ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് എന്ന ആപത്തിനെ അവസരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പരിശ്രമമാണു ബജറ്റിൽ ഉള്ളതെന്നു മന്ത്രി തോമസ് ഐസക്. വർക്ക് നിയർ ഹോം, വർക് ഫ്രം ഹോം സാധ്യതകൾ ബജറ്റിൽ പരമാവധി ഉപയോഗിക്കുന്നതു വിശദീകരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ, ക്ഷേമം, ദാരിദ്ര്യനിർമാർജനം, വിജ്ഞാനത്തിന്റെ സമർഥമായ ഉപയോഗം എന്നിവയ്ക്കാണു ബജറ്റിൽ ഊന്നൽ. ചെലവുചുരുക്കൽ ആവശ്യമായ മേഖലകളിലെല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യായ് : വിശ്വാസ്യത പ്രശ്നം

100 രൂപ പെൻഷൻ നൽകിയിരുന്ന കാലത്ത് അതുപോലും കുടിശിക വരുത്തിയ യുഡിഎഫാണ് 6000 രൂപ വീടുകളിൽ എത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നു മന്ത്രി തോമസ് ഐസക്. യുഡിഎഫിന്റെ കരടു പ്രകടനപത്രികയിലെ ‘ന്യായ്’ പദ്ധതിയുടെ കാര്യത്തിൽ വിശ്വാസ്യത ഒരു പ്രശ്നമാണ്. എത്ര പേർക്കു പണം നൽകുമെന്നും വ്യക്തമാക്കുന്നില്ല. 

കേന്ദ്രത്തിനെതിരെ കടുപ്പിച്ചില്ല

ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ കടുപ്പിച്ചു പറയാൻ മന്ത്രി തോമസ് ഐസക് മുതിർന്നില്ല; ചില വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.

കിഫ്ബിക്ക് എതിരെയുള്ള സിഎജി റിപ്പോർട്ടിലെ തന്റെ വിയോജിപ്പ് മന്ത്രി ബജറ്റിലും അവതരിപ്പിച്ചു: ‘കിഫ്ബിക്കെതിരെ സംഘടിത നീക്കങ്ങൾ നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തുകയാണ്. 1999 മുതൽ നിലവിലുണ്ടായിരുന്ന, സഭ 2 പ്രാവശ്യം ചർച്ച ചെയ്തു പാസാക്കിയ നിയമത്തെയാണു ഭരണഘടനാവിരുദ്ധമെന്നു ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരടു റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സർക്കാരിനു വിശദീകരണത്തിനുള്ള അവസരം നിഷേധിച്ചത് ഓഡിറ്റ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതൽ നിലനിന്ന ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്നു നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.’

റെക്കോർഡിട്ട് ഐസക്; 3 മണിക്കൂർ 18 മിനിറ്റ്

ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യത്തിൽ മന്ത്രി തോമസ് ഐസക്കിനു റെക്കോർഡ്- 3 മണിക്കൂർ 18 മിനിറ്റ്. പല പേജുകളും വായിക്കാതെ വിട്ടതിനാലാണ് ഈ സമയത്തെങ്കിലും തീർന്നത്. ഇതു റെക്കോർഡ് ആണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു. വെള്ളിയാഴ്ചയായതിനാൽ സഭ 12.30നു പിരിയണമെന്നു സ്പീക്കർ പലതവണ ഓർമിപ്പിച്ചു.

2013ൽ കെ.എം.മാണി അവതരിപ്പിച്ച 2 മണിക്കൂർ 58 മിനിറ്റിന്റെ ബജറ്റ് പ്രസംഗമാണ് ഇതിനു മുൻപുള്ള ദൈർഘ്യമേറിയ പ്രസംഗമെന്നാണു സ്പീക്കർ സഭയെ അറിയിച്ചത്. എന്നാൽ, 2016ൽ ഉമ്മൻ ചാണ്ടി നടത്തിയ 2 മണിക്കൂർ 54 മിനിറ്റിന്റെ ബജറ്റ് പ്രസംഗമാണ് ഏറ്റവും ദൈർഘ്യമേറിയതെന്നാണ് രേഖ. മാണിയുടെ പ്രസംഗത്തിന് രേഖകൾ പ്രകാരം 2 മണിക്കൂർ 50 മിനിറ്റാണ് ദൈർഘ്യം. ബജറ്റ് പ്രസംഗത്തിനു ശേഷമുള്ള അനുബന്ധ കാര്യങ്ങളുടെ സമയവും മറ്റും ചേർത്താണു സഭാ രേഖകളിൽ മൊത്തം സമയം രേഖപ്പെടുത്തുന്നത്.

കെഎഫ്സി കമ്പനിയാകും

തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷനെ (കെഎഫ്സി) സംസ്ഥാന സർക്കാരിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി പുനഃസംഘടിപ്പിക്കുമെന്ന് ബജറ്റിൽ വാഗ്ദാനം. റിസർവ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റും.  

കെഎസ്എഫ്ഇയിൽ പുതിയ മാർക്കറ്റിങ് വിഭാഗം ആരംഭിക്കും. മടങ്ങിയെത്തിയ പ്രവാസികൾക്ക് പരിഗണന നൽകി 3000 ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കും. 

പവർ ഫിനാൻസ് കോർപറേഷൻ, കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, ടൂറിസം ഫിനാൻസ് കോർപറേഷൻ, കെയുആർഡിഎഫ്സി, വനിതാ വികസന കോർപറേഷൻ പോലുള്ള മറ്റു കോർപറേഷനുകളും സമഗ്രമായി പുനഃസംഘടിപ്പിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ കൗൺസിൽ രൂപീകരിക്കുമെന്നും ധനമന്ത്രി  വ്യക്തമാക്കി. 

താറാവുകൃഷിക്ക് ഇൻഷുറൻസ്

താറാവുകൃഷിക്കു പകർച്ചവ്യാധി ഇൻഷുറൻസ് ഏർപ്പെടുത്തും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കുട്ടനാട്ടിലെ താറാവു ഹാ‍ച്ചറിക്ക് 7 കോടി രൂപ വകയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com