ADVERTISEMENT

കൃതി വാതകത്തിന്മേലുള്ള (സിഎൻജി, എൽഎൻജി) മൂല്യവർധിത നികുതി (വാറ്റ്) 14.5 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറച്ചതിനു പുറമേ, മറ്റു ചില മേഖലകളിലും നികുതിക്കാര്യത്തിൽ ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.

ആംനെസ്റ്റി പദ്ധതി

പൊതു വിൽപന നികുതി: കുടിശിക ഒത്തുതീർപ്പാക്കാനുള്ള പദ്ധതി തുടരും. 2005 മുതൽ 2017–18 വരെയുള്ള കുടിശിക തീർപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിലാണു പ്രഖ്യാപിച്ചത്. പദ്ധതിയിൽ പിഴയ്ക്കു മാത്രമേ ഇളവുള്ളൂ. ട്രൈബ്യൂണൽ, കോടതികൾ എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കണമെന്നതാണു നിബന്ധന. 2005 മുതൽ പൊതു വിൽപന നികുതി ബാർ ഹോട്ടലുകൾക്കും ഓയിൽ കമ്പനികൾക്കും മാത്രമായിരുന്നു ബാധകം. ബാർ ഹോട്ടലുകളുടെ കാര്യത്തിൽ ടേണോവർ ടാക്സ് കണക്കാക്കുന്ന രീതിയെക്കുറിച്ചുള്ള തർക്കം തീർപ്പായത് 2018 ൽ ആണ്.

∙ മൂല്യവർധിത നികുതി: കഴിഞ്ഞ വർഷം വാറ്റ് കുടിശികയ്ക്കായി നടപ്പാക്കിയ പദ്ധതി പുതിയ വർഷത്തിലും തുടരും. വാറ്റ് കൂടാതെ കേന്ദ്ര വിൽപന നികുതി, ആഡംബര നികുതി, കേരള കാർഷിക ആദായ നികുതി എന്നിവയുടെ കുടിശികയ്ക്കും പദ്ധതി ബാധകമാണ്. കുടിശിക ഒരുമിച്ചടച്ചാൽ നികുതിയിൽ 40% ഇളവുണ്ട്. തവണകളായി അടച്ചാൽ ഇളവ് 30%. ഓപ്ഷനുള്ള അപേക്ഷ ഓഗസ്റ്റ് 31ന് മുൻപ് ഫയൽ ചെയ്യണം.

ബാർ ഹോട്ടലുകൾക്ക് ഇളവ്

2014–15 ലെ അബ്കാരി നയം അനുസരിച്ച് ബാർ ഹോട്ടലുകൾക്കു ചില ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. അടച്ചുപൂട്ടുകയും പിന്നീട് ലൈസൻസ് ലഭിക്കുകയും ചെയ്ത ഇത്തരം ഹോട്ടലുകൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാതെ വന്നിട്ടുണ്ട്. 

അസസ്മെന്റിൽ ചുമത്തിയ ടേണോവർ ടാക്സിന്റെ കാര്യത്തിൽ കോംപൗണ്ടിങ് രീതിയിൽ നികുതി കണക്കാക്കി അടയ്ക്കാൻ അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം 2020–21 ൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്കും ഈ ഇളവ് 2020 ഡിസംബർ 31വരെയുള്ള കുടിശികയ്ക്കു ബാധകമാക്കിയിട്ടുണ്ട്.

ഇതിനുള്ള അപേക്ഷ ജൂൺ 30ന് അകം നൽകണം. തുക ജൂലൈ 31ന് അകം അടയ്ക്കണം. 2015–16 ൽ ലൈസൻസ് നഷ്ടപ്പെട്ടവർക്കും ഈ ആനുകൂല്യം ബാധകമാണെന്ന് നിയമത്തിൽ വ്യക്തത വരുത്തും.

സ്റ്റാംപ് ഡ്യൂട്ടി

കെഎസ്ഐഡിസി, കിൻഫ്ര, സിഡ്കോ, സർക്കാർ രൂപീകരിക്കുന്ന വ്യവസായ വികസന സ്പെഷൽ പർപ്പസ് വെഹിക്കിൾ തുടങ്ങിയവയുടെ വ്യവസായ പ്ലോട്ടുകളുടെയും ഷെഡുകളുടെയും ലീസ്, ലീസ് കം സെയിൽ, വിൽപന കരാറുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി നിരക്ക് 4 ശതമാനമാകും. റജിസ്ട്രേഷൻ ഫീ 1%. നിലവിൽ ഇത് യഥാക്രമം 8%, 2%.

2018–19 ബജറ്റിൽ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ നടപ്പാക്കിയ കോംപൗണ്ടിങ് പദ്ധതി പുതിയ സാമ്പത്തിക വർഷത്തിലേക്കും നീട്ടും. 100 കോടി രൂപയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com