െലെഫ് മിഷൻ സിബിഐ തന്നെ; അന്വേഷണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി

CBI-Life-Mission-Project-case
SHARE

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും കൂട്ടാളികളും ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നും സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും നിർമാണക്കമ്പനിയായ യൂണിടാക്കും നൽകിയ ഹർജികളാണു തള്ളിയത്. ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണവും തുടരും. ഒക്ടോബറിൽ സിഇഒയ്ക്കെതിരായ സിബിഐ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, കൂട്ടാളികൾ എന്നിവരുമായി ചേർന്ന് പദ്ധതിയുടെ നടത്തിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നു ജസ്റ്റിസ് പി.സോമരാജൻ നിരീക്ഷിച്ചു. എന്നാൽ ഇവർ ചെയ്ത തെറ്റുകളുടെ ബാധ്യത മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും വലിച്ചുനീട്ടാനാവില്ല. നയപരമായ തീരുമാനമെടുത്തവരാണ് അവർ.

യുഎഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റും സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും കരാറുണ്ടായില്ലെന്ന വസ്തുത തന്നെ ഒരു കോടി ദിർഹം വിദേശ സംഭാവന സന്തോഷ് ഈപ്പന്റെ യൂണിടാക് ബിൽഡേഴ്സിലേക്കും സഹസ്ഥാപനമായ സെയിൻ വെഞ്ചേഴ്സിലേക്കും എത്തിക്കാനായി ക്രിമിനൽ ഗൂഢാലോചന നടന്നെന്നു വ്യക്തമാക്കുന്നു. കമ്പനികളെ യുഎഇ കോൺസൽ ജനറലുമായി കരാർ ഉണ്ടാക്കാൻ അനുവദിച്ചെന്നതും സിബിഐ അന്വേഷണത്തെ സാധൂകരിക്കുന്നുവെന്നും പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. 

പിന്നിൽ ‘മാസ്റ്റർമൈൻഡ്’

സിഎജി ഓഡിറ്റ് ഒഴിവാക്കാനും കൈക്കൂലി ലഭിക്കാനുമായി ഉന്നതവിദ്യാഭ്യാസമുളള പ്രഫഷനലുകളുടെ ബുദ്ധിപൂർവമുള്ള തട്ടിപ്പാണു നടന്നത്. ഒരു ‘മാസ്റ്റർമൈൻഡ്’ ഇതിനു പിന്നിലുണ്ട്.

- ഹൈക്കോടതി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA