ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആദ്യദിനം കോവിഡ് വാക്‌സീൻ കുത്തിവയ്പ് എടുത്തത് 8062 ആരോഗ്യപ്രവർത്തകർ. 133 കേന്ദ്രങ്ങളിലായി 11,138 പേർക്കു കുത്തിവയ്പ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് നീണ്ടതിനാൽ തുടക്കം വൈകി. ചടങ്ങു കഴിഞ്ഞു 11.15 മുതൽ വൈകിട്ട് 5 വരെയായിരുന്നു കുത്തിവയ്പ്. പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 

രാജ്യമാകെ 3 ലക്ഷം പേർക്ക് ഇന്നലെ കുത്തിവയ്പ് നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യദിവസത്തെ ചില ആശയക്കുഴപ്പങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, ഉദ്ഘാടനച്ചടങ്ങ് നീണ്ടുപോകൽ, കുത്തിവയ്പ് എടുക്കേണ്ടവർക്ക് യഥാസമയം വിവരം ലഭിക്കാതെ പോകൽ തുടങ്ങിയ കാരണങ്ങളാൽ പലയിടത്തും ലക്ഷ്യമിട്ട മുഴുവൻ പേർക്കും കുത്തിവയ്പു നൽകാനായില്ല. വരുംദിവസങ്ങളിൽ നടപടിക്രമങ്ങളെല്ലാം സുഗമമാകും. 

ഏറ്റവും കൂടുതൽ കുത്തിവയ്പ് എടുത്തതു പാലക്കാട് ജില്ലയിൽ; 857 പേർ. മറ്റു ജില്ലകളിലെ കണക്ക്: ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർകോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332. 

കുത്തിവയ്പ് എടുത്ത പ്രമുഖർ

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എ. റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.നാസർ, കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റ് ഡോ. ടി.കെ. ജയകുമാർ.

മംഗളവാക്യം ചൊല്ലി തുടക്കം

കോവിഡ് കുത്തിവയ്പ് യജ്ഞത്തിനു തുടക്കം കുറിച്ചത് മംഗളവാക്യത്തോടെ. വാക്സീൻ വിതരണത്തിനു മുന്നോടിയായി വിഡിയോ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ട് അമർത്തി; സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയാഃ (എല്ലാവരും സന്തുഷ്ടരാകട്ടെ; രോഗമില്ലാത്തവരാകട്ടെ) എന്ന മന്ത്രത്തോടെ വാക്സീൻ വിതരണത്തിനു രാജ്യത്തു തുടക്കമായി.

English Summary: Covid vaccine injection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com