ADVERTISEMENT

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ രാഷ്ട്രീയ കാരണങ്ങളാലും അല്ലാതെയുമുള്ള വിട്ടുനിൽക്കലുകൾ പലയിടത്തും അധികാര സമവാക്യങ്ങളിൽ മാറ്റത്തിനിടയാക്കി. 

തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംവരണ വിഭാഗത്തിൽ ജയിച്ച പ്രതിനിധി ഇല്ലാതിരുന്നതിനാൽ യുഡിഎഫ് വിട്ടുനിന്നു. എൽഡിഎഫ് പ്രതിനിധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കുന്നത്തുകാൽ പഞ്ചായത്തിലും സംവരണ വിഭാഗം പ്രതിനിധി ഇല്ലാതെ യുഡിഎഫ് വിട്ടുനിന്നതോടെ സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. 

എറണാകുളം ജില്ലയിൽ വടവ‍ുകോട് ബ്ലോക്ക് പഞ്ചായത്തിൽ 5 സീറ്റ്  ലഭിച്ച ട്വന്റി20 വോട്ടെടുപ്പിൽ നിന്നു വിട്ട‍ുനിന്ന‍‍ു. ഇതോടെ 5 സീറ്റ് ലഭിച്ച കോൺഗ്രസിന‍‍ു ഭരണം ലഭിച്ച‍‍ു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി20യും കോൺഗ്രസും വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. എൽഡിഎഫിനു 6, ട്വന്റി20ക്ക് 4, യു‍ഡിഎഫിനു 3 എന്നിങ്ങനെയാണ് സീറ്റ്. ട്വന്റി 20 വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വീണ്ടും വോട്ടെടുപ്പു നടക്കുമ്പോൾ എൽഡിഎഫിനു ഭരണം ലഭിക്കും. 

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത വെങ്ങോല പഞ്ചായത്തിൽ എൽഡിഎഫും ട്വന്റി20യും ലീഗ് അംഗവും വിട്ടുനിന്നതിനാൽ തിരഞ്ഞെടുപ്പു നടന്നില്ല. വാഴക്കുളം പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടെങ്കിലും സംവരണ സ്ഥാനാർഥി ഇല്ലാത്തതിനാൽ യുഡിഎഫ് വിട്ടുനിന്നു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ബിജെപി അംഗം മാറിനിന്നതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം നേടി. 

മലപ്പുറത്ത് ത്രിശങ്കുവിലായിരുന്ന ആതവനാട് പഞ്ചായത്തിൽ എസ്ഡിപിഐ അംഗം വിട്ടുനിന്നതോടെ യുഡിഎഫിന് പ്രസിഡന്റ് പദവി. നന്നംമുക്ക് പഞ്ചായത്തിൽ എൻഡിഎ അംഗം വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ എ‍ൽഡിഎഫ്. വാഴയൂരിൽ യുഎൻഡിഎ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ്.

മാറഞ്ചേരിയിൽ എസ്ഡിപിഐ അംഗം വിട്ടുനിൽക്കുകയും സ്വതന്ത്ര അംഗം എൽഡിഎഫിന് വോട്ട് ചെയ്യുകയും ചെയ്തതോടെ സിപിഐ അംഗം പ്രസിഡന്റായി. 

തൃശൂർ പാവറട്ടിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഒരു വോട്ടു കുറഞ്ഞതിനാൽ യുഡിഎഫ് വിമത അംഗം എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. 

ഇടുക്കി കരുണാപുരം പഞ്ചായത്തിൽ എൻഡിഎ സ്വതന്ത്രൻ വിട്ടുനിന്നത് നിർണായകമായി. നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ഭരണം ലഭിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ സ്വതന്ത്ര അംഗം ജയന്തി രവി വിട്ടുനിന്നു. ജയന്തിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണമുറപ്പിച്ചിരുന്നത്. ഇവരുടെ പിന്മാറ്റത്തെ തുടർന്ന് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു ലഭിച്ചു. 

വയനാട് തവി‍ഞ്ഞാലിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് അംഗത്തെ പരിഗണിക്കാത്തതിലായിരുന്നു പ്രതിഷേധം. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും എൽഡിഎഫിനോ എൻഡിഎയ്ക്കോ വോട്ട് ചെയ്തില്ല. ബാലറ്റ് പേപ്പർ വാങ്ങി വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻഡിഎ അധികാരത്തിലെത്തി. 

പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി അംഗങ്ങളും ഇടതു വിമതനും വിട്ടുനിന്നതിനെ തുടർന്ന് ക്വോറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. അയിരൂരിൽ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ എൽഡിഎഫ് ജയിച്ചു.

കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിൽ 2 ബിജെപി അംഗങ്ങളും ലീഗ് വിമതനും വിട്ടുനിന്നതോടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം. 

ആലപ്പുഴയിൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മൂലം യുഡിഎഫ് അംഗങ്ങൾ ഹാജരായില്ല. ആർക്കും ഭൂരിപക്ഷമില്ലാത്ത നീലംപേരൂർ പഞ്ചായത്തിൽ 3 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ 13 അംഗ ഭരണസമിതിയിൽ 6 അംഗങ്ങളുള്ള എൽഡിഎഫ് ഭരണത്തിലെത്തി. മാന്നാർ ഗ്രാമപ്പഞ്ചായത്തിൽ ബിജെപി അംഗം വിട്ടുനിന്നു. യുഡിഎഫ് അംഗം കൂറുമാറി വോട്ടു ചെയ്തതോടെ യുഡിഎഫിനു കേവല ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫ് ഇരുസ്ഥാനവും പിടിച്ചെടുത്തു. 

Content Highlights: Kerala local election: Panchayat president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com