ADVERTISEMENT

കോട്ടയം ∙ രാജ്യസഭാ അംഗത്വം രാജിവച്ച ജോസ് കെ. മാണി നിയമസഭയിലേക്ക് മത്സരിച്ചേക്കും. ഇടതിനു ഭരണത്തുടർച്ച ലഭിച്ചാൽ മന്ത്രിയുമാകും. 52 വർഷം കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ തന്നെയാണ് പ്രഥമ പരിഗണനയിൽ.

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തതും മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയതും ഈ നീക്കത്തിനു ബലമേകുന്നു.

പി.ജെ. ജോസഫുമായുള്ള തർക്കത്തിന്റെ പേരിൽ രണ്ടില ചിഹ്നം കിട്ടാതെവന്നതോടെ പൈനാപ്പിൾ അടയാളത്തിലാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥി ജോസ് ടോം മത്സരിച്ചത്. മാണി സി.കാപ്പനിലൂടെ എൽഡിഎഫ് പാലാ പിടിച്ചെടുത്തെങ്കിലും വൈകാതെ ജോസ് വിഭാഗം ഇടതുപാളയത്തിൽ എത്തിയത് രാഷ്ട്രീയ കാലാവസ്ഥ മാറ്റി. 

രണ്ടില ചിഹ്നം തിരികെ കിട്ടിയതു നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നു കേരള കോൺഗ്രസ് കരുതുന്നു. ഒരാഴ്ച മുൻപ് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറുമായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. 

ഉറച്ച സീറ്റായ കടുത്തുരുത്തിയിൽ ജോസ് മത്സരിക്കണമെന്നു പാർട്ടി ഉന്നതാധികാര സമിതി അംഗം പി.എം. മാത്യുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ 15,000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. എന്നാൽ കടുത്തുരുത്തി തിരഞ്ഞെടുക്കാൻ ജോസിനു താൽപര്യക്കുറവുണ്ട്. പാലാ ഒഴിവാക്കുന്നത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്നും ഭയക്കുന്നു.

അടുത്തത് നിയമസഭാ കളരി

കോട്ടയം ∙ ലോക്സഭയിലും രാജ്യസഭയിലും അംഗമായ ജോസ് കെ. മാണി ഇനി നീങ്ങുന്നത് നിയമസഭയിലേക്ക്. 1999ൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായാണ് രാഷ്ട്രീയ പ്രവേശം. 2002 ൽ  കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കന്നിയങ്കം. എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനൊപ്പമായിരുന്നു വിജയം.

2009 ൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി.  കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയം. സുരേഷ് കുറുപ്പിനെ 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 2013 ൽ പാർട്ടി വൈസ് ചെയർമാനായി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും കോട്ടയത്തുനിന്നു വിജയം. എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസിനെ 1,20,599 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2018ൽ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ രാജ്യസഭയിലേക്ക്.

2019ൽ  കെ.എം. മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടി ചെയർമാനായി. 2021ൽ രാജ്യസഭാ കാലാവധി അവസാനിക്കാൻ മൂന്നര വർഷം ബാക്കിനിൽക്കെ രാജി. 

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരിക്കെ നടത്തിയ വികസന സന്ദേശ യാത്ര വിജയമായി. പിന്നീട് പാർട്ടിയുടെ വികസന സേന രൂപീകരിച്ചു. ലോക്സഭയിലും രാജ്യസഭയിലും പ്രവർത്തിച്ചതു വഴി ജില്ലയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിയതടക്കം വികസന പദ്ധതികൾക്ക് രൂപം നൽകാനായെന്നു ജോസ് കെ. മാണി പറഞ്ഞു. 

ചർച്ചകളിൽ എന്നും രാജ്യസഭാ സീറ്റ്

കേരള കോൺഗ്രസിന്റെ (എം) മുന്നണി ചർച്ചയിൽ പ്രധാന ഘടകമാണ് രാജ്യസഭാ സീറ്റ്. ബാർ കോഴക്കേസിൽ ഇടഞ്ഞുനിന്ന കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനാണ് രാജ്യസഭാ സീറ്റ് യുഡിഎഫ് നൽകിയത്. യുഡിഎഫ് വിട്ടപ്പോൾ രാജ്യസഭാ അംഗത്വം രാജി വയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എൽഡിഎഫിൽ ചേരുന്നതിന് 13 നിയമസഭാ സീറ്റുകളും രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റും എൽഡിഎഫ് വാഗ്ദാനം ചെയ്തു. 

പാലാ സീറ്റ് വിട്ടു നൽകുന്ന  മാണി സി. കാപ്പൻ എംഎൽഎയ്ക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന് ആലോചന വന്നു. എന്നാൽ വാഗ്ദാനം കാപ്പൻ നിരസിച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകില്ലെന്ന വാശിയിലാണ് സിപിഐ. കൊല്ലം ജില്ലയിലെ കുന്നത്തൂർ സിപിഐയ്ക്കു നൽകി കാഞ്ഞിരപ്പള്ളി വാങ്ങിയെടുക്കാൻ ശ്രമമുണ്ട്.  

പാലായിൽ തർക്കം

പാലാ സീറ്റിനു വേണ്ടി കേരള കോൺഗ്രസും (എം) എൻസിപിയും തമ്മിലുള്ള തർക്കം രൂക്ഷം. പാലാ സീറ്റ് നൽകാമെന്ന് സിപിഎം ഉറപ്പു നൽകിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് (എം) പറയുന്നു. എന്നാൽ പാലായിൽ മത്സരിക്കുമെന്ന് മാണി സി. കാപ്പനും പറയുന്നു. തങ്ങളോട് സീറ്റ് ഒഴിയണമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് എൻസിപി നേതൃത്വം വിശദീകരിക്കുന്നു.

English Summary: Jose K. Mani may contest from Pala assembly constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com