ADVERTISEMENT

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ രണ്ടു ദാരുണ മരണങ്ങളിലേക്കു നയിച്ച പൊലീസിന്റെ ജപ്തി നടപടി, പകരം പാർപ്പിട സൗകര്യം ഒരുക്കിയിരിക്കണമെന്ന കോടതിവിധി ലംഘിച്ച്. പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ നിർധന കുടുംബത്തെ കുടിയിറക്കാൻ മനുഷ്യത്വം മറന്ന് അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണത്തിനിടെയാണു പൊലീസും റവന്യു വകുപ്പും ഇക്കാര്യത്തിൽ മുൻ കോടതി ഉത്തരവുകൾ ലംഘിച്ചതും വ്യക്തമാകുന്നത്.

ജപ്തി നടപടികളിൽ താമസക്കാരെ ഒഴിപ്പിക്കുകയാണെങ്കിൽ അവർക്കു താൽക്കാലിക പാർപ്പിട സൗകര്യം അധികൃതർ ഉറപ്പാക്കിയിരിക്കണമെന്നു സർക്കാർ ഉത്തരവും കോടതി വിധികളുമുണ്ടെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ രാജനെയും കുടുംബത്തെയും കുടിയിറക്കാൻ ധൃതി കാണിച്ചവർ അതൊന്നും പാലിച്ചില്ല. 

ജപ്തി നടപടിക്കുള്ള മുൻസിഫ് കോടതി ഉത്തരവിനെതിരെ രാജൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരുന്ന ദിവസം അതിലെ വിധിക്കായി പോലും കാക്കാതെയായിരുന്നു നെയ്യാറ്റിൻകര പൊലീസിന്റെ നടപടി. ഇതേത്തുടർന്നാണ് രാജനും ഭാര്യ അമ്പിളിയും ദേഹത്തു പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതും തടയാനുള്ള പൊലീസിന്റെ ശ്രമം ദുരന്തത്തിൽ കലാശിച്ചതും.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ജപ്തി നടപടിക്കായി ഇത്ര തിടുക്കം കാണിച്ചതു റൂറൽ പൊലീസിലെ ചില ഉന്നതരുടെ നിർദേശപ്രകാരമാണെന്നാണ് ആക്ഷേപം. അവരിൽ ചിലർ പൊലീസ് നടപടി അന്വേഷിക്കുന്ന സംഘത്തിലുമുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.

‘അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നു റൂറൽ എസ്പി ബി.അശോകനു നിർദേശം നൽകി.’

  ഡിജിപി ലോക്നാഥ് ബെഹ്റ

Content Highlights: Court on Neyyattinkara incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com