ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സീറ്റ് വാങ്ങിയെടുക്കാൻ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ ഇരുമുന്നണികളിലും സമ്മർദ നീക്കം തുടങ്ങി. മുന്നണിയിലേക്കു പുതുതായി വന്ന കേരള കോൺഗ്രസിന് (എം) എൽഡിഎഫും കൂടെ നിൽക്കുന്ന കേരള കോൺഗ്രസിന് (ജോസഫ്) യുഡിഎഫും നൽകുന്ന സീറ്റുകളെത്ര എന്നതാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഒരുമിച്ചു നിന്നപ്പോൾ‍ യുഡിഎഫ് നൽകിയ 15 സീറ്റുമായി ബന്ധപ്പെട്ടാണു ചർച്ച പുരോഗമിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ തങ്ങളുടെ രാഷ്ട്രീയ മൂല്യം ഉയർന്നതായി കേരള കോൺഗ്രസ് (എം) അവകാശപ്പെടുന്നു. മറുഭാഗത്ത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും പ്രതീക്ഷിച്ച പ്രകടനം സാധിക്കാതെ പോയതിന്റെ പരുവക്കേടുണ്ട്.

 കേരള കോൺഗ്രസ് (എം)

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി എന്നിവ ഉറപ്പിച്ചു. പൂഞ്ഞാർ, റാന്നി, പിറവം, ചാലക്കുടി, പെരുമ്പാവൂർ, ഇരിക്കൂർ എന്നിവയ്ക്കും സാധ്യത. പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നിവയിൽ ഒരു സീറ്റ് ലഭിച്ചേക്കും. പി.ജെ. ജോസഫിനെതിരെ തൊടുപുഴയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയെ നിർത്തണമെന്ന അഭിപ്രായം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. 12–13 സീറ്റുകളാണു പാർട്ടിയുടെ പ്രതീക്ഷ. കെ.എം. മാണിയുടെ പാലായിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് ജോസ് കെ. മാണി നൽകുന്നതെങ്കിലും കടുത്തുരുത്തി പരിഗണിച്ചു കൂടേയെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. കടുത്തുരുത്തിയിൽ ജോസ് മത്സരിച്ചാൽ ഇടുക്കിയിൽ നിന്നു റോഷി അഗസ്റ്റിൻ പാലായിൽ വന്നേക്കും.

 കേരള കോൺഗ്രസ് (ജോസഫ്) 

15 സീറ്റ് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ 7–8 സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. 2016 ൽ ജോസഫ് ഗ്രൂപ്പ് അംഗങ്ങൾ മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നിവ ഉറപ്പിക്കുന്നു. മാണി വിഭാഗത്തിൽ നിന്നു പാർട്ടിയിലേക്കു വന്ന സി.എഫ്. തോമസ് (ചങ്ങനാശേരി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം.പുതുശേരി (തിരുവല്ല) എന്നിവർ മത്സരിച്ച സീറ്റുകൾക്കു വേണ്ടിയും ജോസഫ് വിഭാഗം പിടിമുറുക്കും. അങ്ങനെ 7 സീറ്റ് ഉറപ്പായും അവകാശപ്പെടാം. ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ ഓരോ സീറ്റ്, മലബാറിൽ ഒരു സീറ്റ് എന്നിവയടക്കം ഏതു സാഹചര്യത്തിലും 10–11 സീറ്റ് ലഭിച്ചേ തീരൂവെന്ന് ജോസഫ് വിഭാഗം കരുതുന്നു.

Content Highlights: Kerala congress M seat sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com