം നിന്ന കേരള കോൺഗ്രസിന് (എം) ഈ നേട്ടത്തിൽ പങ്കുണ്ട്.

സ്ഥിരം വിഷയങ്ങൾക്കു പുറമേ ‘ചതി’ ഈ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാണ്. ബാർ കോഴക്കേസിൽ കോൺഗ്രസ് ചതിച്ചെന്നു ജോസ് പക്ഷം ആരോപിക്കുന്നു. യുഡിഎഫിനെ ജോസ് പക്ഷം ചതിച്ചെന്നു കോൺഗ്രസും ആരോപിക്കുന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതിലെ തർക്കമാണു കേരള കോൺഗ്രസിലെ (എം) പിളർപ്പിനു കാരണം. ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാൻ ജീവന്മരണ പോരാട്ടം നടക്കുന്നു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂന്നിയാണ് എൻഡിഎയുടെ പ്രചാരണം.

തിരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെയും ഓർത്തഡോക്സ് സഭയുടെയും നിലപാടു നിർണായകമാകും. കൃഷിയും രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങളിൽ ചങ്ങനാശേരി രൂപത നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. 

തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു ജോസ് പക്ഷം എൽഡിഎഫിലെത്തിയത്. അതോടെ മിക്ക ഭരണസമിതികളും ന്യൂനപക്ഷമായി. എന്നാൽ ഭരണമാറ്റം നടന്നില്ല. ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ കോട്ടയുടെ കണക്കുകൾ പുറത്തുവരും.

English Summary: Kottayam Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com