ADVERTISEMENT

തിരുവനന്തപുരം / റാന്നി ∙ ബിജെപിയുടേയും എസ്ഡിപിഐയുടേയും പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയവരെ രാജിവയ്പിക്കാൻ പ്രമുഖ പാർട്ടികൾ നടത്തിയ ശ്രമം വിഫലം. തിരുവനന്തപുരം വെമ്പായത്തും പത്തനംതിട്ട റാന്നിയിലും വിജയിച്ചവർ രാജി നൽകാൻ വിസമ്മതിച്ചത് ഇടതുമുന്നണിയെയും യുഡിഎഫിനെയും വെട്ടിലാക്കി. രണ്ടിടത്തും പ്രസിഡന്റുമാരെ അതത് മുന്നണികൾ തള്ളിപ്പറഞ്ഞു.

വെമ്പായത്ത് എൽഡിഎഫിനും യുഡിഎഫിനും 9–9 എന്ന നിലയിൽ വോട്ടുകൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസിനു ലഭിച്ചത്. എൽഡിഎഫ് 9, കോൺഗ്രസ് 8, ബിജെപി 3, എസ്‍ഡിപിഐ 1 എന്നായിരുന്നു കക്ഷിനില. എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചതോടെയാണ് ഇരുപാർട്ടികൾക്കും തുല്യവോട്ടുകളായത്. പ്രസിഡന്റായ ബീന ജയനോടും വൈസ് പ്രസിഡന്റായ ജഗന്നാഥൻ പിള്ളയോടും ബുധനാഴ്ച തന്നെ രാജിവയ്ക്കാൻ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയാറായില്ല. തുടർന്ന് ഇരുവരെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി.

റാന്നിയിൽ ബിജെപി, എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത് കേരള കോൺഗ്രസ് (എം) അംഗം ശോഭാ ചാർളിയാണ്. ഇവരോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെ പ്രസിഡന്റിനെ എൽഡിഎഫ് തള്ളിപ്പറഞ്ഞു. 2 ബിജെപി അംഗങ്ങളാണ് ശോഭാ ചാർളിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തത്. ഇവർക്കൊപ്പം 4 സിപിഎം അംഗങ്ങളും പിന്തുണച്ചതോടെയാണ് അവർ പ്രസിഡന്റായത്. ശോഭാ ചാർളിയെ എൽഡിഎഫിൽ നിന്നു പുറത്താക്കിയതായി പഞ്ചായത്ത് കൺവീനർ ടി.എൻ.ശിവൻകുട്ടി അറിയിച്ചു.

അതേസമയം, എസ്‍‍‍ഡിപിഐ പിന്തുണച്ചതോടെ ലഭിച്ച പാങ്ങോട് പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎം രാജിവച്ചു. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിൽ കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കാൻ ബിജെപി അംഗങ്ങൾക്കൊപ്പം പിന്തുണ നൽകിയ കോൺഗ്രസ് അംഗം വി.ആർ.അനീഷിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.

ബിജെപി സർവേ

പത്തനംതിട്ട ∙ നിയമസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി നിശ്ചയിച്ച സീറ്റുകളിൽ സ്വകാര്യ ഏജൻസിയുടെ സർവേ. സ്ഥാനാർഥികളെ നിർണയിക്കുന്നതിന്റെ ഭാഗമായാണ് സർവേ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കോട്, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിലാണ് സർവേ നടത്തിയത്. കഴക്കൂട്ടം, കോന്നി, എലത്തൂർ, മഞ്ചേശ്വരം മണ്ഡങ്ങളിൽ കെ.സുരേന്ദ്രന് അനുകൂലമാണെന്നു സർവേ ഫലം പറയുന്നതായി ബിജെപി കേന്ദ്രങ്ങൾ വെളിപ്പെടുത്തി. തിരുവനന്തപുരം ജില്ലകളിലെ സീറ്റുകളിലാണ് ജയസാധ്യത കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com