ADVERTISEMENT

കശുവണ്ടി മേഖലയിൽ അടുത്ത സാമ്പത്തിക വർഷം 2000 പേർക്കുകൂടി തൊഴിൽ നൽകുമെന്നു ബജറ്റ് പ്രഖ്യാപനം. അടുത്ത വർഷം 30,000 ടൺ തോട്ടണ്ടി ഇറക്കുമതിയാണു ലക്ഷ്യം. 40 കോടി കാഷ്യു ബോർഡിന് അനുവദിച്ചു. കാപ്പെക്സിന്റെയും കശുവണ്ടി കോർപറേഷന്റെയും നവീകരണത്തിന് 10.5 കോടി രൂപയും കശുമാവുകൃഷി വ്യാപനത്തിന് 5.5 കോടി രൂപയും വകയിരുത്തി. 2011 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശിക കൊടുത്തുതീർക്കാൻ 63 കോടി കൂടി അനുവദിച്ചു.

കന്നുകുട്ടി പരിപാലന പദ്ധതിക്ക് 50 കോടി

മൃഗപരിപാലനത്തിനായി ബജറ്റിൽ 385 കോടി രൂപ വകയിരുത്തി. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് 50 കോടി. രാത്രിയിലടക്കം കൃഷിക്കാർക്കു വെറ്റ‍റിനറി സേവനങ്ങൾ ലഭ്യമാക്കാൻ ആംബുലൻസ് സൗകര്യമടക്കമുള്ള കേന്ദ്രങ്ങൾ ബ്ലോക്കുകളിൽ സ്ഥാപിക്കാൻ 10 കോടി. ഡെയറി വകുപ്പിന് 96 കോടി. 40 കോടി രൂപ മിൽക്ക് ഷെഡ്, തീറ്റപ്പുല്ല് വികസന പദ്ധതിക്കും 14 കോടി കാലിത്തീറ്റ സബ്സിഡിക്കും വകയിരുത്തി.

കയർ മേഖലയിൽ 10,000 തൊഴിൽ കൂടി

തിരുവനന്തപുരം ∙ കയർ മേഖലയിൽ 10,000 പേർക്ക് അധികമായി തൊഴിൽ നൽകുമെന്ന് പ്രഖ്യാപനം. 112 കോടി രൂപ വകയിരുത്തി. 41 കോടി രൂപ യന്ത്ര‍വൽക്കരണത്തിനും 38 കോടി രൂപ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന (പ്രൈസ് ‍ഫ്ല‍‍ക്‌ച്വേഷൻ) ഫണ്ടി‍നുമാണ്. ഇതിനു പുറമേ എൻ‍സിഡിസിയിൽ നിന്നു 100 കോടിയും കയർ ബോർഡിൽ നിന്നു ക്ലസ്റ്റർ രൂപീകരണത്തിന് 50 കോടിയും ലഭ്യമാകും. കയർപ്പിരി മേഖലയിൽ ഇൻകം സപ്പോർട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിയിരുന്ന സ്ഥാനത്ത് സബ്സിഡി ഇല്ലാതെ ശരാശരി 500 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയർത്തും. 

ചകി‍രിമില്ലുകളുടെ എണ്ണം 30, ‍ഓ‍ട്ടമാറ്റിക് സ്പിന്നിങ് മെഷീനുകൾ 4000, ഓട്ടമാറ്റിക് ‍ലൂ‍ം 200 എന്നിങ്ങനെ ഉയരും. ചേർത്തല പള്ളിപ്പുറം ഗ്രോത്ത് സെന്ററിൽ 10 ഏക്കറിൽ കയർ ക്ലസ്റ്റർ സ്ഥാപിക്കും. കയർ ബൈൻഡർ‍ലെസ് ബോർഡ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറി കണിച്ചുകുളങ്ങരയിൽ സ്ഥാപിക്കും. 10 യന്ത്രവൽകൃത സഹകരണ ഉൽപന്ന ഫാക്ടറികൾക്കു തുടക്കം കുറിക്കും.

തോടിനും പുഴയ്ക്കും കയർ ഭൂവസ്ത്രം

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 10,000 കിലോമീറ്റർ തോടുകളും 100 കിലോമീറ്റർ പുഴകളും വൃത്തിയാക്കി കയർ ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുമെ‍ന്നു ബജറ്റിൽ പ്രഖ്യാപനം. പച്ചത്തുരുത്തു‍കളുടെ വിസ്തൃതി 529 ഏക്കറിൽ നിന്ന് 1000 ഏക്കറിലേ‍ക്കു വ്യാപിപ്പിക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വലിയ കുളം വീത‍മെങ്കിലും പുനരുജ്ജീവിപ്പിക്കും. 1000 ഹരിതസമൃദ്ധി വാർഡുകൾ കൂടി സൃഷ്ടിക്കും. എല്ലാ ഹയർ സെക്ക‍ൻഡറി സ്കൂളുകളിലും ജല ഗുണനിലവാര നിർ‍ണയ ലാബ് സ്ഥാപിക്കും. മാതൃകാ ബ്ലോക്കുകളിൽ ജല ബജറ്റിനു രൂപം നൽകും. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നീർത്തട വികസന രേഖ തയാറാക്കും.

8 വൈദ്യുത പദ്ധതികൾ കമ്മിഷനിങ്ങിലേക്ക്

170 മെഗാവാട്ട് സ്ഥാപിതശേഷിയും 45.2 കോടി യൂണിറ്റ് ഉൽപാദനവുമുള്ള 8 ജലവൈദ്യുത പദ്ധതികൾ അടുത്ത സാമ്പത്തിക വർഷം കമ്മിഷൻ ചെയ്യും. 414 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 13 ജലവൈദ്യുത പദ്ധതികളുടെ നിർമാണവും ആരംഭിക്കും.

വിശക്കില്ല

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. ആയിരത്തിലേറെ ന്യായവില ഹോട്ടലുകൾ കുടുംബശ്രീ ആരംഭിച്ചു. ഇവിടേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നിന്നു വാങ്ങാം. മറ്റു സന്നദ്ധ സംഘടനകളും പദ്ധതിയിൽ പങ്കാളിയായാൽ ഈ ആനുകൂല്യം ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com