ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചിയിലും പാലക്കാട്ടും വോട്ടെടുപ്പിനിടെ തർക്കം, നെടുമങ്ങാട്ട് സിപിഐയെ തോൽപിച്ച് സിപിഎം, ആലപ്പുഴയിൽ സിപിഎം തീരുമാനിച്ച അധ്യക്ഷ സ്ഥാനാർഥിക്കെതിരെ അണികളുടെ പ്രകടനം – കോർപറേഷൻ, നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് സംഭവബഹുലം.

കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് മേയറായ തൃശൂർ ഉൾപ്പെടെ 5 കോർപറേഷനുകളും എൽഡിഎഫ് തന്നെ നേടി; യുഡിഎഫിനു കണ്ണൂർ മാത്രം. നഗരസഭകളിൽ എൽഡിഎഫ് 43, യുഡിഎഫ് 41, എൻഡിഎ 2.

Local-body-governance-JPG

യുഡിഎഫ് നേടിയെന്നു കരുതിയ തൊടുപുഴ നഗരസഭ, കോൺഗ്രസ് വിമതനെ അധ്യക്ഷനാക്കിയും മുസ്‌ലിം ലീഗ് സ്വതന്ത്രയെ ഉപാധ്യക്ഷയാക്കിയും എൽഡിഎഫ് നേടി. യുഡിഎഫിനൊപ്പമെന്നു തലേന്നു രാത്രി വരെ കരുതിയിരുന്ന കോൺഗ്രസ് വിമതനാണു ചെയർപഴ്സനായത്. 35 അംഗ കൗൺസിലിൽ 2 സീറ്റ് മാത്രമുള്ള ജോസഫ് വിഭാഗത്തിന് അധ്യക്ഷ പദവി കൊടുക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് പ്രവർത്തകർക്കും ലീഗിനും അതൃപ്തിയുണ്ടായിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്കെതിരെ സിപിഎം സ്വന്തം സ്ഥാനാർഥിയെ നിർത്തി ജയിപ്പിച്ചെങ്കിലും പിന്നീടു രാജിക്കു നിർദേശിച്ചു. മുൻപു സിപിഎം വിട്ടയാളെ സിപിഐ സ്ഥാനാർഥിയാക്കിയതാണു മത്സരത്തിനു കാരണമായത്. സിപിഎമ്മിന് 24 സീറ്റും സിപിഐയ്ക്കു 3 സീറ്റുമാണുള്ളത്. വെവ്വേറെ മത്സരിച്ചതോടെ സിപിഐ നാലാമതായി. മുന്നണി മര്യാദ ലംഘിച്ചതായി സിപിഐ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടത്.

കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ട് ചെയ്ത രണ്ടു പേർ, വോട്ട് അസാധുവാക്കിയ അംഗം എന്നിവരിൽ നിന്നു മുസ്‌ലിം ലീഗ് നേതൃത്വം രാജിക്കത്ത് എഴുതിവാങ്ങി. കഴിഞ്ഞയാഴ്ച ഇവിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെടുകയും ലീഗ് പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തത്. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണു 2 പേർ എൽഡിഎഫിന് വോട്ട് ചെയ്തതെന്ന പ്രചാരണം ശക്തമാണ്. 

കണ്ണൂരിൽ മുസ്‌ലിം ലീഗിന്റെ ഡപ്യൂട്ടി മേയർ സ്ഥാനാർഥിയോടുള്ള എതിർപ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽഖാദർ മൗലവിയെയും ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിനെയും വഴിയിൽ തടഞ്ഞു. പാലക്കാട്, പന്തളം നഗരസഭകളാണ് എൻഡിഎ നേടിയത്.

നറുക്കെടുപ്പിൽ യുഡിഎഫ് 3–0; ഒരു ഉപാധ്യക്ഷ സ്ഥാനം എൽഡിഎഫിന്

നറുക്കെടുപ്പ് നടന്ന കളമശേരി, കോട്ടയം, പരവൂർ നഗരസഭകളിൽ അധ്യക്ഷസ്ഥാനം യുഡിഎഫ് നേടി.

കളമശേരിയിൽ ഉപാധ്യക്ഷ പദവിയിലേക്കുള്ള നറുക്കെടുപ്പിലും ഭാഗ്യം യുഡിഎഫിനൊപ്പമായിരുന്നു. അതേസമയം, പരവൂരിൽ എൽഡിഎഫിനാണ് ഉപാധ്യക്ഷ സ്ഥാനം. കോട്ടയത്ത് കോവിഡ് ബാധിതനായ എൽഡിഎഫ് അംഗം ഉച്ചകഴിഞ്ഞുള്ള വോട്ടെടുപ്പിനു കാത്തുനിൽക്കാതിരുന്നതിനാൽ ഉപാധ്യക്ഷ സ്ഥാനം യുഡിഎഫിനു തന്നെ ലഭിച്ചു.

English Summary: LDF gets Thodupuzha muncipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com