ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ശേഷം ജോലി കിട്ടാതെ പോകുന്ന സ്ഥിതി പ്രത്യേകമായി പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷമെങ്കിലും സർവീസ് ഉള്ളവരെ മാനുഷിക പരിഗണന വച്ചു സ്ഥിരപ്പെടുത്തുന്ന രീതി സർക്കാർ പിന്തുടർന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. റാങ്ക് പട്ടികയിൽ നിന്ന് ആളു വരില്ലെന്ന് ഉറപ്പുള്ള തസ്തികയിലാണ് ഇതു ചെയ്യുന്നത്.

പിഎസ്‌സി ലിസ്റ്റിലുള്ളവരെ നോക്കുകുത്തിയാക്കി, പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നടത്തുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഒഴിവുള്ള നിയമനങ്ങളെക്കാൾ അഞ്ചിരട്ടി വരെ ഉൾക്കൊള്ളുന്നതാണു റാങ്ക് പട്ടികയെന്നു മുഖ്യമന്ത്രി പറഞ്ഞു. പട്ടികയിൽ വരുമ്പോൾ ജോലി പ്രതീക്ഷിക്കുകയും കിട്ടാതെ വരുമ്പോൾ നിരാശരാകുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ കരാർ/ കൺസൽറ്റൻസി നിയമനം അനിവാര്യമാണ്. അതു സർക്കാർ നിയമനമല്ല. പിഎസ്‌സിക്കു വിജ്ഞാപനം ചെയ്യേണ്ട തസ്തികകളും അല്ല. പിഎസ്‌സി വഴി നിയമിക്കേണ്ടിടത്ത് അങ്ങനെ മാത്രമാണു ചെയ്യുന്നത്. ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേർക്കു പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകി. ഈ സർക്കാർ 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. താൽക്കാലിക തസ്തിക കൂടിയാകുമ്പോൾ 44,000 വരും.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ഐഎംജി, ഹൗസിങ് കമ്മിഷണറേറ്റ്, നിർമിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, യുവജനക്ഷേമ ബോർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വഖഫ് ബോർഡ്, റീജനൽ കാൻസർ സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ സ്പെഷൽ റൂൾ രൂപീകരിക്കും. നിയമന-സ്ഥാനക്കയറ്റ കാര്യത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും സ്പെഷൽ റൂൾ ഉണ്ടാകണമെന്നതാണു നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷിനേതാക്കളായ എം.കെ.മുനീർ, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.

കേരളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പ്: ഷാഫി

കേരളത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പാക്കി ഈ സർക്കാർ മാറ്റുമ്പോൾ ന്യായീകരണ കാപ്സ്യൂൾ വിതരണം നിർത്തി മൗനപ്രാർഥനയ്ക്കെങ്കിലും ഇടതു യുവജന സംഘടനകൾ തയാറാകുമോയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ. പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റിയെന്നും ഷാഫി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com