വർക്കല∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്കു റോഡരികിലെ കൂറ്റൻ പ്ലാവ് കടപുഴകി വീണു ഡ്രൈവർ മരിച്ചു. യാത്രക്കാരായ രണ്ടു ബന്ധുക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര പാണിയിൽ വീട്ടിൽ ദുഷ്യന്തന്റെയും ഉഷയുടെയും മകൻ വിഷ്ണുവാണ്(30) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മരക്കടമുക്ക്–ചെറുന്നിയൂർ ദളവാപുരം റോഡിൽ അപകടം നടന്നത്. ഡ്രൈവർ സീറ്റിന്റെ ഭാഗത്താണു പ്ലാവ് വീണത്.

ഓട്ടോയിൽ കുടുങ്ങിയ വിഷ്ണുവിനെ മരം മുറിച്ചു മാറ്റി വർക്കല അഗ്നിശമനസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 മീറ്റർ ഉയരമുള്ള പ്ലാവാണ് മഴയിൽ കടപുഴകിയത്. യാത്രക്കാരായ വിഷ്ണുവിന്റെ ബന്ധുക്കളായ മനു(37), ശരത്(32) എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Content Highlights: Auto Rickshaw accident Varkala