ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് മിഷൻ 2021-22 ൽ 1.5 ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ്. ഭൂര‍ഹിത, ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങൾ‍ക്കാണ് ഈ ഘട്ടത്തിൽ മുൻഗണന. 20,000 പേർക്ക് ഇതിനകം ഭൂമി ലഭ്യമാക്കി.

പട്ടികജാതിക്കാർക്കു ഭൂമി വാങ്ങി നൽകാൻ 185 കോടി രൂപ വകയിരുത്തി. ഭൂരഹിതർക്കായി 26 ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. 21 എണ്ണത്തിന് ഈ വർഷം തുടക്കം കുറിക്കും. ആകെ 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കഴിഞ്ഞ് ബാക്കി കെയുആർഡിഎഫ്സി വഴി വായ്പയെടുക്കും. ലൈഫിനു വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20% ആക്കി. അധിക തിരിച്ചടവ് സർക്കാർ വഹിക്കും.

ഭവന ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു പദ്ധതികൾക്ക് 23 കോടിയും ബജറ്റിൽ വകയിരുത്തി.

സിൽവർ ലൈൻ:ഭൂമി ഏറ്റെടുക്കും

തിരുവനന്തപുരം ∙ 60,000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി 2021-22 ൽ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. .

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണു പദ്ധതി നടപ്പാക്കുന്നത്.

കൊച്ചി മെട്രോയുടെ പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള 2 കിലോമീറ്റർ നിർമാണം 2021–22 ൽ പൂർത്തിയാകും. ഒപ്പം മെട്രോ രണ്ടാം ഘട്ടമായി 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെയുള്ള 11 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണവും നടക്കും. ശബരിപാതയ്ക്ക് 2000 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കും

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പുതുക്കിയ ഡിപിആർ തയാറാക്കുകയാണ്. ശബരിമല വിമാനത്താവളത്തിന്റെയും ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ എയർ സ്ട്രിപ്പുകളുടെയും ഡിപിആർ തയാറാക്കുകയാണ്. ഇതിന് 9 കോടി രൂപ വകയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com