ADVERTISEMENT

മലപ്പുറം ∙ കേരള പര്യടന വേദിയിൽ സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ മറുപടി പറയുന്നതിനിടെയാണ് സഭാ തർക്ക വിഷയം ഉന്നയിച്ച ഓർത്തഡോക്സ് മലബാർ ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കുര്യൻ താഴയിലിനെ സദസ്സിലിരുത്തി വിമർശിച്ചത്.

വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിച്ചപ്പോഴൊക്കെ ഓർത്തഡോക്സ് സഭ അതിനോട് നിസ്സഹകരിക്കുകയായിരുന്നു എന്ന നിലയിലാണ് പരാമർശങ്ങളുണ്ടായത്. പ്രശ്നപരിഹാരത്തിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചപ്പോൾ സഭാ പ്രതിനിധികൾ വരാൻ തയാറായില്ല. തിരുവസ്ത്രമിട്ടവർ അതിനു നിരക്കാത്ത രീതിയിൽ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടാണ് സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസ് കൊണ്ടുവന്നത്. ഓർത്തഡോക്സ് വിഭാഗത്തിന് 3 കുടുംബങ്ങൾ മാത്രം ഉള്ള പള്ളിയടക്കം വിട്ടുകിട്ടണമെന്നത് സർക്കാരിന് പരിഗണിക്കാനാവില്ല.

ഇരുകൂട്ടരും അംഗീകരിക്കുന്ന മറ്റു സഭാ പ്രതിനിധികളെ മധ്യസ്ഥരായി ഉൾപ്പെടുത്താമെന്ന നിർദേശവും ഇരുകൂട്ടരും പരസ്പരം സംസാരിക്കട്ടെയെന്ന നിർദേശവും പരിഗണിക്കപ്പെട്ടില്ല. പരസ്പരം സംസാരിക്കാനുള്ള തീയതിയെങ്കിലും നിശ്ചയിക്കണമെന്ന് പറഞ്ഞപ്പോഴും പ്രതികരണമുണ്ടായില്ല. എങ്കിലും, തർക്ക പരിഹാരത്തിന് വഴി അടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാമർശങ്ങൾക്കിടെ ഫാ. തോമസ് കുര്യൻ ഇടപെടാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിലക്കി. ചടങ്ങിനു ശേഷം സദസ്സിൽതന്നെ സഭാ സെക്രട്ടറി ഇക്കാര്യത്തിൽ രോഷം പ്രകടിപ്പിച്ചു. സഭാ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച തുടങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. 

English Summary: Chief Minister criticizes Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com