ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തിന്റെ അന്വേഷണം തെറ്റായ രീതിയിൽ നടത്തി സർക്കാരിനെ ശ്വാസം മുട്ടിക്കാമെന്നു കരുതിയാൽ നടക്കില്ലെന്നും ഇതു കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും അമിത് ഷായുമായുളള ചിലരുടെ കൂട്ടുകെട്ട് അന്വേഷണത്തെ വഴിതിരിച്ചു വിട്ടേക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസിൽ ചീഫ് വിജിലൻസ് ഓഫിസറുടെ കയ്യിലിരിക്കേണ്ട ഫയൽ ചോർത്തിയതിനുള്ള ഉപകാരസ്മരണയാണു മുഖ്യമന്ത്രി എം. ശിവശങ്കറിനോടു കാട്ടിയതെന്ന് പി.ടി. തോമസ്.

നിയമസഭയിൽ പി.ടി. തോമസും പ്രതിപക്ഷ നേതാവും ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും:

പ്രതിപക്ഷം ∙ സ്വർണക്കടത്തു കേസ് കസ്റ്റംസ് മാത്രമേ അന്വേഷിക്കൂവെന്ന ധാരണയിലാണ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതിയത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ പട തന്നെ എത്തിയതോടെ മുഖ്യമന്ത്രി ഞെട്ടി. ദയവുചെയ്ത് ഉപദ്രവിക്കരുതെന്നു പറഞ്ഞു മുഖ്യമന്ത്രി വീണ്ടും കത്തെഴുതി. ഈ കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. രക്ഷപ്പെടാനാകില്ല.

മുഖ്യമന്ത്രി ∙ പൂരപ്പാട്ടിന്റെ സ്ഥലമാണോ ഇത്. ആർക്കും എന്തും പറയാമെന്നാണോ. പി.ടി. തോമസ്...നിങ്ങൾക്കു പിണറായി വിജയനെ മനസ്സിലായിട്ടില്ല. ഏതെങ്കിലും തരത്തിൽ മുഖ്യമന്ത്രിയെ സ്വർണക്കടത്തിന്റെ ഭാഗമാക്കാമെന്നാണു പ്രതിപക്ഷത്തിന്റെ മോഹം. അതു പൂവണിയില്ല. കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ എനിക്കെതിരെയും ചുമത്തണമെന്നത് അതിമോഹമാണ്. സ്വർണക്കടത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണു കേന്ദ്രത്തിനു കത്തയച്ചത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞ് അന്വേഷണം രാഷ്ട്രീയമായി തിരിഞ്ഞപ്പോൾ അതും അറിയിച്ചു.

പ്രതിപക്ഷം ∙ ശിവശങ്കറും സ്വപ്‌നയും 14 തവണ വിദേശത്തു പോയി. പച്ചക്കറി വാങ്ങാൻ പോയതാണോ എന്നെങ്കിലും അന്വേഷിച്ചോ? മുഖ്യമന്ത്രി ദുബായിൽ എത്തുന്നതിനു 4 ദിവസം മുൻപേ സ്വപ്നയും ശിവശങ്കറും അവിടെ പറന്നിറങ്ങി. നിങ്ങളുടെ അനുമതിയില്ലാതെ അവർ ചെന്നാൽ ആരെങ്കിലും കാശു കൊടുക്കുമോ? ഇതിനൊക്കെ കൂട്ടുനിന്ന നിങ്ങൾ കമ്യൂണിസ്റ്റ് ആണോ? സ്വന്തം ഓഫിസിനെ നിയന്ത്രിക്കാൻ സാധിക്കാത്തയാൾ എങ്ങനെ കേരളത്തെ നിയന്ത്രിക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തു താവളമായി. മുഖ്യമന്ത്രിക്ക് ഇത്തരം കാര്യങ്ങളിൽ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടാറില്ലേ? അന്വേഷണ ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്ഥാനം ചവറ്റുകുട്ടയിലാകും. ആദ്യം ജയിലിൽ കിടന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നു ചരിത്രം രേഖപ്പെടുത്തും. ലാവ്‌ലിൻ കേസ് അവസാനിച്ചിട്ടില്ല. സുപ്രീം കോടതിയിലുള്ള കേസ് 20 തവണ മാറ്റിവച്ചതു നിങ്ങളും ബിജെപിയുമായുള്ള ധാരണയുടെ ഫലമാണ്.

മുഖ്യമന്ത്രി ∙ കമ്യൂണിസ്റ്റുകാരനെ ജയിൽ കാട്ടി പേടിപ്പിക്കേണ്ട. നിങ്ങളുടെ വലിയ നേതാവിന്റെ കാലത്ത് എനിക്കു നടുവേദനയുണ്ടാക്കാൻ പലതും ചെയ്തു. അന്നും ഇന്നും നട്ടെല്ല് ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. പലരെയും വലയിലാക്കാൻ നിങ്ങൾ ശ്രമിച്ചു. പരൽമീൻ പോലും കുടുങ്ങിയില്ല. ഇതൊരു പ്രത്യേക ജനുസ്സാണ്. അതു നിങ്ങൾക്കു മനസ്സിലാകില്ല. ശിവശങ്കർ നടത്തിയ വിദേശയാത്രകളുടെ ഉത്തരവാദിത്തം ഞാനെന്തിന് ഏറ്റെടുക്കണം. യാത്രകളെപ്പറ്റി ശിവശങ്കർ വിശദീകരിച്ചിട്ടുണ്ട്. എന്റെ കൈകൾ ശുദ്ധമാണ്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണു ശിവശങ്കറിന് ഐഎഎസ് ലഭിച്ചത്. ചുമതലകൾ വഹിക്കാൻ പ്രാപ്തനായതിനാലാണു മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി ഏൽപിച്ചത്. എന്നാൽ നടക്കാൻ പാടില്ലാത്തതു നടന്നപ്പോൾ നടപടിയെടുത്തു. ലാവ്‌ലിൻ കേസിൽ എന്നെ പ്രതിയാക്കാൻ കുറെക്കാലം നടന്നില്ലേ. അതിനു ചില പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെക്കുറിച്ചു പറയുന്നില്ല.

പ്രതിപക്ഷം ∙ കോവിഡ് ലോക്ഡൗൺ കാലത്തു പാസ് എടുത്തു സ്വപ്‌ന എങ്ങനെ ബെംഗളൂരുവിൽ എത്തി. അതിനു വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ? നടപടി എടുത്തോ? ഈ യാത്രയ്ക്കിടെ മന്ത്രിസഭയെ പിന്തുണച്ചു സ്വപ്ന, ശബ്ദസന്ദേശം നൽകി. കള്ളക്കടത്തുകാരിക്ക് ഈ മന്ത്രിസഭയുടെ കാര്യത്തിൽ ഇത്ര ആശങ്ക എന്താണ്? നിങ്ങൾക്കെതിരെ മൊഴി കൊടുത്തപ്പോൾ പൊലീസ് അസോസിയേഷൻ നേതാവിനെ ജയിലിൽ വിട്ടു സ്വപ്നയെ ഭീഷണിപ്പെടുത്തിയില്ലേ?

മുഖ്യമന്ത്രി ∙ ഈ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയല്ലേ. സ്വപ്ന എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്ന് അവർ കണ്ടെത്തട്ടെ.

പ്രതിപക്ഷം ∙ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണത്തിന്റെ ട്രാക്ക് തെറ്റിയത്. തന്നിലേക്ക് അന്വേഷണം എത്തുമെന്ന ഭയത്തെ തുടർന്നാണ് മുഖ്യമന്ത്രി എതിർപ്പു തുടങ്ങിയത്.

മുഖ്യമന്ത്രി ∙ രവീന്ദ്രനെതിരെ എന്തെങ്കിലും കുറ്റം കണ്ടെത്തിയോ? ചില കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണു ചെയ്തത്.

പ്രതിപക്ഷം ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ട്. വി.എസ്. അച്യുതാനന്ദനെ ഇല്ലായ്മ ചെയ്ത ഗ്രൂപ്പിന്റെ നേതാവായ പിണറായി ആണ് കോൺഗ്രസിലെ ഗ്രൂപ്പിസത്തെ പരിഹസിക്കുന്നത്.

മുഖ്യമന്ത്രി ∙ ഈ ആരോപണം വൃഥാ വ്യായാമമാണ്. എൻഐഎ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് എന്തെങ്കിലും ചെയ്തതായി പറഞ്ഞിട്ടുണ്ടോ. 21 തവണ നയതന്ത്ര ബാഗേജ് വഴി സ്വർണം വന്നു. അതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വീഴ്ചയാണോ. പരിശോധിച്ചു കണ്ടെത്തേണ്ടതു കസ്റ്റംസല്ലേ. ബിജെപിക്കാർ പറയുന്നത് ആവർത്തിക്കുന്ന മെഗാഫോണായി യുഡിഎഫ് മാറരുത്.

കുടുംബാംഗങ്ങളെ ചോദ്യം ചെയ്തോയെന്ന് പി.ടി.തോമസ്; ആ മോഹം നടന്നില്ലെന്ന് മുഖ്യമന്ത്രി

പി.ടി. തോമസ് ∙ സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തോ? മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനു തലേന്നു ക്ലിഫ് ഹൗസിൽ സ്വപ്ന സുരേഷ് എത്തിയിരുന്നോ?

മുഖ്യമന്ത്രി ∙ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നു പലർക്കും മോഹമുണ്ടായിരുന്നു. അതിനായി കുറെ കാര്യങ്ങളും ചെയ്തു. ആരെയും ചോദ്യം ചെയ്തിട്ടില്ല. നിരാശപ്പെടേണ്ട. ഇനിയും നിങ്ങൾക്കു ശ്രമിക്കാം. മകളുടെ വിവാഹം നടന്നതു ക്ലിഫ് ഹൗസിലെ ഏറ്റവും വലിയ മുറിയിൽ വച്ചാണ്. വിവാഹ സ്ഥലത്തു നിന്നുള്ള ഫോട്ടോയിൽ ഇ.പി. ജയരാജന്റെ ഭാര്യയുടെ തല വെട്ടിമാറ്റി സ്വപ്നയുടെ തലവച്ചു. ഉളുപ്പ് തോന്നേണ്ടതാണ്. എന്നിട്ടു ചോദ്യവുമായി വരുന്നു. വിവാഹത്തലേന്ന് അവർ വന്നിട്ടില്ല.

പി.ടി. തോമസ് ∙ താൻ ടിഷ്യു പേപ്പർ കാണിച്ചാലും അതിൽ ഒപ്പിടുന്ന മരമണ്ടനാണു മുഖ്യമന്ത്രിയെന്നാണു ശിവശങ്കർ പറഞ്ഞത്. ഗൾഫിൽ പോയി പിരിച്ചെടുത്ത നൂറു കണക്കിനു കോടി രൂപ എവിടെ? ലൈഫ് മിഷൻ കേസിൽ യു.വി.ജോസ് പ്രതിയാണ്. എങ്കിൽ അതിന്റെ ചെയർമാനായ മുഖ്യമന്ത്രിയും ജയിലിൽ പോകും.

മുഖ്യമന്ത്രി ∙ എന്റെ ഒപ്പം പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. കേസിൽ യു.വി. ജോസ് പ്രതിയല്ല. ലൈഫിന്റെ ചെയർമാനായ ഞാനും ജയിലിൽ പോകുമെന്നാണു പറഞ്ഞത്. അതൊരു പൂതി മാത്രമാണ്. കമ്യൂണിസ്റ്റാണോയെന്ന് നിങ്ങൾ ചോദിച്ചു. കമ്യൂണിസ്റ്റ് ആയതുകൊണ്ടാണ് ഇതു പറയുന്നത്.

English Smuggling: War of words in Kerala assembly over gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com