ADVERTISEMENT

കൊട്ടാരക്കര/പത്തനാപുരം ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്– യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസും കാഴ്ചക്കാരായി. 

പിഎയ്ക്കെതിരെ കേസെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും കുന്നിക്കോട് പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രദീപിനെതിരെ ഒടുവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, രാജു, സുധീഷ് എന്നിവർക്കാണു മർദനമേറ്റത്.

ഗണേഷ്കുമാർ പങ്കെടുത്ത കോക്കാട് ക്ഷീര ഉൽപാദകസംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങിലാണു കേരള കോൺഗ്രസ് (ബി), കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രദീപ് കോട്ടാത്തലയ്ക്കെതിരെ കേസെടുക്കാൻ ആദ്യം വിസമ്മതിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് അംഗത്തെയും കെട്ടിടം ഉദ്ഘാടനത്തിനു വിളിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തു പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കീറിക്കളഞ്ഞതായി കോൺഗ്രസ് ആരോപിക്കുന്നു. ഉദ്ഘാടനച്ചടങ്ങിന് എംഎൽഎ എത്തിയപ്പോൾ പ്ലാക്കാർഡുകളുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. 

ഇതോടെ കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ പ്രദീപും എംഎൽഎയുടെ ഡ്രൈവറും ഉൾപ്പെടെയുള്ളവർ ചാടി വീണു. തുടർന്ന് എംഎൽഎയുടെയും പൊലീസിന്റെയും കൺമുന്നിൽ പ്രവർത്തകരെ സംഘം മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. തുടർന്നാണു കേസെടുത്തത്.

എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ചതാണ് പ്രശ്നത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകരാണ് മർദനം നടത്തിയതെന്നും കേരള കോൺഗ്രസ്(ബി) പ്രവർത്തകർ ആരോപിച്ചു. തങ്ങളുടെ പ്രവർത്തകനു പരുക്കേറ്റെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com