ADVERTISEMENT

തിരുവനന്തപുരം ജില്ലാ കവാടത്തിൽ ഒരു ബോർഡ് തൂക്കിയാൽ അതിൽ ഏറ്റവും ഇണങ്ങുന്ന സ്വാഗത വചനം ‘ആരും അന്യരല്ല’ എന്നതായിരിക്കും. ആരെയും ആലിംഗനം ചെയ്തു വരവേറ്റ് ‘ത്വിര്വോന്തരക്കാർ’ ആക്കിമാറ്റുന്നതാണ് ഈ നാടിന്റെ പ്രകൃതം.

രാഷ്ട്രീയത്തിലും സ്ഥിതി വ്യത്യസ്തമല്ല; ഇവിടെ ആരും അന്യരല്ല. ഭംഗിവാക്കല്ല, കണക്കുകളും വസ്തുതകളും അതു വ്യക്തമാക്കും. ജില്ലയിലെ 2 ലോക്സഭാ സീറ്റുകളായ തിരുവനന്തപുരവും ആറ്റിങ്ങലും യുഡിഎഫിനൊപ്പം. നിയമസഭയിലെ 14ൽ പത്തു സീറ്റിലും എൽഡിഎഫ്. ബാക്കി നാലിൽ ഒന്നു നേമം, കേരളത്തിൽ താമര വിരിഞ്ഞ ഏക നിയമസഭാ സീറ്റ്. ഭൂരിപക്ഷമില്ലാതെയും എൽഡിഎഫ് ഭരിക്കുന്ന കോർപറേഷനിൽ മുഖ്യപ്രതിപക്ഷം ബിജെപി.

3 മുന്നണികൾക്കും അടിത്തറയും വിഹിതവും ഉള്ളതിനാൽ കോർപറേഷൻ മുതൽ ഗ്രാമപ്പഞ്ചായത്തു വരെ ശക്തമായ ത്രികോണമത്സരം ഇതു പോലെ മറ്റൊരു ജില്ലയിലും ഉണ്ടാകില്ല. നാട്ടുകാരുടെ ഭാഷയിൽ ‘നല്ല ഞെരിപ്പു പോരു തന്നെ അണ്ണാ.’

ഇന്ദിരാ ഭവനും എകെജി സെന്ററും മാരാർജി ഭവനും ഏറിയാൽ 3 കിലോമീറ്ററിന്റെ ചുറ്റുവട്ടത്താണ്. പക്ഷേ, രാഷ്ട്രീയം മാത്രമാണോ വോട്ടിൽ പഥ്യം എന്നു ചോദിച്ചാൽ അങ്ങനെയല്ല. ഉദ്ദിഷ്ടകാര്യത്തിനായി ഒറ്റ നടപ്പിനിടെ പലരും പാളയം കത്തീഡ്രലിനും ജുമാ മസ്ജിദിനും ഗണപതി ക്ഷേത്രത്തിനും മുന്നിൽ ഒരു നിമിഷം പ്രാർഥിച്ചേക്കും. പക്ഷേ, പോളിങ് ബൂത്തിൽ എത്തുമ്പോൾ സ്ഥാനാർഥിയുടെ ജാതിയും മതവും സമുദായവും കുടുംബപശ്ചാത്തലം വരെയും വിശദമായി ഗണിക്കും. തിരഞ്ഞെടുപ്പുഫലം സംബന്ധിച്ചു തിരുവനന്തപുരത്തെ പാർട്ടിതല കണക്കുകൾ തുടർച്ചയായി തെറ്റിയപ്പോൾ സിപിഎം കണ്ടെത്തിയ ന്യായം ഇങ്ങനെ: ‘ഈ നാട്ടുകാരുടെ മനസ്സിലുള്ളതു വല്ലതും പുറത്തു കാണുമോ!’ 

 ചെറുപ്പക്കാരുടെ ഉശിര്

കോർപറേഷൻ ഭരിക്കുന്ന എൽഡിഎഫും എൻഡിഎയും തമ്മിലാണു മത്സരം എന്ന് ഈ മുന്നണികൾ പറയുമ്പോൾ യുഡിഎഫുകാർ തിരിച്ചടിക്കുന്നു – ‘ശരിയാണ്, ബോർഡുകളുടെ എണ്ണത്തിലായിരിക്കും.’ വനിതാ മേയറെ കാത്തിരിക്കുന്ന കോർപറേഷനിൽ ആരു ജയിച്ചാലും കൗൺസിലർമാരിൽ വലിയ പങ്ക് 30 വയസ്സിൽ താഴെയുള്ള ‘പയലുകളാ’യിരിക്കും.

ജില്ലാ പഞ്ചായത്തും നിലനിർത്താൻ ശ്രമിക്കുന്ന എൽഡിഎഫിന് ഒരുപിടി ചെറുപ്പക്കാരെ ഇറക്കി യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു.

 കോർപറേഷനിൽ പാർട്ടി ജില്ലാ പ്രസിഡന്റിനെയും ജില്ലാ പഞ്ചായത്തിലെ ഏക സിറ്റിങ് ഡിവിഷനിൽ സംസ്ഥാന സെക്രട്ടറിയായ മുൻ ജില്ലാ പ്രസിഡന്റിനെയും രംഗത്തിറക്കി ഗൗരവം വിളിച്ചോതുന്നു ബിജെപി. എല്ലാ മുനിസിപ്പാലിറ്റികളിലും ഭരണം കയ്യാളുന്ന എൽഡിഎഫിന്, നാലിടത്തും കടുത്ത ത്രികോണ മത്സരത്തെ അതിജീവിക്കേണ്ടി വരും. 

ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് – എൽഡിഎഫ് മത്സരമാണെങ്കിലും 2015ൽ 4 പഞ്ചായത്തും 6 ബ്ലോക്ക് ഡിവിഷനും ജയിച്ച ബിജെപി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. ജില്ലാ പഞ്ചായത്തിൽ ഒഴികെ മുന്നണികൾക്ക് അപര–റിബൽ ശല്യമുണ്ട്.

ക്ഷേമ പ്രതീക്ഷ, വിവാദ നോട്ടം

എം.ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജന്മനാടു കൂടിയായ ജില്ലയിൽ രാഷ്ട്രീയമായി കത്തിക്കാളുന്നതു സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വൻ വിവാദങ്ങൾ തന്നെ. കോവിഡ് എന്ന ദുരിതകാലം താണ്ടിയതിന്റെ അനുഭവങ്ങൾ തീരദേശത്തിന്റെ തീരുമാനങ്ങളിൽ പ്രതിഫലിക്കുമെന്നു കരുതുന്നവരുണ്ട്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും എടുത്തു കാട്ടുന്ന വികസന നേട്ടങ്ങളിലും ക്ഷേമ സമ്മാനങ്ങളിലുമാണ് എൽഡിഎഫ് പ്രത്യാശ പുലർത്തുന്നത്. ഇരു മുന്നണികൾക്കും എതിരെ വിധിയെഴുതി തിരുവനന്തപുരം മാതൃക കാട്ടും എന്ന മോഹത്തിൽ ബിജെപിയും. ചരിത്രത്തിന്റെ ഈടുവയ്പുകളും രാഷ്ട്രീയ കൂട്ടപ്പൊരിച്ചിലുകളും ദൈനംദിന ജീവിതസമസ്യകളും ഇഴപിരിഞ്ഞു കിടക്കുന്ന ഈ നാടിന്റെ വോട്ടു രാശി മു‍ൻകൂട്ടി പറയുക അസാധ്യം.

വസന്തത്തിൽആരു വിരിയും?

വെള്ളത്തിലെ താമരയും കരയിലെ റോസാപ്പൂവും ലോകത്ത് എവിടെയെങ്കിലും മത്സരിക്കുന്നു എങ്കിൽ അതും തിരുവനന്തപുരത്താകും. കോർപറേഷനിലെ 70 വാർഡുകൾ തിരഞ്ഞെടുത്ത് താമര വിരിയിക്കാനുള്ള അക്ഷീണ യജ്ഞത്തിൽ ആയിരുന്ന ബിജെപിക്കു സാധ്യതയുള്ള 11 വാർഡുകളിൽ അപരന്മാർക്കു ചിഹ്നമായി കിട്ടിയതു താമരയോടു സാദൃശ്യമുള്ള റോസാപ്പൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com