ADVERTISEMENT

തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ സഭാ തർക്കത്തിൽ ഇടപെടുന്നതിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു കരുതുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടുന്നതു നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും, ചിലയിടത്തെ തർക്കം ക്രമസമാധാന പ്രശ്നം വരെയായി. കേരള പര്യടനത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്‌ലിം ലീഗിനെ സ്ഥിരമായി വിമർശിക്കുന്നതിനേക്കുറിച്ചു ചോദിച്ചപ്പോൾ അതു ചർച്ച ചെയ്തു കഴിഞ്ഞ വിഷയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായുള്ള ചർച്ചകൾക്കു ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ പങ്കെടുപ്പിക്കാത്തത് അവർ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കാൻ പറ്റുന്നവരല്ല എന്നതുകൊണ്ടാണ്.

സിനിമാ തിയറ്ററുകൾ തുറക്കുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നു പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. സത്യൻ അന്തിക്കാടാണു പ്രശ്നം ഉന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനവും ഗുണനിലവാരവുമാണ് ഇനി വിദ്യാഭ്യാസ രംഗത്തു പരിഗണിക്കേണ്ട പ്രശ്നമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

പി. ചിത്രൻ നമ്പൂതിരിപ്പാട്, ആർച്ച് ബിഷപ് ഡോ. മാർ അപ്രേം യൂഹനോൻ മാർ മിലിത്തിയോസ്, സത്യൻ അന്തിക്കാട്, പെരുവനം കുട്ടൻമാരാർ, കേരള ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഫൈസൽ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷണമുണ്ടായിരുന്നെങ്കിലും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളിലായിരുന്നെന്നും ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതം കാട്ടുന്നു: ഓർത്തഡോക്സ് സഭ

കോട്ടയം ∙ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നതു ഖേദകരമാണെന്നും പദവിക്കു നിരക്കാത്ത പക്ഷപാതമാണ് അദ്ദേഹം കാണിച്ചതെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്.  

സഭാതർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ ഒറ്റക്കെട്ടായി ചെറുക്കും. ഒരു സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ മറ്റു സഭകൾ ഇടപെടുന്ന ശൈലി ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അതിനും വഴിയൊരുക്കി. ഓർത്തഡോക്‌സ് സഭയുടെ വീഴ്ചകൾ എന്ന നിലയിൽ അദ്ദേഹം മലപ്പുറത്തു നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മാർ ദിയസ്കോറസ് പറഞ്ഞു. 

വിശ്വാസികളുടെ ഭൂരിപക്ഷം നോക്കി കോടതിവിധികൾ നടപ്പാക്കുന്ന ശൈലി സഭാതർക്കത്തിനു മാത്രം ബാധകമായിട്ടുള്ളതാണോ? മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സഭ  സന്തോഷത്തോടെയാണു സഹകരിച്ചത്. എന്നാൽ കോടതിവിധിയിലൂടെ സഭയ്ക്കു ലഭിച്ച എല്ലാ അവകാശങ്ങളും താമസിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ഉപാധി മാത്രമായി യാക്കോബായ സഭ അതിനെ കണ്ട സാഹചര്യത്തിലാണു ചർച്ചകൾ വഴിമുട്ടിയത്. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചകളെക്കുറിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി സത്യവിരുദ്ധമായ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ മുതിരുകയും ചെയ്തു. ഇക്കാര്യം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം ചർച്ചകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയതായി സുന്നഹദോസ് സെക്രട്ടറി പറഞ്ഞു.

മലങ്കര സഭാതർക്കം സംബന്ധിച്ചു കോടതി വിധി അംഗീകരിച്ചു നടപ്പാക്കുകയല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കേണ്ടതില്ല എന്നു സുപ്രീംകോടതി തന്നെ നിർദേശിക്കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് ചർച്ചയ്ക്കു സഭ തയാറായി എന്ന വസ്തുതയ്ക്കു നേരെ കണ്ണടച്ചതു നിർഭാഗ്യകരമാണെന്നു യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.

സഭാംഗങ്ങളിൽ ആരുടെയും സംസ്‌കാരം  സഭ തടഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ആദരപൂർവ്വം സംസ്‌ക്കരിക്കുന്നതിന്  ഒരുക്കമായിരുന്നു. നിയമപരമായി ചുമതലയുള്ള വികാരിയുടെ സാന്നിദ്ധ്യത്തിലാവണം  എന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com