ADVERTISEMENT

മലപ്പുറം ∙ ‘‘കാൻസർ ചികിത്സയും നിത്യച്ചെലവും വഴിമുട്ടിയപ്പോഴാണ് ഓൺലൈൻ ആപ് വഴി 10,000 രൂപ കടമെടുത്തത്. ഇപ്പോൾ രണ്ടു മാസം കൊണ്ട് 1.40 ലക്ഷം രൂപ തിരിച്ചടച്ചു. ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങൾ പണയംവച്ച തുകയുമെല്ലാം ചേർത്താണ് ഇത്രയും അടച്ചത്. എന്നിട്ടും കടം തീരുന്നില്ല. ഫോണിലുള്ള കോണ്ടാക്ട് നമ്പരുകളിലേക്ക് ഞാൻ തട്ടിപ്പുകാരിയാണെന്ന രീതിയിൽ എന്റെ ചിത്രം സഹിതം അവർ മെസേജുകൾ അയയ്ക്കുന്നു. ഫോണിൽ വിളിച്ചുള്ള അധിക്ഷേപങ്ങൾ സഹിക്കാൻ പറ്റാതെ സിം കാർഡ് പോലും മാറ്റേണ്ടി വന്നു.’’

ഓൺലൈൻ ആപ്പുകളുടെ വായ്പത്തട്ടിപ്പിൽ കുടുങ്ങിയ മലപ്പുറം എടവണ്ണ സ്വദേശി സുബിത രാജന്റെ അനുഭവമാണിത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടും സുഹൃത്തുക്കൾ സഹായിച്ചിട്ടും ചികിത്സ മുടങ്ങുമെന്ന ഘട്ടത്തിലാണ് 4 ഓൺലൈൻ ആപ്പുകൾ വഴി 10,000 രൂപ വായ്പയെടുത്തത്. ഒരു ആപ്പിൽനിന്ന് 4000 രൂപ വായ്പയെടുത്താൽ 2800 രൂപ മാത്രമാണു കയ്യിൽ കിട്ടുക. 7 ദിവസത്തിനുശേഷം 4000 രൂപ തിരിച്ചടയ്ക്കണം. ഇങ്ങനെ തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതോടെ ഭീഷണി തുടങ്ങി.

ആപ് ഇൻസ്റ്റാൾ ചെയ്ത ഫോണിലെ കോണ്ടാക്ട് നമ്പരുകളെല്ലാം ഈ സംഘത്തിനു കിട്ടിയിരുന്നു. ഇവർക്കെല്ലാം സുബിത തട്ടിപ്പുകാരിയാണെന്ന രീതിയിൽ സന്ദേശങ്ങൾ പോയിത്തുടങ്ങിയതോടെ അപമാനഭീതി മൂലം എത്രയും വേഗം തുക തിരിച്ചടയ്ക്കാനുള്ള ശ്രമമായി. ഇതുപോലുള്ള മറ്റ് ആപ്പുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയിൽ വായ്പകൾ ഇരട്ടിച്ചതോടെ ഒടുവിൽ പിടിച്ചുനിൽക്കാൻ വഴിയില്ലാതായി. വർഷങ്ങളായി ഉപയോഗിച്ചിരുന്ന സിം കാർഡ് പോലും അധിക്ഷേപം മൂലം ഉപേക്ഷിക്കേണ്ടി വന്നു.

നട്ടെല്ലിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ച സുബിത എടവണ്ണ ഒതായിയിലെ വാടകവീട്ടിലാണു താമസം. ഭർത്താവ് പ്രജീഷിന് പെയിന്റിങ് ജോലിയിൽനിന്നു കിട്ടുന്ന പണമാണ് ഏക വരുമാന മാർഗം.

Content Highlights: Online app loan frauds

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com