ADVERTISEMENT

പാലക്കാട് ∙ ‘നിന്റെ താലിക്ക് വെറും 90 ദിവസത്തെ ആയുസ്സ്. മകളുടെ മുഖത്ത് നോക്കി അവളുടെ അച്ഛൻ പറഞ്ഞ വാക്കാണ്. അതും പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയിട്ട്. എസ്ഐ സാറിന്റെ മുന്നിൽ വച്ച് അവൾക്ക് അവനൊപ്പം ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെയാവട്ടെ എന്ന് സമ്മതിച്ചിട്ടാണ് പുറത്തിറങ്ങി ഇങ്ങനെ പറഞ്ഞത്. ഞങ്ങൾ പാവങ്ങളാണ്, അവരോട് മൽസരിക്കാൻ പണമില്ല, പദവിയില്ല. ജാതി പ്രശ്നമായിരുന്നു അവർക്ക്..’കണ്ണീരോടെ കൊല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറഞ്ഞു.

palakkad-murder
കൊല്ലപ്പെട്ട അനീഷ്, പ്രഭുകുമാർ, സുരേഷ്

കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകൻ അനീഷ് (അപ്പു–27) ആണു വെട്ടേറ്റു മരിച്ചത്. ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ (43), അമ്മാവൻ സുരേഷ്കുമാർ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്നായിരുന്നു സംഭവം. താലിക്കു 90 ദിവസത്തിലേറെ ആയുസ്സില്ലെന്നു മകളെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അനീഷിന്റെ കുടുംബം ആരേ‍ാപിച്ചു. പ്രണയവിവാഹം മൂന്നാം മാസത്തിലേക്ക് എത്തുന്നതിന്റെ തലേന്നാണ് ഹരിതയ്ക്ക് ഭർത്താവ് അനീഷിനെ നഷ്ടമായത്.

വ്യത്യസ്ത ജാതികളിൽപ്പെട്ട അനീഷും ഹരിതയും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. സാമ്പത്തിക അന്തരവും പ്രതികളുടെ വൈരാഗ്യത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമാണ്. വീട്ടുകാർ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്.

മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയിൽ പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തിയിരുന്നു. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാർ അന്നു പറഞ്ഞതെന്നു പൊലീസ് അറിയിച്ചു. എന്നാൽ പിന്നീടും അനീഷിനെ ഭീഷണിപ്പെടുത്തിയതായി അച്ഛൻ അറുമുഖൻ പറഞ്ഞു. ഡിസംബർ 8 നു മദ്യപിച്ചെത്തിയ സുരേഷ്കുമാർ മെ‍‍ാബൈൽ ഫേ‍ാൺ തട്ടിയെടുത്തതായി ഹരിത പെ‍ാലീസി‍ൽ പരാതിപ്പെട്ടിരുന്നു.

25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹേ‍ാദരൻ അരുണിനെ‍ാപ്പം കടയിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്കുമാറും ഇരുമ്പുദണ്ഡുകെ‍ാണ്ടു തലയിലടിക്കുകയും കത്തി കെ‍ാണ്ടു കുത്തുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.

അന്നു കെവിൻ...

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്നു കോടതി വിശേഷിപ്പിച്ച കെവിൻ വധം 2018 ലായിരുന്നു. കോട്ടയം സ്വദേശി കെവിൻ പി. ജോസഫ് കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം തട്ടിക്കൊണ്ടുപോയി പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ പിതാവ് ചാക്കോയെ വിട്ടയച്ചെങ്കിലും സഹോദരൻ സാനു അടക്കം 10 പ്രതികൾക്കു സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. അപ്പീലിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നു.

∙ ഭീഷണിപ്പെടുത്തിയിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. കൊല ചെയ്തവർക്ക് കടുത്ത ശിക്ഷ കിട്ടണം. അതിനു വേണ്ടിയാണ് ഇനിയെന്റെ ജീവിതം.

-ഹരിത (അനീഷിന്റെ ഭാര്യ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com