ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫ് പിന്തള്ളപ്പെടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബിജെപി ചില കേന്ദ്രങ്ങളിൽ ശക്തി തെളിയിച്ചപ്പോഴും 2015നെ അപേക്ഷിച്ചു വോട്ട് വിഹിതത്തിൽ കാര്യമായി മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷാപൂർവം സമീപിക്കാനാകുന്ന ഫലമാണ് ഉണ്ടായത്. 

ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാനകമ്മിറ്റി യോഗം തിരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്യും. ഓൺലൈനായി നടന്ന മുൻ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ നിന്നു വ്യത്യസ്തമായി നേരിട്ടുള്ള യോഗം എകെജി ഹാളിലാണ് ചേരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ നിന്നു മുന്നോട്ടുപോകാൻ കഴിയും. 98 മണ്ഡലങ്ങളി‍ൽ മുന്നിലെത്തി. 2015ൽ ഇത് 87 ആയിരുന്നു. കേരള കോൺഗ്രസും (എം) എൽജെഡിയും മുന്നണിയിൽ വന്നതു ഗുണം ചെയ്തു. മധ്യകേരളത്തിലെ‍ കുതിപ്പിന് കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശം ഏറെ സഹായകരമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവിട്ട മത ന്യൂനപക്ഷ വോട്ട് തിരിച്ചുവന്നത് ആശാവഹമായ സൂചനയായി യോഗം കണ്ടു. യുഡിഎഫിന് ഈ മേഖലയിലെ തകർച്ച അവരുടെ അടിത്തറ തന്നെ ഇളക്കുന്നതാണെന്നു സിപിഎം കരുതുന്നു.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ തിരിച്ചടി ബന്ധപ്പെട്ട കമ്മിറ്റികൾ ഉടൻ പരിശോധിച്ചു തിരുത്തൽ നടപടികളെടുക്കാൻ യോഗം നിർദേശിച്ചു. 2015 ലെ പോലെ 15 ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് ബിജെപി മുന്നണിക്കു നേടാൻ കഴിഞ്ഞത്. എന്നാൽ എൽഡിഎഫിന്റെ പന്തളം മുനിസിപ്പാലിറ്റി അവർ പിടിച്ചതു പോലെയുള്ള സംഭവങ്ങൾ ഗൗരവത്തിൽ കാണാനും തീരുമാനിച്ചു.

English Summary: Kerala local election result analysis by CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com