ADVERTISEMENT

തിരുവനന്തപുരം ∙ ഓടിക്കൊണ്ടിരിക്കെ മലബാർ എക്സ്പ്രസ് ട്രെയിനിന്റെ എൻജിനു തൊട്ടുപിന്നിലെ പാഴ്സൽ ബോഗിയിൽ തീപടർന്നു; യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.

മംഗളൂരുവിൽനിന്ന് ട്രെയിൻ ഇന്നലെ രാവിലെ 7.30ന് വർക്കലയ്ക്കു സമീപം ഇടവ സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോഴാണു സംഭവം. ബോഗിയിലെ ബൈക്കിൽ നിന്നാണു തീപടർന്നതെന്നാണു സൂചന. 2 ബൈക്കുകളും മറ്റു പാഴ്സൽ സാധനങ്ങളും കത്തിനശിച്ചു. ബൈക്കിൽ പെട്രോളിന്റെ അംശമുണ്ടായിരുന്നെന്നു കണ്ടെത്തി.

സംഭവത്തിൽ പാലക്കാട് ഡിവിഷനിലെ പാഴ്സൽ കൊമേഴ്സ്യൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. തീപടർന്ന സംഭവമായതിനാൽ സോണൽ തലത്തിൽ ഉന്നത അന്വേഷണം നടക്കും.

ട്രെയിൻ പരവൂർ സ്റ്റോപ്പ് കഴിഞ്ഞ് ഇടവ അതിർത്തിയിൽ കാപ്പിൽ പാലം കഴിഞ്ഞപ്പോൾ, പാഴ്സൽ വാനിനോടു ചേർന്നുള്ള കംപാർട്ടമെന്റുകളിലെ യാത്രക്കാർക്ക് എന്തോ കത്തിയതിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു.

മുന്നിലെ ബോഗിയിൽനിന്നു പുക ഉയരുന്നതു കണ്ടതോടെ യാത്രക്കാർ ബഹളം കൂട്ടി അപായച്ചങ്ങല വലിച്ചു; ഇടവ സ്റ്റേഷനു തൊട്ടുമുൻപ് ലവൽക്രോസിനു സമീപം ട്രെയിൻ നിർത്തി. തീപടർന്ന ബോഗിയെ ഗാർഡ് കെ.എസ്.സുനിൽകുമാർ മറ്റു ബോഗികളിൽ നിന്നു വേർപെടുത്തി.

ഓടിയെത്തിയ നാട്ടുകാരും റെയിൽവേ ജീവനക്കാരും തീ കെടുത്താൻ ശ്രമം തുടങ്ങി. വർക്കല, പരവൂർ സ്റ്റേഷനുകളിലെ അഗ്നിരക്ഷാസേന യൂണിറ്റുകൾ കുതിച്ചെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രിച്ചു. കൊല്ലം-തിരുവനന്തപുരം പാതയിൽ ആ സമയത്തു കടന്നുപോകേണ്ട ട്രെയിനുകളെല്ലാം ഒന്നരമണിക്കൂറോളം വൈകി.

ട്രെയിനിൽ പുക ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടവയിലെ ഗേറ്റ് കീപ്പർ വർക്കല സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നു. അവിടെ നിന്നു തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലും വിവരം ലഭിച്ചു. തുടർന്ന് ട്രാക്കിലെ വൈദ്യുതിവിതരണം ഓഫ് ചെയ്തു. നാട്ടുകാരിൽ ചിലരും റെയിൽവേ അധികൃതരെ വിവരം അറിയിച്ചിരുന്നു.

പാഴ്സൽ വാഹനത്തിൽ ഇന്ധനം പാടില്ല

ട്രെയിനിൽ വാഹനങ്ങൾ പാഴ്സലായി അയയ്ക്കുമ്പോൾ അതിൽ ഒട്ടും ഇന്ധനം പാടില്ലെന്നാണു നിയമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com