ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ഡോളർ കടത്തുകേസിലും പ്രതിയാക്കാൻ കസ്റ്റംസ് നടപടിയാരംഭിച്ചു. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരാണു ഡോളർ കടത്തു കേസിൽ നിലവിലുള്ള പ്രതികൾ.

സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ അടിസ്ഥാനമാക്കി കസ്റ്റംസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണു ശിവശങ്കറിനെയും പ്രതി ചേർക്കാൻ തീരുമാനിച്ചത്. ദുബായിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ഡോ.കിരണിനെ കഴിഞ്ഞ ദിവസം ദുബായിൽനിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഇൗ പണം ദുബായിൽ ഏറ്റുവാങ്ങിയതു കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. നേരത്തേ ഐടി മിഷനിൽ ജോലിചെയ്തിരുന്ന കിരണിനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ ഉന്നതർക്കു പരിചയപ്പെടുത്തിയത് എം.ശിവശങ്കർ ആണെന്ന മൊഴിയും ചോദ്യം ചെയ്യലിൽ ലഭിച്ചിരുന്നു.

അതേ സമയം, ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദുബായിൽ ഡോ.കിരണും ലഫീർ മുഹമ്മദും നടത്തുന്ന പ്രവർത്തനങ്ങളും അവരുടെ വിദേശയാത്രാവിവരങ്ങളും ഇഡിയും ശേഖരിച്ചിട്ടുണ്ട്.

ഖാലിദിന് ‘നയതന്ത്ര കാർഡ്’: പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ അന്വേഷണം

നയതന്ത്രപദവിയുള്ളവർക്കു സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം നൽകുന്ന ഐഡി കാർഡ് ഈ പദവി ഇല്ലായിരുന്നിട്ടും യുഎഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രിക്കു ലഭിച്ചത് എങ്ങനെയെന്നു കസ്റ്റംസിന്റെ അന്വേഷണം. കസ്റ്റംസ് റിപ്പോർട്ട് കൈമാറുന്നതനുസരിച്ചു വിദേശകാര്യ വകുപ്പും അന്വേഷണം നടത്തും.

വിമാനത്താവളത്തിൽ പരിശോധനയില്ലാതെ കടന്നുപോകാൻ ഖാലിദിന് ഇൗ കാർ‍‌ഡ് തുണയായി എന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ ഖാലിദിന് ‘ഒഫിഷ്യൽ ’ എന്നുള്ള ഐഡി കാർഡ് മാത്രമേ നൽകിയിരുന്നുള്ളൂവെന്നാണു സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പ്രതികരിച്ചത്. വിദേശകാര്യവകുപ്പിന്റെ നിയമപ്രകാരമുള്ള കാർഡാണ് ഇതെന്നാണു വിശദീകരണം.

ഏതൊക്കെ പദവിയിൽ ഇരിക്കുന്നവർക്കു ‘നയതന്ത്ര’ ഐഡി കാർഡ് നൽകണമെന്നു യുഎഇ കോൺസുലേറ്റാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുക. എങ്ങനെ, ആരുടെ ശുപാർശയിലാണു ഖാലിദിനു പ്രോട്ടോക്കോൾ വിഭാഗം ഇൗ കാർഡ് നൽകിയതെന്നാണ് അന്വേഷിക്കുന്നത്. സ്വപ്നയുടെ സ്വാധീനം കാർഡ് ലഭിക്കുന്നതിനു കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com