ADVERTISEMENT

കൊച്ചി ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും നൽകുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായല്ലെന്നും പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിൽ 4 മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിനു ഹൈക്കോടതി നിർദേശം. കോട്ടയത്തെ കാത്തലിക് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള 80:20 എന്ന അനുപാതത്തിന്റെ യുക്തിയില്ലായ്മ ഉൾപ്പെടെ വിശദീകരിച്ചു നവംബർ 25നു ചീഫ് സെക്രട്ടറിക്കു നൽകിയ നിവേദനത്തിൽ നടപടിയെടുത്തില്ലെന്നു ഹർജിയിൽ പറയുന്നു.

 

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ വരുന്നതും അല്ലാത്തതുമായ ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, പരിശീലന കേന്ദ്രങ്ങൾ, ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിന്നുള്ള വായ്പകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ അനുവദിക്കുന്നതു ജനസംഖ്യയ്ക്ക് ആനുപാതികമായി പുതുക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ മുസ്‌ലിംകൾ ജനസംഖ്യയുടെ  26.56 %, ക്രിസ്ത്യൻ– 18.38%, മറ്റു ന്യൂനപക്ഷങ്ങൾ– 0.34% എന്നിങ്ങനെയാണെന്നു ഹർജിക്കാർ അറിയിച്ചു. നിലവിൽ മുസ്‌ലിംകൾക്കു 80 %, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 % എന്ന അനുപാതത്തിലാണു സർക്കാർ പദ്ധതികളും ഫണ്ടുകളും ആനുകൂല്യങ്ങളും നൽകുന്നത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അധികാര ദുർവിനിയോഗം നടത്തി ആനുകൂല്യങ്ങളും പദ്ധതികളും ഒരു വിഭാഗത്തിനു മാത്രമായി കൂടുതൽ നൽകുകയാണെന്നും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവരോടു അനീതി കാട്ടുകയാണെന്നും ഹർജിയിൽ പറയ‌ുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളുടെ 40.9 ശതമാനത്തിന് അർഹതയുണ്ട്. ന്യൂനപക്ഷക്ഷേമ കമ്മിഷന്റെ കാര്യത്തിലും അനീതി നിലനിൽക്കുന്നതായി ഹർജിയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com