ADVERTISEMENT

തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ സർക്കാരും സ്വർണക്കടത്തു കേസ് പ്രതികളും ചേർന്നു കോടികൾ തട്ടിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ വോക്കൗട്ട്. യുഎഇ റെഡ്ക്രസന്റുമായി നടത്തിയ എല്ലാ ചർച്ചകളിലും പങ്കെടുത്ത മുഖ്യമന്ത്രിക്ക് കോടികളുടെ കമ്മിഷനെക്കുറിച്ചു മാത്രം അറിയില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കുമെന്നു പ്രതിപക്ഷം ചോദിച്ചു.

വടക്കാഞ്ചേരി പദ്ധതിയിലെ അഴിമതി സിബിഐക്ക് അന്വേഷിക്കാമെന്ന ഹൈക്കോടതി വിധി, സർക്കാർ സ്വാഗതം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ അനിൽ അക്കര ചോദിച്ചു. വിധി സർക്കാരിന് അനുകൂലമാണെങ്കിൽ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്.

പദ്ധതിയിൽ നാലരക്കോടിയുടെ കമ്മിഷൻ ഉണ്ടെന്നു വെളിപ്പെടുത്തിയതു ധനമന്ത്രിയാണ്. യുഎഇ കോൺസുലേറ്റിലെ ഖാലിദിനെ അന്വേഷണ ഏജൻസി ഇവിടെ കൊണ്ടുവന്നു ചോദ്യം ചെയ്യും. എവിടെ വച്ചാണു കമ്മിഷൻ കൈമാറിയതെന്നും ചുവപ്പു ബോർഡ് വച്ച കാറിലാണോ അതു കൊണ്ടുപോയതെന്നും മറ്റുമുള്ള കാര്യങ്ങൾ ഖാലിദ് വെളിപ്പെടുത്തുമെന്നും അനിൽ അക്കര പറഞ്ഞു.

ഹൈക്കോടതി വിധിയെക്കുറിച്ചു സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ മറുപടി നൽകി. രാഷ്ട്രീയ നേതൃത്വത്തിനു മേൽ ക്രിമിനൽ ഉത്തരവാദിത്തം ചുമത്തരുതെന്നു ഹൈക്കോടതി വിധിയിൽ പറയുന്നുണ്ട്. 

ലൈഫ് പദ്ധതിയിൽ 835 കോടി രൂപ ചെലവഴിച്ചു 2.57 ലക്ഷം വീടുകൾ പൂർത്തിയാക്കി. അടുത്ത മാർച്ച് 31ന് അകം 15,000 വീടുകൾ കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന എം.ശിവശങ്കറിന്റെ നേതൃത്വത്തിലാണു പദ്ധതിയിലെ എല്ലാ കരാറുകളും ധാരണയാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എം.കെ.മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു. ബിജെപി നേതാവ് ഒ.രാജഗോപാലും വോക്കൗട്ടിൽ പങ്കെടുത്തു.

‘ലൈഫ് പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. ആർത്തി മൂത്ത ചിലർ കോടികൾ കൈക്കലാക്കിയതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്.’

  അനിൽ അക്കര എംഎൽഎ

‘മുഖ്യമന്ത്രിയെ പ്രതിപക്ഷം പേടിക്കുന്നതിനാൽ ആരോപണത്തിന്റെ കരിനിഴൽ പരത്തി അദ്ദേഹത്തെ വേട്ടയാടാനാണു ശ്രമം. അതിനു കോടതി കൃത്യമായ മറുപടി നൽകി.’

  മന്ത്രി എ.സി.മൊയ്തീൻ

‘ലൈഫ് അഴിമതിക്കേസ് സിബിഐ ശരിയായി അന്വേഷിച്ചാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പലരുടെയും കൈകളിൽ വിലങ്ങു വീഴും.’

  രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ല: മുല്ലപ്പള്ളി

കാസർകോട് ∙ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിരഹിതമായ ഭവനനിർമാണ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകും. സിബിഐ അന്വേഷണം പാവപ്പെട്ടവർക്കായുള്ള ഭവന നിർമാണ പദ്ധതി അട്ടിമറിക്കാനാണെന്ന സർക്കാർ വാദം ശരിയല്ല. മുഖ്യമന്ത്രിക്ക് ഒളിച്ചുവയ്ക്കാൻ പലതും ഉള്ളതിനാലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നത് – മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: Life Mission: Opposition walks out

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com