ADVERTISEMENT

കണ്ണൂർ ∙ എട്ടു തവണ വിജയിച്ച ഇരിക്കൂർ മണ്ഡലം പുതുതലമുറയ്ക്കു കൈമാറാനൊരുങ്ങി കെ.സി.ജോസഫ് എംഎൽഎ. നിലവിലുള്ള സഭാംഗങ്ങളിൽ ഉമ്മൻചാണ്ടിക്കു ശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽനിന്നു ജയിച്ചയാളാണ് കെസി – 38 വർഷം. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭാവിചുമതല പാർട്ടി തീരുമാനിക്കുമെന്നും കെ.സി.ജോസഫ് ‘മനോരമ’യോടു പറഞ്ഞു.

19 57ൽ രൂപീകരിച്ച ഇരിക്കൂർ മണ്ഡലത്തിൽ 1970ൽ വിജയിച്ച സിപിഎമ്മിന്റെ എ.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ എംഎൽഎയായി. 1977ൽ കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരും 1980ൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎൽഎമാരായി. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് (യു) പ്രതിനിധിയായിരുന്നു അന്നു കടന്നപ്പള്ളി.

ആന്റണി വിഭാഗത്തിന്റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണു 1982ൽ കെ.സി.ജോസഫ് സ്ഥാനാർഥിയായി ഇരിക്കൂറിൽ എത്തുന്നത്. കോട്ടയത്തു നിന്നെത്തിയ കെസിക്ക് ആദ്യ മത്സരത്തിൽ ഭൂരിപക്ഷം 9224 വോട്ട്. ഇടതു തരംഗമുണ്ടായ 2006ൽ മാത്രമാണു ഭൂരിപക്ഷം രണ്ടായിരത്തിനു താഴെപ്പോയത് (1831വോട്ട്). മറ്റെല്ലാ തിരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനേഴായിരത്തിനും ഇടയിൽ. 2011–2016 കാലത്ത് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയുമായി.

ഇത്തവണ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മറ്റൊരു ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com