ADVERTISEMENT

വടക്കാഞ്ചേരിയിൽ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്നു പറയുന്നത് സ്ഥലം എംഎൽഎ അനിൽ അക്കര. നാറ്റത്തിന്റെ ഉറവിടം സർക്കാരാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. പക്ഷേ വടക്കാഞ്ചേരിയിൽ എല്ലാം ഭദ്രമാണെന്ന് അവിടത്തെ മുൻ എംഎൽഎയും മന്ത്രിയുമായ എ.സി. മൊയ്തീൻ ആണയിടുന്നു.

വിഷയം ലൈഫ് മിഷൻ ഫ്ലാറ്റ് തന്നെ. വിവാദത്തിന്റെ മുനയൊടിഞ്ഞെന്നു സർക്കാർ സമാധാനിച്ചിരിക്കുമ്പോഴാണു ഹൈക്കോടതി വിധി പ്രതിപക്ഷ ആരോപണത്തിന്റെ വായ്ത്തല രാകി മിനുക്കിയത്. അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ അനിൽ അക്കര, താൻ ലൈഫിനെയോ ഭൂമിയും വീടുമില്ലാത്തവർക്കു ഫ്ലാറ്റ് നൽകുന്ന പദ്ധതിയെയോ എതിർക്കുന്നില്ലെന്നു നയം വ്യക്തമാക്കി. പോരാത്തതിന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10 പേർക്ക് ഫ്ലാറ്റ് നൽകി സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയിട്ടുണ്ടെന്ന പലരും മറന്നു പോയ രഹസ്യം ഓർമിപ്പിക്കാനും മറന്നില്ല.

അഴിമതിക്കെതിരെ കത്തിക്കയറുമ്പോൾ അക്കരയ്ക്ക് വെള്ളം കുടിക്കേണ്ടി വന്നു. ‘വെള്ളം കുടിച്ചോളൂ’ എന്നു ഭരണപക്ഷം പ്രോത്സാഹിപ്പിച്ചു. വെള്ളം കുടിച്ചിട്ടാണു മനുഷ്യർ ജീവിക്കുന്നതെന്നും അതല്ലാതെ താൻ മറ്റൊന്നും കുടിക്കാറില്ലെന്നും അക്കര തിരിച്ചടിച്ചു. ലൈഫിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്നു താനല്ല ആദ്യം പറഞ്ഞതെന്നും മന്ത്രി തോമസ് ഐസക്കും സിപിഎം ചാനലിന്റെ മേധാവിയാണെന്നും അക്കര പറഞ്ഞു.

ആരോപണത്തിൽ പുതുതായി ഒന്നുമില്ലെന്നു നിസ്സാരവൽക്കരിക്കരിക്കുകയായിരുന്നു മന്ത്രി മൊയ്തീൻ. ആദ്യം ഒരു കോടി, പിന്നെ നാലരക്കോടി, ഇപ്പോൾ 9 കോടി വരെയായി അഴിമതിപ്പണം. എന്തായാലും ഇടപാടിൽ സിബിഐ അതിവേഗം കേസെടുത്തതു മന്ത്രിക്കു പിടിച്ചിട്ടില്ല. ടൈറ്റാനിയം അഴിമതിയിൽ പലവട്ടം ആവശ്യപ്പെട്ടിട്ടും കേസെടുക്കാത്ത സിബിഐയുടെ ഇരട്ടത്താപ്പാണു കാരണം.

മന്ത്രി പറയുന്നതു കേട്ടാൽ ശിവശങ്കർ തന്റെ ഓഫിസിലാണു ജോലി ചെയ്തതെന്നു തോന്നുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിനേറ്റ പ്രഹരമാണെന്നു ചെന്നിത്തല പറയുമ്പോൾ അതു സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നാണു മന്ത്രിയുടെ വാക്കുകൾ കേട്ടാൽ തോന്നുക. പതിവു പോലെ എല്ലാം കലാശിച്ചതു പ്രമേയത്തിന് അനുമതി നിഷേധിക്കലിലും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലുമാണ്.

ഇന്നത്തെ വാചകം

സിബിഐ വരുന്നതിനു മുൻപ് രായ്ക്കുരാമാനം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സെക്രട്ടേറിയറ്റിൽനിന്നു ഫയൽ മാറ്റാനാണ്.

 പ്രതിപക്ഷ നേതാവ്   രമേശ് ചെന്നിത്തല

Content Highlights: Kerala Govt on Life Mission flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com