ADVERTISEMENT

ജനാധിപത്യത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള തിര‍ഞ്ഞെടുപ്പാണു തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്നത്. സ്വന്തം നാട്ടിൽപോലും നിൽ‌ക്കാൻ സാധിക്കാത്ത വരുന്ന ഒരു ജനസമൂഹം ഇതിനിടയിലുണ്ട്. പലർക്കും വോട്ടവകാശം പോലും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ട്രാൻസ്ജെൻഡർ, ട്രാൻസ്‌സെക്‌ഷ്വൽ വിഭാഗത്തിന്റെ പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ലയ മരിയ ജയ്സൺ, അഭവ്യ ശങ്കരി, ലക്ഷ്മി ആദർ‍ശ് മോഹൻ, അവന്തിക വിഷ്ണു, രഞ്ജു മോൾ മോഹൻ  എന്നിവർ ‘മനോരമ’യ്ക്കൊപ്പം. 

നാട്ടിലെ തിരഞ്ഞെടുപ്പ്; നാട്ടിൽ നിൽക്കാൻ സാധിച്ചില്ലെങ്കിലോ.. 

∙ ലയ: സ്വന്തം നാട്ടിൽ നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഞങ്ങളിൽ പലരും നേരിടുന്നുണ്ട്. സമൂഹത്തിൽ വേണ്ടത്ര അവബോധമില്ലാത്തതാണു കാരണം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ ഇതു മൂലം സാധിക്കാതെ വരുന്നു. 

∙ അഭവ്യ: നാട്ടിൽ നിൽക്കാൻ സാധിക്കാത്ത പ്രശ്നം ഇപ്പോഴും നേരിടുന്നുണ്ട്. പലരും ഐഡന്റിറ്റി വെളിപ്പെടുത്താൻ മടി കാണിക്കുന്നുണ്ട്. 

∙ ലക്ഷ്മി:  പ്രായമായവർ ഇപ്പോഴും ഇതൊരു രോഗമായാണു കാണുന്നത്. ഞങ്ങളുടെ കാലത്ത് ഈ രോഗമൊന്നുമില്ല എന്നാണ് അവർ പറയുന്നത്. 

∙ അവന്തിക: എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സമയത്ത് നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഇപ്പോൾ വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്താണ്. ഇവിടെ പ്രശ്നങ്ങളില്ല. നാട്ടിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ അതതു പ്രാദേശിക ഭരണകൂടത്തിന് ഇടപെടാൻ സാധിക്കും. 

∙ രഞ്ജു: തെരുവിൽ കിടക്കേണ്ടി വന്ന വ്യക്തിയാണു ഞാൻ. 2015ൽ സർക്കാരിന്റെ ട്രാൻസ്ജെൻഡർ പോളിസിയും സുപ്രീം കോടതി വിധിയും ഒക്കെയാണു കുറച്ചൊക്കെ മാറ്റങ്ങൾ കൊണ്ടു വന്നത്. 

തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സംവരണം ആവശ്യമോ? 

∙ ലയ: ന്യൂനപക്ഷമാണു ട്രാൻസ്ജെൻഡർ സമൂഹം. സംവരണം ഏർപ്പെടുത്തുന്നതു കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കും. 

∙ അഭവ്യ: റിസർവേഷൻ എന്ന വാക്ക് മൊഴിമാറ്റിയപ്പോൾ സംവരണം എന്നാണു വന്നത്. അതു തന്നെ ശരിയല്ല. പ്രാതിനിധ്യം ഉറപ്പാക്കലാണ് ശരി. 

∙ ലക്ഷ്മി: അവസരം ലഭിച്ചാൽ ട്രാൻസ്ജെൻഡർ സമൂഹം അതു മികച്ച രീതിയിൽ ഉപയോഗപ്പെടുത്തും. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെ പേർ ഞങ്ങളുടെ സമൂഹത്തിലുണ്ട്. 

∙ അവന്തിക: ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അതേ സമൂഹത്തിനേ സാധിക്കൂ. 

∙ രഞ്ജു: സാധാരണക്കാരുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കാൻ ഞങ്ങളുടെ സമൂഹത്തിനു സാധിക്കും.

സ്ഥാനാർഥി ആയാൽ പ്രകടന പത്രികയിലെ പ്രധാന അജൻഡ ?

∙ ലയ: തുല്യനീതിയാണ് ഉൾപ്പെടുത്താൻ ആദ്യം ശ്രമിക്കുന്നത്. എല്ലാവരെയും അംഗീകരിക്കുന്ന വികസന മാർഗത്തിനായി ശ്രമിക്കും. അതിൽ ജാതി, വർഗം, വർണം തുടങ്ങി ഒരു വേർതിരിവും ഉണ്ടാകാൻ പാടില്ല. 

∙ അഭവ്യ: റോഡുകൾ നന്നാക്കും, വീതി കൂട്ടും എന്നതാണ് പ്രധാന അ‍ജൻഡ.  ഇപ്പോൾ ഒരു സ്ഥലത്തും ഞങ്ങളുടെ മുഖമില്ല. പത്ത് ആളുകൾ കാണുന്ന ജോലി നോക്കാൻ സാധിക്കണം. പോസ്റ്ററുകൾ അപ്പാടെ മാറ്റും. ആണും പെണ്ണും മാത്രമല്ല. ഞങ്ങളുടെ മുഖവും അതിൽ വരണം. 

∙ ലക്ഷ്മി: എന്റെ നാടായ കല്ലറ കൃഷി അടിസ്ഥാനമായ പ്രദേശമാണ്. ആയുർവേദ സസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതി തയാറാക്കി ഞാൻ നേരത്തേ സമർപ്പിച്ചിരുന്നു. ജൈവകൃഷി പ്രോത്സാഹനം പ്രധാന അജൻഡയാണ്. 

∙ അവന്തിക: അവശത അനുഭവിക്കുന്ന സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുകയെന്നതു പ്രധാന വിഷയമാക്കും.

∙ രഞ്ജു: അടിസ്ഥാന പ്രശ്നങ്ങളായ വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ ഉറപ്പാക്കാനുള്ള നടപടികളുണ്ടാകും. വിശപ്പിന്റെ വില എനിക്കു നന്നായി അറിയാം. 

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർ‍ഥികളുടെ എണ്ണം കൂടുമോ ?

∙ ലയ: അടുത്ത തിരഞ്ഞെടുപ്പിൽ നൂറോളം പേർ എത്തുമെന്നാണു വിശ്വാസം. 

∙ അഭവ്യ: പാർട്ടികളിൽത്തന്നെ മാറ്റങ്ങൾ കാണുന്നുണ്ട്. പാർട്ടി പ്രവർത്തനം പക്ഷേ, ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കൂട്ടായ്മകൾ പലപ്പോഴും നഷ്ടമാക്കുന്നുണ്ട്. 

∙ ലക്ഷ്മി: ഇത്തവണത്തേത് ടെസ്റ്റ് ഡോസാണ്. ഒന്നോ രണ്ടോ പേർ ഇറങ്ങിയാൽ പിന്നാലെ എത്താൻ കൂടുതൽപേർ വരും.

∙ അവന്തിക: അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽത്തന്നെ മാറ്റങ്ങളുണ്ടാകും. ഞാൻ അടക്കം മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. 

∙ രഞ്ജു:  അടുത്ത തിരഞ്ഞെടുപ്പിൽമാറ്റമുണ്ടാകും. പലരും വിവിധ പാർട്ടികളിലെ അംഗത്വങ്ങളിലേക്ക് എത്തുന്നുണ്ട്.

ചർച്ചയിൽ പങ്കെടുത്തവർ

ലയ മരിയ ജയ്സൺ

ചങ്ങനാശേരി വാഴപ്പള്ളിയിൽ വീട്. വാഴപ്പള്ളി പഞ്ചായത്തിലാണു വോട്ട്. തിരുവനന്തപുരത്ത് സിഡിറ്റിൽ കണ്ടന്റ് ക്രിയേറ്റർ ആയി ജോലി നോക്കുന്നു. 

അഭവ്യ ശങ്കരി 

കോട്ടയത്തു നിന്നുള്ള അഭവ്യ ശങ്കരി എറണാകുളം കാക്കനാട്ട് സ്വകാര്യ ടെലികോം കമ്പനിയിലാണു ജോലി നോക്കുന്നത്.

ലക്ഷ്മി ആദർ‍ശ് മോഹൻ

കോട്ടയത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ധ്വനി ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റിയാണ്. കല്ലറയിലാണു വീട്. 

അവന്തിക വിഷ്ണു

പാലാ സ്വദേശിനിയായ അവന്തിക വിവാഹ ശേഷം തിരുവനന്തപുരത്താണു താമസം. കോട്ടയം സിഎംഎസ് കോളജിൽ കഴിഞ്ഞ വർഷം ഡിഗ്രിക്ക് അഡ്മിഷൻ നേടിയതു സമൂഹ ശ്രദ്ധയിൽ എത്തിയിരുന്നു. 

രഞ്ജു മോൾ മോഹൻ

കോട്ടയത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ധ്വനി ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയാണ്. കടുത്തുരുത്തി പഞ്ചായത്തിലെ വോട്ടറാണ്.

English Summary: Transgender community on local body election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com