ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാൻ പി.ജെ. ജോസഫ് തയാറെടുക്കുന്നു. പാർട്ടി രൂപീകരണത്തിനു മുന്നോടിയായി കോട്ടയത്തെ പഴയ പാർട്ടി ഓഫിസ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.

പാർട്ടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ‘ചെണ്ട’ തന്നെയാകും ഇനി ചിഹ്നം എന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അംഗീകാരം സംബന്ധിച്ച കേസ് ഹൈക്കോടതിയിലും ജോസ് കെ.മാണിയെ ചെയർമാനായി തിര‍ഞ്ഞെടുത്ത കേസ് ഇടുക്കി മുൻസിഫ് കോടതിയിലും നടന്നു വരികയാണ്.

കോടതി വിധി പ്രതികൂലമായാൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വന്തം പാർട്ടിയും ചിഹ്നവും വേണമെന്നാണ് പാർട്ടിയിലെ ആലോചന.

കോട്ടയം സ്റ്റാർ ജംക‍്ഷനിലാണ് പാർട്ടിയുടെ ഓഫിസ് ഉണ്ടായിരുന്നത്. 2010 ൽ മാണി വിഭാഗവുമായി ലയിച്ചതോടെ ആ ഓഫിസ് ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡീസ് സെന്ററിന്റെ മേഖലാ ഓഫിസാക്കി. പുതിയ പാർട്ടി രൂപീകരിച്ചാൽ ഈ കെട്ടിടം പാർട്ടി ഓഫിസാക്കി മാറ്റും.കേരള കോൺഗ്രസ് (എം) ജോസഫ്, മാണി വിഭാഗങ്ങൾ വഴിപിരിഞ്ഞതിനു ശേഷം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ജോസഫ് വിഭാഗം യോഗങ്ങൾ ചേർന്നിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായാണ് ജോസഫ് വിഭാഗം പത്രിക നൽകിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് ഈ സ്ഥാനാർഥികളെ ഒരു ബ്ലോക്കായി പരിഗണിച്ചത്.

പാർട്ടി പദവികൾ സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. പി.ജെ. ജോസഫ് തന്നെയാകും ചെയർമാൻ. മോൻസ് ജോസഫ് എംഎൽഎ, കെ. ഫ്രാൻസിസ് ജോർജ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ജോസഫ് എം.പുതുശേരി, ജോണി നെല്ലൂർ എന്നിവർ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.

എന്നാൽ, പുതിയ േപരിൽ പാർട്ടി റജിസ്റ്റർ ചെയ്യുമെന്ന വാർത്ത തെറ്റാണെന്നു പി.ജെ. ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com