ADVERTISEMENT

പാലക്കാട് ∙ മേൽക്കൂര ചോരുന്നതു തടയാൻ ഓടിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച വീട്ടിലാണ് എട്ടാം ക്ലാസുകാരി കെ.സ്നേഹയുടെ താമസം. ബജറ്റിന്റെ ആമുഖമായി സ്ഥാനംപിടിച്ച കവിതയുടെ രചയിതാവായി ശ്രദ്ധാകേന്ദ്രമായപ്പോഴും വീടിന്റെയല്ല, താൻ പഠിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണു സ്നേഹ ആവശ്യപ്പെട്ടത്. കുളവൻമുക്കിൽ കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ സ്വകാര്യ കെട്ടിടത്തിലാണു കുഴൽമന്ദം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുതുക്കിപ്പണിയണമെന്ന ആവശ്യത്തിലൂടെ എഴുത്തിൽ മാത്രമല്ല, ജീവിതത്തിലും സമൂഹത്തോടുകരുതൽ സൂക്ഷിക്കുന്ന മിടുക്കിയാണെന്നു സ്നേഹ തെളിയിച്ചു. 

ക്ലാസ് ടീച്ചറായ ബാബു ആവശ്യപ്പെട്ടതനുസരിച്ചാണു മേയിൽ കവിത എഴുതി നൽകിയത്. കോവിഡ് കാലത്തു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘അക്ഷരവൃക്ഷം’ പരിപാടിയിലേക്കു കവിത അയച്ചത് അദ്ദേഹമായിരുന്നു. പിന്നീട് അതേക്കുറിച്ചു മറന്നു. എന്നാൽ, ഇന്നലെ രാവിലെ ബജറ്റ് അവതരണം തുടങ്ങി വൈകാതെ മന്ത്രിയുടെ സ്റ്റാഫ് വിളിച്ചു സന്തോഷവാർത്ത അറിയിച്ചു. തന്റെ കവിത സംസ്ഥാനമാകെ പ്രശസ്തി നേടിയെന്ന് അറി‍ഞ്ഞപ്പോൾ അദ്ഭുതവും അമ്പരപ്പും ഒരുമിച്ചായിരുന്നു. ശ്രദ്ധനേടിയതു കവിതയിലൂടെയാണെങ്കിലും സ്നേഹയ്ക്കു കഥയോടാണു കൂടുതൽ ഇഷ്ടം. മാധവിക്കുട്ടിയാണു പ്രിയപ്പെട്ട എഴുത്തുകാരി. ട്രാക്ടർ ഡ്രൈവറായ അച്ഛൻ കണ്ണനും, അമ്മ രുമാദേവിയും, കുഴൽമന്ദം ഗവ. സ്കൂളിൽ തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയായ രുദ്രയും അടങ്ങുന്നതാണു കുടുംബം. 

പ്ലാൻ ഫണ്ടിൽനിന്നു സ്കൂളിനു 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്തു കെട്ടിട നിർമാണ നടപടി ആരംഭിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പറഞ്ഞു.

snehahouse
കെ.സ്നേഹ ചേച്ചി രുദ്ര, അച്ഛൻ കെ.കണ്ണൻ, അമ്മ വി. രുമാദേവി എന്നിവർക്കൊപ്പം വീടിനു മുന്നിൽ.

സ്നേഹയുടെ സ്കൂൾ നന്നാക്കും

സ്നേഹ പഠിക്കുന്ന പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിന്റെ പോരായ്മകൾ പരിഹരിക്കും. അതു ഞാൻ ഗാരന്റി ചെയ്യുന്നു. പ്രായോഗിക തടസ്സങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കും.

-മന്ത്രി തോമസ് ഐസക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com