ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പിനും തന്ത്രങ്ങളും ഭാഗ്യപരീക്ഷണങ്ങളും മത്സരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾക്കും ശേഷം നാടെങ്ങും പുതിയ സാരഥികൾ; ഗ്രാമങ്ങളെ പുതുവർഷത്തിലേക്ക് ഇവർ നയിക്കും. പലയിടത്തും നറുക്കെടുപ്പിന്റെ നൂൽപ്പാലത്തിൽ പ്രസിഡന്റ് സ്ഥാനം നിർണയിക്കപ്പെട്ടപ്പോൾ മറ്റു പലയിടങ്ങളിലും മുന്നണിയും നയവുമൊക്കെ മറന്നുള്ള കാലുവാരലുകളും കൂട്ടുകെട്ടുകളുമാണു കണ്ടത്.

യുഡിഎഫിനും എൽഡിഎഫിനും 8 വീതം സീറ്റുകളുള്ള വയനാട് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി; വൈസ്പ്രസിഡന്റ് നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിനെ തുണച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം 3 ജില്ലാ പഞ്ചായത്തുകളുടെ സാരഥ്യം യുഡിഎഫിനു ലഭിച്ചു. 11 ജില്ലാ പഞ്ചായത്തുകളും വയനാട്ടിൽ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന്.

നറുക്കെടുപ്പ് നടന്നവയിൽ 19 ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫും 17 എണ്ണം യുഡിഎഫും ഒന്ന് എൻഡിഎയും നേടി. ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നു വീതം യുഡിഎഫിനും എൽഡിഎഫിനും ലഭിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല– തൃപ്പെരുന്തുറയിൽ എൻഡിഎയെ മാറ്റിനിർത്താൻ എൽഡിഎഫിനെ പിന്തുണച്ച് യുഡിഎഫ്. ഇവിടെ യുഡിഎഫിനാണ് കൂടുതൽ സീറ്റെങ്കിലും പ്രസിഡന്റ് പദത്തിലെ പട്ടികജാതി വനിത സംവരണസീറ്റിൽ സിപിഎമ്മിനും ബിജെപിക്കും മാത്രമേ അംഗങ്ങളുള്ളൂ.

ഇഎംഎസിന്റെ ജന്മനാടായ ഏലംകുളത്ത് 40 വർഷത്തിനു ശേഷം യുഡിഎഫ് പ്രസിഡന്റ്. നറുക്കെട‌ുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യുഡിഎഫിനു ലഭിച്ചു. 

പാങ്ങോട് (തിരുവനന്തപുരം), കോട്ടാങ്ങൽ (പത്തനംതിട്ട) ഗ്രാമപഞ്ചായത്തുകളിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർഥികൾ പ്രസിഡന്റുമാരായി; തൊട്ടുപിന്നാലെ രാജിവച്ചു. ഇതേസമയം റാന്നിയിൽ (പത്തനംതിട്ട) ബിജെപി പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫും എൻഡിഎയും തുല്യനിലയിലായ കുമ്പളയിൽ (കാസർകോട്) എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണം നേടി. 

എൽഡിഎഫിനു ഭൂരിപക്ഷമുള്ള ഇളമ്പള്ളൂർ (കൊല്ലം) പഞ്ചായത്തിൽ യുഡിഎഫിന്റെയും എൻഡിഎയുടെയും പിന്തുണയോടെ സ്വതന്ത്ര പ്രസിഡന്റായി. ഇലഞ്ഞിയിൽ (എറണാകുളം) കോൺഗ്രസും സിപിഎമ്മും കേരള കോൺഗ്രസ് എമ്മും ജേക്കബും കൈകോർത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ പരാജയപ്പെടുത്തി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പോരുവഴി പഞ്ചായത്തിൽ (കൊല്ലം) എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. 

ജില്ലാ പഞ്ചായത്ത്   14

എൽഡിഎഫ് 11

യുഡിഎഫ് 3

എൻഡിഎ 00

ബ്ലോക്ക് പഞ്ചായത്ത്  152 

എൽഡിഎഫ് 109

യുഡിഎഫ് 40 

എൻഡിഎ 00

*മൂന്നിടത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായില്ല

ഗ്രാമപഞ്ചായത്ത്  941 

എൽഡിഎഫ് 579

യുഡിഎഫ് 324

എൻഡിഎ 16

മറ്റുള്ളവർ 8

* 14 ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായില്ല 

 Content Highlights: Kerala new panchayat presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com