ADVERTISEMENT

തൊഴിൽ

സർക്കാർ രൂപീകരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്കു ജോലി നൽകാൻ വിപുലമായ പദ്ധതി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) വികസിപ്പിക്കുന്ന പോർട്ടൽ വഴി അടുത്തമാസം റജിസ്ട്രേഷൻ ആരംഭിക്കും. ആദ്യവർഷം 3 ലക്ഷം തൊഴിലാണു ലക്ഷ്യം. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ കേരളത്തിലേക്കു വന്നവർക്കും അവസരം ഉപയോഗപ്പെടുത്താം.

കമ്പനികൾക്കു സ്റ്റാഫ് ആയോ ഫ്രീലാൻസ് ആയോ ഈ പ്ലാറ്റ്ഫോമിൽനിന്നു ജീവനക്കാരെ തിരഞ്ഞെടുക്കാം. സ്ഥിര ജോലിക്കു പുറമേ ഹ്രസ്വകാല ജോലികൾക്ക് ഊന്നൽ നൽകുന്ന ഗിഗ് ഇക്കോണമിയിലേക്കു കൂടിയുള്ള സംസ്ഥാനത്തിന്റെ ചുവടുവയ്പാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമല്ലാത്തതുകൊണ്ടു തന്നെ തൊഴിലിടങ്ങളിൽ അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇതു പരിഹരിക്കാൻ സർക്കാർ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഇവ:

∙ പിഎഫിലെ തൊഴിലുടമവിഹിതം സർക്കാർ അടയ്ക്കും.

∙ പിഎഫ് വേണ്ടെങ്കിൽ ജോലി കഴിയുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ ആനുകൂല്യത്തിന്റെ ഇൻഷുറൻസ് പ്രീമിയം സർക്കാർ വക.

∙ ആരോഗ്യ ഇൻഷുറൻസ്

∙ കംപ്യൂട്ടറും സാങ്കേതിക ഉപകരണങ്ങളും വാങ്ങാൻ കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി വായ്പ; തിരിച്ചടവിനു രണ്ടുവർഷം. അതിനിടെ ജോലി പോയാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതി.

∙ ആവശ്യമെങ്കിൽ സഹായവാടകയ്ക്കു വർക്ക് സ്റ്റേഷൻ.

60 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം

അഭ്യസ്തവിദ്യരായ 60 ലക്ഷത്തോളം യുവാക്കൾക്ക് പുതിയകാല നൈപുണ്യ പരിശീലനം നൽകാൻ 200 കോടി രൂപയുടെ സമ്പദ്ഘടനാ ഫണ്ട്. ഇതിനുവേണ്ടി കെ-ഡിസ്കിനു കീഴിൽ സ്കിൽ മിഷനു രൂപം നൽകും.

കുറച്ചുനാൾ ജോലി ചെയ്തശേഷം ദീർഘനാൾ ഇടവേള എടുത്തവരെ ഹ്രസ്വകാല പരിശീലനത്തിലൂടെ തൊഴിൽസജ്ജമാക്കും. ബിരുദധാരികളായ ചെറുപ്പക്കാർക്കു ദീർഘകാല പരിശീലനം നൽകും. പദ്ധതി ഗുണഭോക്താക്കളിൽ 75 % യുവതികളായിരിക്കും. ഇവരെ കണ്ടെത്താൻ കുടുംബശ്രീക്ക് 5 കോടി രൂപ വകയിരുത്തി.

ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, നിർമിത ബുദ്ധി തുടങ്ങിയ മേഖലകൾക്കു പുറമേ ഡിജിറ്റൽ സ്കിൽസ്, ലൈഫ് സ്കിൽസ്, ബിസിനസ് സ്കിൽസ്, ഫിൻടെക് സ്കിൽസ് തുടങ്ങിയവയിൽ പരിശീലനം നൽകും.

കെ–ഡിസ്ക് അടിമുടി മാറും

സാങ്കേതികവിദ്യയിൽ ഊന്നിയ ക്രിയാത്മകമായ പദ്ധതികൾ നിർദേശിക്കാനുള്ള അഡ്വൈസറി സംവിധാനമായ കെ-ഡിസ്ക് മുഖ്യമന്ത്രി അധ്യക്ഷനായുള്ള റജിസ്റ്റേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും.

കെ–ഡിസ്ക് ചെയർമാനായി ഡോ. കെ.എം ഏബ്രഹാം തുടരും. മന്ത്രിമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സ്കിൽ ട്രെയിനിങ് സ്ഥാപനങ്ങൾക്ക് പ്രാതിനിധ്യമുണ്ടാകും. ഇതിനുപുറമെ രാജ്യാന്തര പ്രശസ്തിയുള്ള വിദഗ്ധർക്കും അംഗത്വം നൽകും. കെ-ഡിസ്കിന്റെ ചുമതല മുഖ്യമായും ഏകോപനവും മേൽനോട്ടവുമാണ്.

ടൂറിസം പ്രചാരണത്തിന് 100 കോടി

കോവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്കു കൈത്താങ്ങുമായി പ്രഖ്യാപനങ്ങൾ. ടൂറിസം പ്രചാരണത്തിനു 100 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ തവണത്തെക്കാൾ 40% വർധന. ഇതര സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി ഈ സാമ്പത്തിക വർഷം 25 കോടിയും അനുവദിച്ചു.

മൂന്നാറിൽ ടാറ്റ എസ്റ്റേറ്റിന്റെ ഭൂമിയിൽ ട്രെയിൻ യാത്രാപദ്ധതി പുനരാരംഭിക്കുമെന്നും വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, നേരത്തേ പ്രഖ്യാപിച്ച് ചുവപ്പുനാടയിൽ കുരുങ്ങിയ, ടൂറിസം സംരംഭകർക്കുള്ള 450 കോടി രൂപയുടെ വായ്പാ പദ്ധതിയെക്കുറിച്ചു പരാമർശമില്ല.

∙ ടൂറിസം കേന്ദ്രങ്ങളുടെ സൗകര്യവികസനം – 117 കോടി

∙ മുസിരിസ്, ആലപ്പുഴ, തലശ്ശേരി, തിരുവനന്തപുരം, കോഴിക്കോട് പൈതൃക ടൂറിസം പദ്ധതികൾ– 40 കോടി

∙ ചാംപ്യൻസ് ബോട്ട് ലീഗ്– 20 കോടി

∙ പഠന യാത്രകൾക്കു പ്രോത്സാഹനം– 5 കോടി

∙ ടൂറിസം ഗെസ്റ്റ് ഹൗസുകളുടെ നവീകരണം– 25 കോടി

∙ സ്വകാര്യ മേഖലയിലെ പൈതൃക വാസ്തുശിൽപ സംരക്ഷണം– 13 കോടി

∙ ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും കെടിഡിസിക്കും– 10 കോടി

∙ കൊച്ചി ബിനാലെ– 7 കോടി

∙ ഇക്കോ ടൂറിസം ഉൽപന്നങ്ങളുടെ പ്രോത്സാഹനം– 3 കോടി

∙ ആലപ്പുഴ ആഗോള ചിത്രപ്രദർശനം– 2 കോടി

ക്ഷേമനിധി ബോർഡ് പ്രയോജനകരം

-ഇ.എം.നജീബ് പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി

പ്രചാരണത്തിനു കൂടുതൽ തുക നീക്കിവയ്ക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ചു. ക്ഷേമനിധി ബോർഡ് തുടങ്ങാനുള്ള തീരുമാനം ടൂറിസം രംഗത്തെ ലക്ഷക്കണക്കിനു വരുന്ന ജീവനക്കാർക്കു പ്രയോജനപ്പെടും.

കുടുംബശ്രീ: 1749 കോടി 

കുടുംബശ്രീക്കു കരുത്തേകാൻ 1749 കോടി രൂപ വകയിരുത്തി. സിഡിഎസ് ചെയർപഴ്സൻമാരുടെ ഓണറേറിയം 8000 രൂപയായി ഉയർത്തി. സിഡിഎസ് അംഗങ്ങൾക്കു യാത്രച്ചെലവായി 500 രൂപ വീതം പ്രതിമാസം നൽകും. കുടുംബശ്രീ പദ്ധതി വിഹിതം 385 കോടി രൂപയാണ്. വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെയും കോവിഡ്കാലത്തു നടപ്പാക്കിയ, മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെയും പലിശ സബ്സിഡിക്കായി 300 കോടിയും കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ–നഗര ഉപജീവന പദ്ധതികൾ, സ്റ്റാർട്ടപ് വില്ലേജ് ഒൻട്രപ്രനർഷിപ്, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന – നൈപുണി വികസന പദ്ധതി, പ്രധാനമന്ത്രി നഗര ആവാസ് യോജന എന്നിവയിൽ നിന്ന് 1064 കോടിയും ലഭിക്കും.

20 ലക്ഷം പേർക്കു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നൽകുന്ന പദ്ധതിയിൽ അർഹരായവരെ കണ്ടെത്തേണ്ട ചുമതല കുടുംബശ്രീക്കാണ്. 5 കോടി ഇതിന് അനുവദിച്ചു.കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവർക്ക് സ്വയംതൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികൾ തയാറാക്കും. ഇതുവഴി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും.കുടുംബശ്രീ നടപ്പാക്കിയ എറൈസ് പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീകളുടെ മൾട്ടി ടാസ്ക് ടീമുകൾ രൂപീകരിക്കും.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കാനുള്ള ചുമതലയും കുടുംബശ്രീക്ക്.വയനാട് കാപ്പി ബ്രാൻഡിന്റെ 500 ഓഫിസ് വെൻഡിങ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി പ്രവർത്തിപ്പിക്കും. 20 കോടി രൂപ അനുവദിച്ചു.

3 ലക്ഷം പേർക്കു കൂടി തൊഴിൽ

ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ 3 ലക്ഷം പേർക്കു കൂടി തൊഴിൽ നൽകുന്നതിനൊപ്പം ഈ സാമ്പത്തിക വർഷം ശരാശരി 75 തൊഴിൽ ദിനങ്ങളും ഉറപ്പാക്കും. നിലവിലുള്ളതു 14 ലക്ഷത്തോളം അംഗങ്ങൾ. തൊഴിലാളികൾക്കുള്ള ക്ഷേമനിധി അടുത്തമാസം നിലവിൽവരും. വർഷം 20 ദിവസമെങ്കിലും പണിയെടുക്കുന്നവർക്കു ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിനു തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽനിന്നു പുറത്തുപോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിനു ലഭിക്കും. 60 വയസ്സു കഴിഞ്ഞവർക്കു മറ്റു പെൻഷനുകൾ ഇല്ലെങ്കിൽ ക്ഷേമനിധിയിൽ നിന്നു പെൻഷൻ നൽകും. 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്ത നൽകും.

നഗരപ്രദേശത്തെ തൊഴിലുറപ്പു പദ്ധതിയായ അയ്യങ്കാളി പദ്ധതിക്ക് 200 കോടി രൂപ വകയിരുത്തി. വിദഗ്ധമേഖലയിൽ വിദ്യാഭ്യാസം നേടിയ യുവാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇവർക്കു സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളായി/ ഇന്റേണുകളായി ജോലി നൽകിയാൽ തൊഴിലുറപ്പു കൂലി സംരംഭകർക്കു സബ്സിഡിയായി നൽകും.

∙ ലേബർ കമ്മിഷണറേറ്റിനു 100 കോടി.

∙ അസംഘടിത തൊഴിലാളികളുടെ സുരക്ഷയ്ക്കു 13 കോടി.

∙ ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക ധനസഹായം 5 കോടി.

∙ പരമ്പരാഗത തൊഴിലാളികൾക്കു വരുമാനം ഉറപ്പാക്കൽ പദ്ധതിക്ക് 72 കോടി.

∙ അതിഥിത്തൊഴിലാളി ക്ഷേമം– 10 കോടി.

∙ അതിഥിത്തൊഴിലാളികൾക്കു പായിപ്പാട്, പട്ടാമ്പി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ താമസകേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കും.

∙ വിധവകൾ, അവിവാഹിതരായ അമ്മമാർ, മാറാരോഗികളുടെ ഭാര്യമാർ എന്നിവർക്കു സ്വയംതൊഴിൽ പരിപാടി– 18 കോടി.

∙ ഭിന്നശേഷിക്കാർക്കു സ്വയംതൊഴിൽ പുനരധിവാസം– 6 കോടി.

∙ വ്യവസായ പരിശീലനം– 98 കോടി.

∙ ഐടിഐകളുടെ നവീകരണം– 51 കോടി.

കരുതലിനും പുരോഗതിക്കും

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 25% കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പദ്ധതി. തദ്ദേശസ്ഥാപനങ്ങളിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ക്രൈം മാപ്പിങ്. കുടുംബശ്രീ നടപ്പാക്കുന്ന ബോധവൽക്കരണത്തിന് 20 കോടി രൂപയും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന് 7 കോടിയും നൽകും.

∙ സ്ത്രീസൗഹൃദ പദ്ധതികൾക്കായി 1347 കോടി

∙ നിർഭയ ഷോർട് സ്റ്റേ ഹോമുകൾക്ക് 10 കോടി

∙ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ 40 കോടി രൂപ ചെലവിൽ രാജ്യാന്തര ട്രേഡ് സെന്റർ.

∙ ട്രാൻസ്ജെൻഡർ ക്ഷേമത്തിനുള്ള ‘മഴവില്ല്’ പരിപാടിക്ക് 5 കോടി രൂപ.

∙ വീട്ടുപകരണങ്ങൾ വാങ്ങാൻ കെഎസ്എഫ്ഇ വഴി സ്മാർട് കിച്ചൻ ചിട്ടി. ഉപകരണ വില തവണകളായി അടച്ചു തീർത്താൽ മതി. പലിശ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഗുണഭോക്താവും പങ്കിടും. 

വ്യക്തതയില്ല

വൻകിട പദ്ധതികളുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നേയുള്ളൂ. വനിതകളുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും 20 ലക്ഷം സ്ത്രീകൾക്കു തൊഴിൽ നൽകുമെന്നും പറയുന്നു. എവിടെ, എങ്ങനെയെന്നു വ്യക്തമല്ല. ഏതൊക്കെ നൈപുണ്യങ്ങളിൽ, എവിടെ പരിശീലനം എന്നറിയില്ല. ലിംഗസമത്വവും തുല്യവേതനവും വിഷയമാകുന്നുമില്ല.

- ഡോ. എസ്.കെ. മഞ്ജുദാസ്. അസി. പ്രഫസർ, ആൽബേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊച്ചി

3 വ്യവസായ ഇടനാഴികൾക്ക് 50,000 കോടി

അരലക്ഷം കോടി രൂപ മുതൽമുടക്കിൽ കൊച്ചി–പാലക്കാട്, കൊച്ചി–മംഗളൂരു, വിഴിഞ്ഞം–നാവായിക്കുളം വ്യവസായ ഇടനാഴികളുടെ നിർമാണം ഈ വർഷം തുടങ്ങും.

∙ കൊച്ചി–പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി അങ്കമാലി അയ്യമ്പുഴയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) സ്ഥാപിക്കാൻ 20 കോടി രൂപ.

∙ കൊച്ചി– മംഗളൂരു വ്യവസായ ഇടനാഴിയുടെ മാസ്റ്റർപ്ലാൻ ഉടൻ.

∙ കണ്ണൂർ വിമാനത്താവളത്തിനടുത്ത് 5000 ഏക്കർ ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 12,000 കോടി രൂപ.

∙ തിരുവനന്തപുരത്ത് കാപ്പിറ്റൽ സിറ്റി റീജനൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്ററിൽ ആറുവരിപ്പാത. ഇരുവശങ്ങളിലുമായി 10,000 ഏക്കറിൽ നോളജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ ശൃംഖല. 25,000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷ. പദ്ധതിക്ക് സീഡ് മണിയായി 100 കോടി രൂപ.

∙ കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എൻജിനീയറിങ് ഇൻഡസ്ട്രിയൽ പാർക്കിന് 5 കോടി രൂപ. കിൻഫ്ര ഫിലിം വിഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 7 കോടി. കെൽട്രോൺ വികസനത്തിന് 25 കോടി.

∙ കേരള റബർ കമ്പനിക്ക് 4.5 കോടി.

കോളജുകളും ഇനി ഡിജിറ്റൽ

3– 5 ലക്ഷം വിദ്യാർഥികൾക്കു കൂടി പഠനസൗകര്യമൊരുക്കും. ഈ വർഷം 10% സീറ്റ് വർധന; പുതിയ കോഴ്സുകളിലൂടെയും മറ്റും 20,000 അധിക സീറ്റ്.

∙ സർവകലാശാലകളിൽ പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബി വഴി 2000 കോടി രൂപ. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി.

∙ അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൈസ് ചെയ്യാൻ കിഫ്ബിയിൽ നിന്ന് 150 കോടി രൂപ.

∙ സർവകലാശാലകളിൽ ഒഴിഞ്ഞുകിടക്കുന്ന 886 തസ്തികകൾ നികത്തും. പുറമേ 150 അധ്യാപക തസ്തിക അനുവദിക്കും.

∙ 500 പേർക്കു മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്; 2 വർഷത്തേക്കു പ്രതിമാസം 50,000– ഒരു ലക്ഷം രൂപ. വേണമെങ്കിൽ ഒരു വർഷം കൂടി നീട്ടാം.

∙ സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ.

∙ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 120 കോടി രൂപ. മുഴുവൻ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും. ലാബുകൾ നവീകരിക്കും. സ്ഥലം കുറവുള്ള സ്കൂളുകൾക്ക് കൂടുതൽ സ്ഥലം വാങ്ങും. കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തും.

∙ എല്ലാ സ്കൂളുകളിലും കൗൺസലർമാരെ നിയോഗിക്കും. ഇവരുടെ ഓണറേറിയം 24,000 രൂപയാക്കി.

∙ സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകരിലും ആയമാരിലും 10 വർഷത്തിൽ താഴെ സർവീസുള്ളവരുടെ അലവൻസ് 500 രൂപ വീതവും അതിനു മുകളിലുള്ളവരുടേത് 1000 രൂപ വീതവും കൂട്ടി.

∙ പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസ് 50 രൂപ വീതം കൂട്ടി.

∙ സ്കൂളുകളി‍ലെ ഐടി സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കാൻ കൈറ്റിന് 30 കോടി.

∙ സ്കൂൾ യുണിഫോമിന് 105 കോടിയും ഉച്ചഭക്ഷണ വിതരണത്തിന് 526 കോടിയും വകയിരുത്തി.

∙ കഴക്കൂട്ടം സൈനിക സ്കൂളിലെ റിട്ടയർമെന്റ് ആനുകൂല്യം സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രനിർദേശം പ്രതിഷേധാർഹമാണെങ്കിലും സ്കൂളിന്റെ പ്രാധാന്യം കണക്കിലെടുത്ത് അംഗീകരിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.

എല്ലാ വീട്ടിലും ലാപ്ടോപ്

ഇന്റർനെറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതിയായ കെ–ഫോൺ ജൂണിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപനം. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം മുതൽ പാലക്കാട് വരെ 600 ഓഫിസുകൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. വീടുകളിലേക്ക് ആദ്യ ഘട്ടത്തിൽ കണക്‌ഷനുണ്ടാവില്ല.

∙ സംസ്ഥാനത്തെ ഇന്റർനെറ്റ് ഹൈവേയിൽ എല്ലാ സേവനദാതാക്കൾക്കും തുല്യ അവസരം.

∙ കെ–ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള പണം കണ്ടെത്തും.

∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് എത്തിക്കും.

∙ ഇ–ഗവേണൻസിന് 125 കോടി രൂപ വകയിരുത്തി

∙ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും ഉറപ്പുവരുത്തും.

∙ പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്കു 18,000 രൂപയുടെ ലാപ്ടോപ് നൽകാനുള്ള ‘വിദ്യാശ്രീ’ പദ്ധതിയിൽ ചേർന്നവർക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ് ലഭിക്കും.

∙ പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ കുടുംബങ്ങൾ എന്നിവയിലെ കുട്ടികൾക്കു പകുതി വിലയ്ക്കു ലാപ്ടോപ്. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25% സബ്സിഡി. അതതു വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി ഈ ചെലവു വഹിക്കും. പലിശ സർക്കാർ വഹിക്കും.

∙ കെ–ഡിസ്ക് വികസിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി ലഭിക്കുന്നവർക്ക് ലാപ്ടോപ് വാങ്ങാൻ കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് എന്നിവയിലൂടെ വായ്പ നൽകും. 2 വർഷം കൊണ്ടു തിരിച്ചടച്ചാൽ മതി. അതിനിടെ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതി.

അവർക്കു മുന്നിൽ തടസ്സമരുത്

രാജ്യത്തെ ആദ്യത്തെ പൂർണ ‘തടസ്സരഹിത’ (ബാരിയർ ഫ്രീ) സംസ്ഥാനമായി കേരളത്തെ ഉയർത്തും. ഇതിനായി 9 കോടി രൂപ നീക്കിവച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന എല്ലാ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദമെന്ന് ഉറപ്പുവരുത്തും. സാമൂഹികനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ഭിന്നശേഷിക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇതിനു പുറമേ, തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമായി 290 കോടി രൂപയും ലഭിക്കും.

∙ 250 തദ്ദേശസ്ഥാപനങ്ങളിൽക്കൂടി ബഡ്സ് സ്കൂളുകൾ തുടങ്ങും. നിലവിൽ 342 തദ്ദേശസ്ഥാപനങ്ങളിലാണ് ഇത്തരം സ്കൂളുകളുള്ളത്.

∙ 290 സ്പെഷൽ സ്കൂളുകൾക്കുള്ള സഹായധനം 40 കോടി രൂപയിൽനിന്ന് 60 കോടിയാക്കി.

∙ 18 വയസ്സു കഴിഞ്ഞ ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 10 കോടി

∙ തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്സ് സെന്ററിന് ഒരു കോടി

∙ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൗൺസലർമാരെ നിയമിക്കും.

100 കോടിയുടെ തൊഴിൽ പദ്ധതി

മടങ്ങിയെത്തുന്ന പ്രവാസികൾക്കു തൊഴിൽ നൽകാൻ 100 കോടി രൂപയുടെ പദ്ധതി. വിദേശത്തുള്ളവരുടെ പ്രവാസി ക്ഷേമനിധി അംശദായം 350 രൂപയായും പെൻഷൻ 3500 രൂപയായും വർധിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയവരുടെ അംശദായം 200 രൂപയായും പെൻഷൻ 3000 രൂപയായും കൂട്ടി.

∙ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൂലൈയിൽ ഓൺലൈൻ പ്രവാസി സംഗമം. പ്രവാസി സമാശ്വാസ പദ്ധതികൾക്കായി 30 കോടി രൂപ.

∙ മടങ്ങിവരുന്ന പ്രവാസികൾക്കു ഡിജിറ്റൽ ജോലികൾ, സംരംഭകത്വ വികസനം, സേവനസംഘങ്ങൾ, വിപണന ശൃംഖല എന്നീ പദ്ധതികളിൽ മുൻഗണന. പുനരധിവാസ പദ്ധതി ആദ്യഘട്ടത്തിനു പിന്നാലെ ഈ വർഷാവസാനം മൂന്നാം ലോകകേരള സഭ വിളിച്ചുചേർക്കും.

∙ പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ. ‌പ്രവാസി ഡിവിഡന്റ് സ്കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്കു 10% പലിശ നൽകും. 

വേതന, പെൻഷൻ വർധന ആശ്വാസം

അങ്കണവാടി അധ്യാപകർക്കു പെൻഷൻ 2000 രൂപയായും ഹെൽപർമാർക്ക് 1500 രൂപയായും ഉയർത്തി. ഇരുവരുടെയും അലവൻസ് 10 വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപ വീതവും അതിനു മുകളിലുള്ളവർക്ക് 1000 രൂപ വീതവും കൂട്ടി. ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി 6000 ആക്കും. 

∙ പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിൽ സൗകര്യമൊരുക്കും.

∙ അങ്കണവാടികൾ കമ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി വികസിപ്പിക്കാൻ 10 കോടി.

കൂടുതൽ സമ്മാനം, കൂടുതൽ ക്ഷേമം

ലോട്ടറി സമ്മാന വിഹിതം വിറ്റുവരവിന്റെ 1.5% കൂട്ടി 58.5% ആക്കി. ഇതോടെ പ്രതിവാര ലോട്ടറികൾക്ക് 11,000 സമ്മാനം കൂടിയാകും. 100 രൂപയുടെ സമ്മാനങ്ങൾക്കുള്ള ഏജന്റ്സ് പ്രൈസ് 10 രൂപയിൽനിന്ന് 20 രൂപയാക്കും. മറ്റു സമ്മാനങ്ങൾക്കുള്ള ഏജന്റ്സ് പ്രൈസ് 12% ആയി കൂട്ടും. എല്ലാ സ്ലാബിലെയും ഡിസ്കൗണ്ട് അര ശതമാനം കൂട്ടി.

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപനക്കാർക്ക് ഭവനനിർമാണ സഹായത്തിനു ‘ലൈഫ് ബംപർ ഭാഗ്യക്കുറി’ തുടങ്ങും. മാർച്ചിലാകും നറുക്കെടുപ്പ്. ഏജന്റ് മരിച്ചാൽ നോമിനിക്കു ടിക്കറ്റുകൾ സംരക്ഷിച്ചു നൽകും. ബാങ്ക് ഗാരന്റിയിന്മേൽ ഏജന്റുമാർക്കു ബംപർ ടിക്കറ്റുകൾ നൽകും.

മരുന്നു വീട്ടിലെത്തിക്കും

ആരോഗ്യമേഖലയ്ക്ക് 2341 കോടി രൂപ നീക്കിവയ്ക്കും. മെഡിക്കൽ കോളജുകൾക്കു 420 കോടി രൂപയും ഡെന്റൽ കോളജുകൾക്ക് 20 കോടിയുമാണു വിഹിതം. കോവിഡ് പ്രതിരോധ കുത്തിവയ്പ് സൗജന്യമായിരിക്കുമെന്ന് മന്ത്രി ആവർത്തിച്ചു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ അനുവദിച്ചു. 

∙ കാരുണ്യ ബനവലന്റ് ഫണ്ട് തുടരും.

∙ വയോജനങ്ങൾക്കു മരുന്നുകൾ വീട്ടിലെത്തിച്ചു നൽകാൻ മെഡിക്കൽ സർവീസസ് കോർപറേഷന്റെ നേതൃത്വത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി. ഇങ്ങനെ എത്തിക്കുന്ന മരുന്നുകൾക്കു കാരുണ്യയിലെ ഇളവിനു പുറമേ, 1% അധിക ഇളവും നൽകും.

∙ റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ നൽകുന്നത് കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും.

∙ കോന്നി, ഇടുക്കി, വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിൽ കൂടുതൽ സ്പെഷ്യൽറ്റി സർവീസുകൾ. 

∙ തിരുവനന്തപുരം ആർസിസിക്ക് 71 കോടി രൂപ. ഇതിൽ 30 കോടി പ്രാരംഭ ഘട്ടത്തിൽ കാൻസർ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾക്ക്.

∙ മലബാർ കാൻസർ സെന്ററിന് 25 കോടി.

∙ പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജുകൾ തുടങ്ങും.

∙ 230 കോടി രൂപ ചെലവുള്ള ലൈഫ് സയൻസ് പാർക്കിന് 24 കോടി നീക്കിവച്ചു.

∙ കെഎസ്ഡിപിയുടെ, കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഈ സാമ്പത്തിക വർഷം പൂർത്തിയാക്കും.

∙ അവയവമാറ്റ ശസ്ത്രക്രിയാ രോഗികൾക്കുള്ളതും 250 രൂപ വരെ വിലയുള്ളതുമായ 6 ഇനം മരുന്നുകൾ അടുത്തമാസം 40 രൂപയ്ക്കു പുറത്തിറക്കും. 

∙ കൊച്ചിയിൽ ഫാർമ പാർക്ക് സ്ഥാപിക്കും.

∙ ഇ-ഹെൽത്തിനും ഇ-ഗവേണൻസിനും 25 കോടി.

∙ ആയുർവേദ മേഖലയ്ക്ക് 78 കോടി

∙ ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി

∙ 500 വാർഡുകളിൽ വയോജന ക്ലബ്ബുകൾ. വയോമിത്രം, സായംപ്രഭ പദ്ധതികൾക്കു 30 കോടി.

പട്ടികവിഭാഗ ക്ഷേമം: 2500 പേർക്കു കൂടി തൊഴിൽ

∙ പട്ടികവിഭാഗ യുവജ‍നങ്ങൾക്കു നൈപുണി ‍പോ‍ഷണത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2021-’22 ൽ 2500 പേർക്കു തൊഴിൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പദ്ധതി പ്രകാരം ഇതുവരെ 1997 പേർക്കു തൊഴിൽ നൽകി. ഇവരിൽ 201 പേർക്കു വിദേശ രാജ്യങ്ങളിൽ ജോലി ലഭിച്ചു.

കായികമേഖലയ്ക്കു കാര്യമായി ഒന്നുമില്ല

ബജറ്റിൽ കായികമേഖലയ്ക്കു ശ്രദ്ധേയമായ പുതിയ പദ്ധതികളോ വകയിരുത്തലോ ഇല്ല. പതിവു പ്രഖ്യാപനങ്ങൾ ആവർത്തിച്ചു. 

‌∙ സ്പോർട്സ് കൗൺസിലിന് 33 കോടി. 

∙ ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കാൻ 30 കോടി. 25 ലക്ഷം രൂപയാണ് ഒരു സ്റ്റേഡിയത്തിനു പരമാവധി അനുവദിക്കുക. പകുതി തുക തദ്ദേശസ്ഥാപനങ്ങളോ എംഎൽഎ ഫണ്ടിൽനിന്നോ സ്പോൺസർഷിപ് വഴിയോ കണ്ടെത്തണം.

 

∙ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പാർക്ക് പോലുള്ള പൊതു ഇടങ്ങളുടെ വികസനം- 20 കോടി രൂപ. പരാമവധി 5 ലക്ഷം രൂപയാണ് അനുവദിക്കുക. പകുതി പണം പ്രാദേശികമായി കണ്ടെത്തണം. 

∙ പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകാൻ പട്ടികജാതി ഉപ‍പദ്ധതിക്ക് 387 കോടി രൂപയും പട്ടികവർഗ ഉപ‍പദ്ധതിക്കു 121 കോടിയും വകയിരുത്തി. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കു കിഫ്ബി വഴി 93 കോടിയും പദ്ധതിയിൽ നിന്ന് 50 കോടിയും അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com