ADVERTISEMENT

തിരുവനന്തപുരം∙സ്വാശ്രയ കോളജുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ ജോലി സമയം, ജോലി ഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ സർക്കാർ,എയ്ഡഡ് കോളജുകളിലെ ജീവനക്കാർക്കു സമാനമായിരിക്കുമെന്ന വ്യവസ്ഥ അടങ്ങുന്ന കരടു ബിൽ തയാറായി.

സ്വാശ്രയ കോളജുകളിലെ ജീവനക്കാരുടെ നിയന്ത്രണം മാനേജ്മെന്റുകളിൽ നിലനിർത്തുമ്പോൾ തന്നെ അച്ചടക്ക നടപടിക്കു വിധേയനായ അധ്യാപകനോ അനധ്യാപകനോ മാനേജ്‌മെന്റ് നടപടിക്കെതിരെ സർവകലാശാലയിൽ അപ്പീൽ നൽകാനുള്ള വ്യവസ്ഥ ബില്ലിൽ ഉണ്ടാകും. സിൻഡിക്കറ്റ് ഇത്തരം അപ്പീലുകളിൽ തീർപ്പുകൽപ്പിക്കും. മാനേജ്‌മെന്റിനും ജീവനക്കാരനും ഇതു ബാധകമായിരിക്കും.

കേരള സെൽഫ് ഫിനാ‍ൻസിങ് കോളജസ് ടീച്ചിങ് ആൻഡ് നോൺ ടീച്ചിങ് സ്റ്റാഫ്(അപ്പോയ്ന്റ്മെന്റ് ആൻഡ് ടേംസ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ് )എന്നാണു ബില്ലിന്റെ പേര്. ഇത് ഉടനെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും. മന്ത്രിസഭ അംഗീകരിച്ചു കാര്യോപദേശക സമിതി തീരുമാനിക്കുകയാണെങ്കിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ  അവതരിപ്പിക്കാം.

അധ്യാപക, അനധ്യാപക  തസ്തികകളിൽ നിയമിക്കപ്പെടുന്നവരും മാനേജ്മെന്റുമായി തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും, ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ചു പരസ്പര സമ്മതപ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കരാറിൽ ഏർപ്പെടണമെന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്. അവധിക്കുള്ള അവകാശം ഉറപ്പുനൽകുന്ന വ്യവസ്ഥയും ഉണ്ടാകും.  ജീവനക്കാരുടെ പരാതി പരിഹരിക്കാൻ കോളജ് കൗൺസിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കമ്മിറ്റി തുടങ്ങിയവയും നിലവിൽ വരും.

സ്വാശ്രയ കോളജുകളിൽ നിയമിക്കപ്പെടുന്ന എല്ലാവരെയും  പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ  എംപ്ലോയീസ് ഫണ്ടിലും പെൻഷൻ പദ്ധതിയിലും നിർബന്ധമായും ചേർത്തിരിക്കണം. എല്ലാ ജീവനക്കാരെയും കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള  ഇൻഷുറൻസ് പദ്ധതിയിൽ 6 മാസത്തിനുള്ളിൽ ചേർക്കണം. സ്വാശ്രയ കോളജുകളിൽ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കൽ തീയതിയും ബന്ധപ്പെട്ട റഗുലേറ്ററി ബോഡി നിശ്ചയിക്കുന്ന പ്രകാരമായിരിക്കും.

റഗുലേറ്ററി സംവിധാനങ്ങൾ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത ജീവനക്കാർക്ക് ഉണ്ടാകണം. നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കു മതിയായ യോഗ്യത നേടുന്നതിനു സാവകാശം നൽകും. പുതിയ നിയമനങ്ങൾക്ക് പൊതു വിജ്ഞാപനവും മെറിറ്റും നിഷ്കർഷിക്കും. കോളജുകളിൽ ആഭ്യന്തര ഗുണനിലവാര സമിതികളും അധ്യാപക-രക്ഷാകർതൃ സമിതികളും നിർബന്ധമാക്കും. 

ജീവനക്കാരുടെ നിയമനം, യോഗ്യത, സേവന, വേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ റജിസ്റ്റർ  സർവകലാശാലയിൽ സൂക്ഷിക്കണം. ഈ ജീവനക്കാരുടെ സേവനം സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഇത് പ്രയോജനപ്പെടും. സ്വാശ്രയ കോളജുകളുടെ അക്കാദമിക് മേൽനോട്ടത്തോടൊപ്പം പ്രവർത്തനങ്ങളുടെ മേൽനോട്ടവും സർവകലാശാലകളിൽ നിക്ഷിപ്തമാകും. ആയിരത്തിലേറെ സ്വാശ്രയ കോളജുകളിലായി അൻപതിനായിരത്തിലേറെ  ജീവനക്കാരാണു സംസ്ഥാനത്തുള്ളത്.

English Summary: Draft bill ready regarding jobs in colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com