കോൺഗ്രസ് കരട് പ്രകടന പത്രിക: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ

congress-flag-elections
SHARE

തിരുവനന്തപുരം ∙ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ അക്കൗണ്ടിൽ നൽകുന്ന ‘ന്യായ് പദ്ധതി’യുമായി യുഡിഎഫ്. ജനങ്ങൾക്കു പൂർണമായി സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആശുപത്രികളും സ്ഥാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുളള കരടു പ്രകടന പത്രികയിലാണു വാഗ്ദാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരടു പത്രിക പ്രകാശനം ചെയ്തു.

‘സംശുദ്ധം, സദ്ഭരണം’ എന്നതാണ് യുഡിഎഫ് വാഗ്ദാനം. കൂടുതൽ നിക്ഷേപം, തൊഴിൽ, കരുതൽ, കാരുണ്യം എന്നിവ അടിസ്ഥാന തത്വങ്ങൾ ആയിരിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എന്നീ മെയിലുകളിൽ അറിയിക്കാം. ജനക്ഷേമ പദ്ധതികൾ തദ്ദേശ തിരഞ്ഞെടുപ്പി‍ൽ എൽഡിഎഫിനു ഫലം ചെയ്തു എന്നു തിരിച്ചറിഞ്ഞാണ് ബജറ്റിനു മുൻപ് കരടു പ്രകടന പത്രികയുമായി യുഡിഎഫ് രംഗത്തു വന്നത്.

സാമുദായിക സൗഹാർദവും സമന്വയവുമാണ് യുഡിഎഫ് ലക്ഷ്യമെന്നു ചെന്നിത്തല പറഞ്ഞു. പ്രകടന പത്രികാ സമിതി ചെയർമാൻ ബെന്നി ബഹനാൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, അംഗങ്ങളായ എം.കെ. മുനീർ മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ പങ്കെടുത്തു.

പത്രികയിലെ പ്രധാന പദ്ധതികൾ:

∙ന്യായ് പദ്ധതി: കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച പദ്ധതിയാണിത്. മിനിമം ഇൻകം ഗാരന്റി സ്കീം ആയാണ് ഇതു വിഭാവനം ചെയ്യുന്നത്. പ്രതിവർഷം 72,000 രൂപ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണു ശ്രമം. 

∙ബിൽ രഹിത ആശുപത്രികൾ: ജനങ്ങൾക്കു പൂർണ സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.

∙സർക്കാർ സഹായങ്ങൾ: വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പുകൾ, തൊഴിലാളികൾക്കും തൊഴിൽരഹിതർക്കും കൂടുതൽ വേതനം, വയോധികർക്കു കൂടുതൽ പെൻഷൻ, റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില, തെങ്ങ്, നെല്ല് കർഷകർക്കായി വിപുലമായ പദ്ധതികൾ.

‘ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് ആരും പറഞ്ഞിട്ടില്ല. ഭക്ഷ്യ കിറ്റ് എന്ന ആശയം കൊണ്ടുവന്നതു തന്നെ യുഡിഎഫാണ്. പ്രകടന പത്രികയിലെ ചില പ്രധാന ആശയങ്ങളാണ് അവതരിപ്പിച്ചത്. ഇപ്പോഴത്തേതു തിരശീല ഉയർത്തൽ മാത്രമായി കണ്ടാൽ മതി.’

 രമേശ് ചെന്നിത്തല

Content Highlights: Kerala assembly election: Congress manifesto

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA