ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി താമസസ്ഥലത്തും ആശുപത്രിയിലും എത്തി ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തുന്ന നടപടികൾക്ക് ഇന്നു തുടക്കമാകും. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായി തപാൽ ബാലറ്റ് വിതരണവും ഇന്നാരംഭിക്കും. 

ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യപട്ടികയിൽ നവംബർ 30 വരെ മുപ്പതിനായിരത്തോളം പേരാണ് ഇടംപിടിച്ചത്. കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമാണു പ്രത്യേക വോട്ടർമാർ. ഇവർക്കായി തപാൽ ബാലറ്റ് വിതരണം ചെയ്യാൻ ആയിരത്തി അഞ്ഞൂറോളം പോളിങ് ഉദ്യോഗസ്ഥരുടെ സംഘം പിപിഇ കിറ്റ് ഉൾപ്പെടെ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് ഇന്നുമുതൽ പുറപ്പെടും. 

ജില്ലാ മെഡിക്കൽ ഓഫിസർമാർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ നിന്നാണു പ്രത്യേക വോട്ടർമാരുടെ പട്ടിക തയാറാക്കുന്നത്. പട്ടിക 7നു വൈകിട്ടു 3 വരെ പുതുക്കും. 

പട്ടികയിൽ ഉൾപ്പെട്ടവർ വോട്ടെടുപ്പിനു മുൻപു കോവിഡ് മുക്തരായാലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയാലും തപാൽ വോട്ടു മാത്രമേ ചെയ്യാനാകൂ. പോളിങ് ബൂത്തിലെ ഓഫിസർമാരുടെ കൈവശമുള്ള പട്ടികയിൽ ഇവരുടെ പേരുകൾക്കു നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കും എന്നതിനാൽ നേരിട്ടു ചെന്ന് വോട്ടു ചെയ്യാനാകില്ല. മറ്റു ജില്ലകളിൽ ക്വാറന്റീനിലോ ചികിത്സയിലോ കഴിയുന്നവരുടെ പട്ടികയും വരുംദിവസങ്ങളിൽ ആരോഗ്യവകുപ്പു കലക്ടർമാർക്കു കൈമാറും. 

ഈ പട്ടികയിലുള്ളവർക്കു വരണാധികാരികൾ തപാൽ ബാലറ്റ് അയച്ചുകൊടുക്കും. അവർക്കു സമീപ പിഎച്ച്എസികളിലെ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രത്തോടെ വോട്ടു രേഖപ്പെടുത്തി തിരികെ അയയ്ക്കാം. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടാതെ പോകുന്ന കോവിഡ് പോസിറ്റീവുകാരോ ക്വാറന്റീനിൽ കഴിയുന്നവരോ ഉണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‍സൈറ്റിൽ നിന്നു പ്രത്യേക അപേക്ഷോഫോം ഡൗൺലോഡ് ചെയ്ത് പ്രത്യേക തപാൽ ബാലറ്റിനായി അപേക്ഷിക്കാം. തപാൽ ബാലറ്റിനായി ഉദ്യോഗസ്ഥർ ഫോം 15ൽ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്.

പ്രത്യേക വോട്ടർമാരെ  മുൻകൂട്ടി അറിയിക്കണം

കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്കുള്ള പ്രത്യേക തപാൽ വോട്ട് വിതരണത്തിന്റെ സമയം അവരെ എസ്എംഎസ് അല്ലെങ്കിൽ ഫോൺ മുഖേന മുൻകൂട്ടി അറിയിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ബന്ധപ്പെട്ട സ്ഥാനാർഥികളെയും അറിയിക്കണം. സ്പെഷൽ പോളിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണു ബാലറ്റുകൾ വിതരണം ചെയ്യുന്നത്. 

ബാലറ്റ് ലഭിക്കുമ്പോൾ തന്നെ വോട്ടു രേഖപ്പെടുത്തി പോളിങ് ടീമിനു കൈമാറാം. അല്ലെങ്കിൽ തപാലിലൂടെയോ ആൾവശമോ വരണാധികാരിക്ക് എത്തിക്കാം.

ഒറ്റദിനം കൊണ്ട് 5000 പേർ കൂടി

പ്രത്യേക വോട്ടർമാരുടെ ആദ്യഘട്ട പട്ടികയിൽ ഒരു ദിവസം കൊണ്ട് അയ്യായിരത്തിലേറെ പേരുടെ വർധന. പട്ടിക തയാറാക്കിയ നവംബർ 29ന് 24,621 പേരാണ് ഉണ്ടായിരുന്നത്. 30ന് 5351 പേർ കൂടി എത്തി.

ഇതോടെ ആകെ 29,972. 30ന് പട്ടികയിൽ ഉൾപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കോവിഡ് പോസിറ്റീവ്, ക്വാറന്റീൻ, ആകെ പ്രത്യേക വോട്ടർമാരുടെ കണക്ക് എന്ന ക്രമത്തിൽ ചുവടെ: തിരുവനന്തപുരം: 599, 1639, 2238. കൊല്ലം: 282, 805, 1087. പത്തനംതിട്ട: 157, 654, 811. ആലപ്പുഴ: 186, 713, 899. ഇടുക്കി: 45, 271, 316. ആകെ: 1269, 4082, 5351.

ആദ്യഘട്ടത്തിൽ 1722 പ്രശ്ന ബൂത്തുകൾ

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ നടക്കുന്ന 5 ജില്ലകളിൽ 1722 പ്രശ്നബാധിത ബൂത്തുകൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 8നാണു തിരഞ്ഞെടുപ്പ്. പൊലീസ് ജില്ലകളിലെ പ്രശ്ന ബൂത്തുകളുടെ കണക്ക്: തിരുവനന്തപുരം സിറ്റി: 264, തിരുവനന്തപുരം റൂറൽ: 253, കൊല്ലം: 249, കൊല്ലം റൂറൽ: 216, പത്തനംതിട്ട: 194, ആലപ്പുഴ: 349, ഇടുക്കി: 197.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com