ADVERTISEMENT

തിരുവനന്തപുരം ∙ ജോസ് കെ.മാണി രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു തന്നെ കൈമാറാൻ സാധ്യത. സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് യോഗം തീരുമാനമെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത് എന്നതിനാൽ കൂടുതൽ ചർച്ച വേണ്ടിവരും. വിജ്ഞാപനം വന്ന ശേഷമേ കൂടിയാലോചന നടക്കൂ.

നേരത്തെ യുഡിഎഫ് വിട്ടുവന്ന എം.പി.വീരേന്ദ്രകുമാർ ഒഴിഞ്ഞ രാജ്യസഭാ സീറ്റ് ആ പാർട്ടിക്കു നൽകിയ കീഴ്‍വഴക്കം തുടരുമെന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാക്കളിൽ ആർക്കെങ്കിലും സീറ്റ് കൈമാറാനാണ് സാധ്യത. പി.ടി. ജോസ്, പ്രഫ. കെ.ഐ. ആന്റണി, മുൻ‍ എംഎൽഎമാരായ സ്റ്റീഫൻ ജോർജ്, പി.എം. മാത്യു എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. സിപിഎമ്മിനോടു കൂടി അഭിപ്രായം ആരാഞ്ഞുള്ള തീരുമാനത്തിനാണ് സാധ്യത. അവശേഷിക്കുന്ന 4 വർഷം പുതിയ അംഗത്തിനു ലഭിക്കും.

യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് എൽഡിഎഫ് പ്രവേശന വേളയിൽ തന്നെ രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചുവെങ്കിലും നീണ്ടുപോയി. കേരള കോൺഗ്രസുകൾ തമ്മിലെ നിയമ യുദ്ധത്തിൽ മേൽക്കൈ നേടാൻ രാജ്യസഭാംഗത്വവും ഘടകമാകാം എന്നതു കണക്കിലെടുത്താണ് രാജി നീട്ടിവച്ചത്. ഈ നിയമസഭയുടെ കാലാവധിയിൽ തന്നെ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ സീറ്റ് നിലനിർത്തുന്നതിൽ അനിശ്ചിതത്വമുണ്ടാകും എന്നു സിപിഎം ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്താണ് ഇന്നലത്തെ രാജി.

ഏപ്രിലിൽ 3 ഒഴിവുകൾ ഒരുമിച്ചു വരുന്നുമുണ്ട്. ജോസ് ഒഴിഞ്ഞ സീറ്റിലേക്കു മാത്രമായി തിരഞ്ഞെടുപ്പ് നടക്കുമോ അതോ നാലും ഒരുമിച്ചാക്കുമോ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി എല്ലാ ഒഴിവുകളും നികത്തുമോ എന്നതെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കും. കക്ഷികൾ മുന്നണി വിട്ടതു മൂലം യുഡിഎഫിനു തുടർച്ചയായി രണ്ടാം രാജ്യസഭാ സീറ്റാണ് നഷ്ടപ്പെടുന്നത്. 

 മൂന്നു പേർ കൂടി ഒഴിയുന്നു 

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ് എന്നിവർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കും. ഈ നിയമസഭാ സമ്മേളന കാലത്ത് തന്നെ 3 ഒഴിവുകൾ നികത്തിയാൽ 2 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. അതിനു ശേഷം ആയാൽ നിയമസഭയിലെ അംഗബലത്തെ ആശ്രയിച്ചിരിക്കും.

∙ ‘രാജ്യസഭാംഗത്വം രാജിവച്ചതു രാഷ്ട്രീയ ധാർമികതയുടെ പേരിലാണ്. പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഇടതു മുന്നണിയിൽ ഇതു വരെ നടന്നിട്ടില്ല. ആരു മത്സരിക്കുമെന്നു തീരുമാനിക്കുന്നതു പാർട്ടിയായതിനാൽ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയില്ല.’ – ജോസ്.കെ. മാണി (പാലക്കാട്ട് പറഞ്ഞത്)

English Summary: Kerala Congress (M) may get rajya sabha seat resigned by Jose K. Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com