ADVERTISEMENT

കൊച്ചി∙ വിദേശത്തുള്ള ഭർത്താവിന്റെ സാന്നിധ്യം വിഡിയോ കോൺഫറൻസിലൂടെ ഉറപ്പാക്കി ദമ്പതികൾക്കു വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭർത്താവ് അധികാരപ്പെടുത്തുന്ന പ്രതിനിധി (മാതാപിതാക്കളിൽ ഒരാളായാൽ ഉചിതം) ഹാജരായി സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണു നിർദേശം. 

തൃശൂർ സ്വദേശി ശ്രീലക്ഷ്മി സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് പി. ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. ഹർജിക്കാരിയുടെയും ഭർത്താവിന്റെ അംഗീകൃത പ്രതിനിധിയുടെയും ഒപ്പു വാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. റജിസ്ട്രേഷന് ഒരു വർഷത്തിനുള്ളിൽ ഭർത്താവ് നേരിട്ടു ഹാജരായി വിവാഹ റജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നും അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. വിഡിയോ കോൺഫറൻസിനുള്ള ക്രമീകരണം ഹർജിക്കാരി ഉറപ്പാക്കണമെന്നും നിർദേശിച്ചു. 

ശ്രീലക്ഷ്മിയും സനൂപും 2019 ഓഗസ്റ്റിലാണു വിവാഹിതരായത്. എൻഎസ്എസ് കരയോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാര്യേജ് റജിസ്ട്രേഷൻ (കോമൺ) ചട്ടപ്രകാരം വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് ഇരുവരും കാടുകുറ്റി പഞ്ചായത്തിൽ അപേക്ഷ നൽകി. പ്രാദേശിക വിവാഹ റജിസ്ട്രാർ ആ ദിവസം അവധിയിൽ ആയിരുന്നതിനാലും തുടർന്ന് അവധി ദിനങ്ങൾ ആയതിനാലും റജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സനൂപിനു ജോലി സ്ഥലമായ ദക്ഷിണാഫ്രിക്കയിലേക്കു പെട്ടെന്നു മടങ്ങേണ്ടി വന്നതിനാൽ റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഇപ്പോൾ ഭാര്യയ്ക്കു ഭർത്താവിന്റെ അടുത്ത് എത്താൻ വീസ ആവശ്യത്തിനു വിവാഹ സർട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണ് അധികൃതരെ സമീപിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com