ADVERTISEMENT

തിരുവനന്തപുരം ∙ യുഡിഎഫിനോട് അടുക്കാനാഗ്രഹിച്ചു നിൽക്കുന്ന പി.സി ജോർജ്, പി.സി.  തോമസ് എന്നിവരുടെ കാര്യം 11 ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ചർച്ച ചെയ്തേക്കും.

തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുഡിഎഫിന്റെ ഭാഗമാകാൻ ഇരുനേതാക്കളും താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഘടക കക്ഷികളായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. എന്നാൽ, ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതു മധ്യകേരളത്തിൽ ദോഷം ചെയ്തു എന്ന് അനുമാനം ഉള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഈ നേതാക്കളെ മാറ്റിനിർത്തരുതെന്ന വാദം ഉയർന്നിട്ടുണ്ട്. മുന്നണിയിൽ എടുത്താൽ ചുരുങ്ങിയത് ഓരോ സീറ്റ് നൽകേണ്ടി വരും. 

പൂഞ്ഞാറിലെ സിറ്റിങ് എംഎൽഎ ആയ ജോർജിനെ സ്വീകരിക്കുന്നതിൽ ആ മേഖലയിലെ ഒരു എംപി ഉടക്കിടുന്നുണ്ടെങ്കിലും ഓരോ സീറ്റും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ ജോർജിന്റെ സഹായം ഉറപ്പാക്കുന്നതാവും ബുദ്ധിയെന്നു ചിന്തിക്കുന്നവർ ഏറെയാണ്. പൂഞ്ഞാറിനു പുറമേ പാലായിലും ജോർജിനു സ്വാധീനമുണ്ട്.

എൻസിപിയുടെ യുഡിഎഫ് പ്രവേശത്തോടു ബന്ധപ്പെട്ടു ‘പിസിമാരു’ടെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകാനാണു സാധ്യത. ജോർജും മാണി സി.കാപ്പനും സഹകരിച്ചാണു നീങ്ങുന്നതെന്ന നിഗമനത്തിലാണു സിപിഎം കേന്ദ്രങ്ങൾ. പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി കാപ്പൻ മത്സരിച്ചാൽ ജോർജിന്റെ പിന്തുണ നിർണായകമാകും. പൂ‍ഞ്ഞാറിൽ ജോർജോ മകൻ ഷോണോ സ്ഥാനാർഥിയാകും. 

പി.സി.തോമസിനു സീറ്റ് കണ്ടെത്തുക എളുപ്പമല്ല. കാഞ്ഞിരപ്പള്ളിയാണു പറഞ്ഞു കേൾക്കുന്നത്. അതു സംഭവിച്ചാൽ പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസും കെ.നാരായണക്കുറുപ്പിന്റെ മകൻ എൻ.ജയരാജും തമ്മിലുള്ള മത്സരത്തിനു കാഞ്ഞിരപ്പള്ളി വേദിയായേക്കാം. 

രാഷ്ട്രീയ യാത്രകൾ

പി.സി തോമസ് 

 1987 – 2001: കേരള കോൺഗ്രസ് എം 

 2001:  ഐഎഫ്ഡിപി രൂപീകരിച്ചു. 

 2002–2004: ഐഎഫ്ഡിപി എൻഡിഎയിൽ 

 2005: കേരള കോൺഗ്രസ് (ജെ) യിൽ ലയിച്ചു 

 2010:  പുതിയ കേരള കോൺഗ്രസ് രൂപീകരിച്ചു. 

 2016 – 2020: വീണ്ടും എൻഡിഎയിൽ 

- നിലവിൽ എൻഡിഎയിലെങ്കിലും വിട്ടുനിൽക്കുന്നു. 

പി.സി.ജോർജ് 

 1979 – 1989: കേരള കോൺഗ്രസ് ജോസഫ് 

 1991 – 2003: കേരള കോൺഗ്രസ് ജോസഫ്. 

 2003 – 2007: കേരള കോൺഗ്രസ് സെക്കുലർ  

 2007: സെക്കുലർ എൽഡിഎഫിൽനിന്നു പുറത്ത്. 

 2009 –2015 : കേരള കോൺഗ്രസ് മാണിയിൽ

 2015: കേരള കോൺ. മാണിയിൽനിന്നു പുറത്ത്

 2017:  കേരള ജനപക്ഷം (സെക്യുലർ) രൂപീകരിച്ചു. 

 2018: എൻഡിഎ. നിയമസഭയിൽ ഒരു ബ്ലോക്കായി. 

 2019: എൻഡിഎ വിട്ടു. മുന്നണികളിലില്ലാതെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com